തുറന്ന പുസ്തകം തുറന്നപ്പോള്‍... കോണ്‍ഗ്രസ് നേതാക്കന്‍മാരെ പോലും വെട്ടിലാക്കി വിവാദ വിഷയം സഭയില്‍ ഉന്നയിച്ചതോടെ അവരും കൈയ്യൊഴിഞ്ഞു; നിയമക്കുരുക്കിലേക്ക് മാത്യു കുഴല്‍നാടന്‍; മാത്യു കുഴല്‍നാടന്റെ ഭൂമിയിലെ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച തഹസില്‍ദാറിന് നല്‍കും

മാസപ്പടി വിവാദത്തില്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ജോലി. വാക്ക് കേള്‍ക്കാത്ത മാത്യുവിനെ പിന്തുണച്ച് കോണ്‍ഗ്രസുകാരാരും എത്തുന്നില്ല.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ചയോടെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.
സ്ഥലത്ത് 4 മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേക്ക് ഒരുങ്ങിയത്. റോഡിനായി സ്ഥലം വിട്ടുനില്‍കിയപ്പോള്‍,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴല്‍നാടന്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം വാചക കസര്‍ത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ എംഎല്‍എ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
വീട് നിര്‍മാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയില്‍ ലംഘനം നടത്തിയാല്‍ സംസ്ഥാന സര്‍ക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്. മാത്യു കുഴല്‍നാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ തറവാട് സ്ഥലം റവന്യൂ അധികൃതര്‍ അളന്നു. വെള്ളിയാഴ്ച് രാവിലെ 11ഓടെ കോതമംഗലം താലൂക്ക് ഓഫിസിലെ രണ്ട് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള നാല് ഏക്കര്‍ സ്ഥലം അളന്നത്. വൈകീട്ട് മൂന്നോടെ അളവ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങി.
ഉദ്യോഗസ്ഥര്‍ എത്തും മുമ്പുതന്നെ എം.എല്‍.എ മൂവാറ്റുപുഴയിലെ ഓഫിസിലേക്കും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്കും പോയിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസും സ്ഥലത്തെത്തി. അളന്ന ഭൂമിയുടെ സ്‌കെച്ചും പ്ലാനും തയാറാക്കി താലൂക്ക് സര്‍വേയര്‍ കോതമംഗലം ഭൂരേഖ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് തയാറാക്കാന്‍ സമയമെടുക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ പറഞ്ഞു.
ആറുമാസം മുമ്പ് എം.എല്‍.എയുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് മണ്ണടിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി. മൂസ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് റവന്യൂ വകുപ്പിനോട് സ്ഥലം അളന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
ആര്‍ക്കു വേണമെങ്കിലും സ്വത്തുവിവരങ്ങള്‍ പരിശോധിക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറഞ്ഞു. തുറന്ന പുസ്തകമാണ് തന്റെ ജീവിതം. സര്‍ക്കാര്‍ ഏജന്‍സിക്ക് കൂടുതല്‍ പരിശോധന വേണമെങ്കില്‍ അതും നടത്തട്ടെ. പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ്. വീട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെക്കുറിച്ച് പൊതുസമൂഹം വിലയിരുത്തട്ടെ. താന്‍ ആക്ഷേപം ഉന്നയിച്ചപ്പോഴല്ലേ വ്യക്തിപരമായ ആക്രമണങ്ങളുണ്ടായത്. അത് ജനം കാണുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























