ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... വയനാട്ടില്‍ എത്തിയപ്പോള്‍ കിട്ടിയ സന്തോഷം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി; സ്വീകരണത്തില്‍ നിന്നും മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തിയതില്‍ വിവാദം; ലീഗ് സംസ്ഥാന നേതൃത്വമടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും ടി സിദ്ദിഖ് അടക്കമുള്ളവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്ന് ലീഗ്

മനസമാധാനം തേടി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയപ്പോള്‍ യുഡിഎഫിന്റെ മനസമാധാനം പോയി. സ്വീകരണത്തില്‍ നിന്നും മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തിയതിലാണ് വിവാദമായത്. ഇത് മുസ്ലീംലീഗ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
കേരള സന്ദര്‍ശനത്തിനിടെയാണ് മണിപ്പൂര്‍ വിഷയത്തിലെ വേദന രാഹുല്‍ ഗാന്ധി പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഞാന്‍ അസ്വസ്ഥന്‍ ആണെന്നാണ് രാഹുല്‍ പറഞ്ഞത്. അതിന് കാരണം മണിപ്പൂരിലെ സംഭവ വികാസങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.
ഒരു മനുഷ്യനെ രണ്ടായി വലിച്ചു കീറുന്നതിനു തുല്യമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തിക്കഴിഞ്ഞെന്നും വയനാട് എം പി ചൂണ്ടികാട്ടി. ബലാത്സംഗം, പീഡനം, കൊലപാതകമൊക്കെയാണ് മണിപ്പൂരില്‍ നടക്കുന്നത്. സംസ്ഥാനത്തെ അക്രമം എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ വേണ്ട നടപടികളുണ്ടാകണം.
വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം എത്ര ആപത്കരമാണെന്ന് എല്ലാവരും പഠിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. പ്രത്യേകതരം രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂര്‍ അനുഭവിക്കുന്നതെന്നും ജനങ്ങളെ വിഭജിക്കരുതെന്നും ജനങ്ങളില്‍ സ്‌നേഹം വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വയനാട്ടിലെ ഓരോ വരവും തനിക്ക് വന്‍ സന്തോഷം നല്‍കുന്നുവെന്നും രാഹുല്‍ ഇന്ന് പറഞ്ഞു. രാഷ്ട്രീയ വിത്യാസം ഇല്ലാതെ ഇന്നാട്ടുകാര്‍ എന്നെ സ്‌നേഹിക്കുന്നു. എനിക്ക് അയോഗ്യത വന്ന കാലത്ത് ഈ നാട് ഒരുമിച്ച് ആണ് പ്രതിഷേധിച്ചതെന്നും ആ സ്‌നേഹത്തിന് നന്ദിയെന്നും രാഹുല്‍ പറഞ്ഞു. ആദിവാസികള്‍ ആണ് ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെന്നും അവര്‍ക്ക് ഭൂമിയും ജീവിത സാഹചര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ക്ക് മികച്ച വിദ്യാഭ്യാസ സംവിധാനം ലഭ്യമാക്കണം. ഇപ്പോള്‍ വനവാസി എന്നൊരു പ്രയോഗം കാണുന്നു. അതില്‍ ശരികേടുണ്ട്. അതില്‍ ഒളിഅജണ്ടയുണ്ട്. നിങ്ങളുടെ അവകാശങ്ങളെ കവരാനുള്ള കൗശലം ആ വിളിയിലുണ്ടെന്നും വനവാസി പ്രയോഗത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ രാഹുല്‍ഗാന്ധിക്ക് നല്‍കിയ സ്വീകരണത്തില്‍ മുസ്ലിംലീഗിനെ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ എത്തുന്നതിന് തൊട്ടുമുമ്പ് വേദിയില്‍ എത്തിയെങ്കിലും ജില്ലയിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു. സ്വീകരണത്തില്‍ അവഗണിച്ചതിലുള്ള പ്രതിഷേധം നേതാക്കളടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ചു.
എംപി സ്ഥാനം തിരിച്ചുകിട്ടിയ രാഹുലിന് യുഡിഎഫ് നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നതായിരുന്നു മുസ്ലിംലീഗ് നിലപാട്. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയില്‍ മുന്നോട്ടുപോകുകയും ചെയ്തു. അയോഗ്യനാക്കിയപ്പോള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ലീഗുണ്ടായിരുന്നു.
ലീഗ് സംസ്ഥാന നേതൃത്വമടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും ടി സിദ്ദിഖ് എംഎല്‍എ അടക്കമുള്ളവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്ന് ലീഗ് നേതാക്കളടക്കമുള്ളവര്‍ ആരോപിച്ചു. പരിപാടിയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുമെന്ന ഭീഷണിയും ലീഗ് ഉയര്‍ത്തി. ഒടുവില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കളെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇത് ലീഗുകാരെ തൃപ്തരാക്കിയില്ല.
പരിപാടി ചാനലുകളില്‍ കണ്ടോളാം എന്നതടക്കമുള്ള പോസ്റ്ററുകള്‍ ലീഗ് അണികള്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലുമിട്ടു. മുസ്ലിംലീഗ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറിയടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ ജില്ലയിലെത്തിയിരുന്നെങ്കിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം മനസ്സിലാക്കിയാണ് ഇവര്‍ വേദിയിലേക്ക് വൈകിയെത്തിയത്. അണികളുടെ പ്രതിഷധം തണുപ്പിക്കാനും ഇവര്‍ ഇടപെട്ടു.
https://www.facebook.com/Malayalivartha






















