വലിയതുറ വധശ്രമക്കേസ്.... പ്രതി ജാങ്കോ കുമാറിന്റെ ഒളിയിടം വളഞ്ഞ എസ്‌ഐമാരെ കുത്തി വീഴ്ത്തി പോലീസ് ജീപ്പിന് ബോംബെറിഞ്ഞ സംഭവത്തില്‍ ഗുണ്ട ജാങ്കോ കുമാര്‍ അടക്കം 4 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

വലിയതുറ വധശ്രമക്കേസിലെ പ്രധാന പ്രതി ജാങ്കോ കുമാറിന്റെ ഒളിയിടം വളഞ്ഞ എസ്‌ഐമാരെ കുത്തി വീഴ്ത്തി പോലീസ് ജീപ്പിന് ബോംബെറിഞ്ഞ സംഭവത്തില്‍ ഗുണ്ട ജാങ്കോ കുമാര്‍ അടക്കം 4 പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് വലിയതുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അനവധി കേസ് പ്രതി കൊച്ചുവേളി വിനായക നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ വിക്രമന്‍ മകന്‍ ജാങ്കോ കുമാര്‍ എന്ന അനില്‍കുമാര്‍ (38) , കൂട്ടാളികളും സിറ്റിയുടെ പ്രാന്ത പ്രദേശ വാസികളുമായ ജോണ്‍സണ്‍ ഗോമസ് മകന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് , മധു മകന്‍ ആശിഖ് ലാല്‍ എന്ന ജിക്കു , സോളമന്‍ മകന്‍ ഷാനു സോളമന്‍ എന്നിവരാണ് പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍. എതിരാളികളെ വകവരുത്താന്‍ സ്ഥിരമായി ബോംബ് കൈവശം കൊണ്ടു നടക്കുന്നയാളാണ് മുഖ്യ പ്രതി ജാങ്കോ കുമാര്‍.
പേട്ട പോലീസ് സ്റ്റേഷനിലടക്കം ബോംബെറിഞ്ഞ് ഒരു പോലീസുദ്യോഗസ്ഥന്റെ കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ സ്ഥിരം കുറ്റവാളിയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം ക്രൈം കേസുകളില്‍ പ്രതിയുമായ ജാങ്കോ കുമാര്‍ എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. വലിയതുറ സ്റ്റേഷന്‍ എസ് ഐമാരായ ഇന്‍സമാം, അജേഷ് എന്നിവരെയാണ് വലിയതുറയില്‍ വച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.
2023 ജൂലൈ 24 രാത്രി എട്ടരയോടെയായിരുന്നു സംഭവം. വലിയതുറ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് അനില്‍കുമാര്‍. രാത്രി വലിയതുറ ബാലനഗര്‍ പ്രദേശത്ത് ഇയാള്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഇയാള്‍ ആദ്യം ബോംബെറിയുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പൊലീസ് പിന്തുടര്‍ന്നു.
ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍ ഇയാള്‍ കത്തിവീശി വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് വലിയതുറ എസ് ഐമാരായ ഇന്‍സമാം, അജേഷ് എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.ഇന്‍സമാമിന്റെ നെഞ്ചില്‍ കത്തി കൊണ്ട് വെട്ടുകയും അജേഷിന്റെ കൈയില്‍ കുത്തുകയുമായിരുന്നു. ഇതിനിടെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് അനില്‍കുമാറിനെ കീഴ്പ്പെടുത്തി.
നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മുന്‍പ് പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തിന് നേരെ ബോംബേറ് നടത്തിയതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്റെ കേള്‍വി നഷ്ടപ്പെട്ടിരുന്നു. 2020 ല്‍ വെള്ളനാട് ഉറിയാക്കോട് സ്വദേശിയെ റോഡില്‍ വെട്ടുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തന്നെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നുവെന്ന് വലിയതുറ പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















