പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്കും... പ്രളയ കാലത്ത് ഇരുവരും ചെയ്ത സേവന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്കും പ്രളയ കാലത്ത് ചെയ്ത സേവന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2021 ഒക്‌ടോബറിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന കൂട്ടിക്കലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ജെയ്ക്കും, ചാണ്ടിയും നേതൃത്വം നല്‍കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഇതിനൊപ്പം, ഇരുവരുടെയും നേതൃപാടവും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടപെടാനുള്ള കഴിവും ചൂണ്ടിക്കാട്ടിയുള്ള കുറിപ്പുകളുമുണ്ട്. ഇരുവരും അന്ന് കൂട്ടിക്കലില്‍ എത്തിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതുമൊക്കെ നേരില്‍ക്കണ്ട പലരും ഇത്തരം പോസ്റ്റുകള്‍ക്കു കമന്റുമായി എത്തുന്നുണ്ട്. ഇതൊക്കെ വെറും ഷോ മാത്രമാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്നവയാണെന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്. ഫോട്ടോഷോപ്പാണെന്ന് വരെ പ്രചരിപ്പിക്കുന്നവരുമേറെ. ഇരുവരുടെയും വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകളും നിറയുകയാണ്.
അതേസമയം തിരഞ്ഞെടുപ്പ് ഗോദയില്‍ മറ്റ് അഭ്യൂഹങ്ങള്‍ക്കും പഞ്ഞമില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മണ്ഡലത്തില്‍ പലസ്ഥലത്തും സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ എല്‍.ഡി.എഫ് സമീപിക്കുമെന്ന വാര്‍ത്ത ഇന്ന് രാവിലെ മുതല്‍ പ്രചാരത്തിലുണ്ടായിരുന്നു. ഫ്‌ളക്‌സില്‍ നിന്ന് മാറ്റിയാലും ജനമനസിലെ ചിത്രം മാറ്റാന്‍ പറ്റില്ലെന്ന് രാവിലെ ചാണ്ടി ഉമ്മന്‍ വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ എല്‍.ഡി.എഫിന്റെ നേതൃത്വം അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ജെയ്ക്ക് പറഞ്ഞു. വൈകിട്ടോടെ സംഭവം മന്ത്രി വാസവന്‍ നിഷേധിച്ചു.
https://www.facebook.com/Malayalivartha






















