സന്തോഷത്തില്‍ പങ്കുചേര്‍ന്ന്... സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പഴങ്കഥയായി; ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് സര്‍ക്കാര്‍; വീണ്ടും ഒന്നിച്ച് ഓണമാഘോഷിക്കാന്‍ ഗവര്‍ണറുമെത്തും; ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു

അങ്ങനെ ശീതസമരത്തിന് ശേഷം സര്‍ക്കാരും ഗവര്‍ണറും വീണ്ടും ഓണത്തിന് ഒത്തു കൂടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയുമാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചത്. സെപ്റ്റംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.
എത്താമെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുണ്ടും ജൂബ്ബയും ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാന് കസവ് സാരിയും ഓണക്കോടിയും സമ്മാനിച്ചു. ചുവന്ന പെട്ടിയിലാക്കിയായിരുന്നു ഓണ സമ്മാനം.
കഴിഞ്ഞ വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്തിരുന്നത് അതത് കാലത്തെ ഗവര്‍ണര്‍മാരായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലെ പോര് മൂര്‍ച്ഛിച്ച കഴിഞ്ഞ വര്‍ഷം ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാത്തത് വിവാദവുമായി. ഇത്തവണയും ക്ഷണിക്കുമോയെന്നതില്‍ കഴിഞ്ഞ ദിവസം വരെ ആകാംക്ഷയുണ്ടായിരുന്നു.
ഗവര്‍ണറെ ഇന്നലെ ഉച്ചയ്ക്ക് 12.30നു കാണാന്‍ സമയം ചോദിച്ചത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസായിരുന്നു. തലസ്ഥാനത്തെ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ശിവന്‍കുട്ടിയുമെത്തി.
ഈ മാസം 26ന് ഉച്ചയ്ക്ക് 12 മണിയോടെ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കായി ഓണസദ്യ ഒരുക്കും. ഇതിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതായി സൂചനയില്ല. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്കായാണ് ഓണസദ്യ. മുഖ്യമന്ത്രിമാര്‍ നടത്തുന്ന ഇഫ്താര്‍ സംഗമം പോലുള്ള വിരുന്നുകളില്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കാത്തതിനാല്‍ ഓണസദ്യക്ക് അദ്ദേഹത്തെ ക്ഷണിച്ചില്ലെങ്കിലും കീഴ് വഴക്ക ലംഘനം ചൂണ്ടിക്കാട്ടാനാവില്ല. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഓണസദ്യയൊരുക്കുന്നതും. ഓണസദ്യ നടത്തുന്ന കാര്യം രാജ്ഭവനെ രേഖാമൂലം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 26ന് ഗവര്‍ണര്‍ക്ക് തൃക്കാക്കര മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ തിരുവനന്തപുരത്തുണ്ടാവില്ല.
ഓണക്കാലത്തെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി റെയില്‍വേ കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളം വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയില്‍ രണ്ടു ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്.
പാലരുവി തിരുനെല്‍വേലിയില്‍ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ മലബാര്‍ എക്‌സ്പ്രസിന് പട്ടാമ്പിയിലും സമ്പര്‍ക്ക് ക്രാന്തിയ്ക്ക് തിരൂരിലും സ്റ്റോപ്പ് അധികമായി അനുവദിച്ചിട്ടുണ്ട്. എന്നുമുതല്‍ ട്രെയിനുകള്‍ സ്ഥിരമായി ഓടുമെന്ന് ദക്ഷിണ റെയില്‍വേ തീരുമാനിക്കും.
അതേസമയം, ഓണത്തിനായി അനുവദിച്ച പന്‍വേല്‍-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22ന് ആദ്യ സര്‍വീസ് നടത്തും. നാഗര്‍കോവില്‍ നിന്ന് പന്‍വേലിലേയ്ക്കാണ് ആദ്യ സര്‍വീസ്. 24-ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലേയ്ക്ക് എത്തും. സെപ്റ്റംബര്‍ ഏഴ് വരെ കേരളത്തിലേയ്ക്കും, തിരിച്ചും മൂന്ന് സര്‍വീസുകളാണ് ആകെ നടത്തുക. കേരളത്തിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തണമെന്ന് പല കേന്ദ്രങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം മഞ്ഞ കാര്‍ഡുടമകള്‍ക്ക് പുറമേ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ പോലെയുള്ള ക്ഷേമ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കും. പിങ്ക് കാര്‍ഡുടമകള്‍ക്കും ഇക്കുറി ഓണക്കിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മഞ്ഞയ്ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും മാത്രം കിറ്റ് മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























