ഇനി പൂവിളിയുടെ നാളുകള്‍... അത്തം പിറന്നു.... മലയാളികള്‍ ഓണാവേശത്തിലേക്ക്.... സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് , പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക നടന്‍ മമ്മൂട്ടി

ഇനി പൂവിളിയുടെ പത്ത് നാള്‍. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികള്‍ അവസാന പരീക്ഷകള്‍ കൂടി തീര്‍ത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളില്‍ പൂ പറിച്ചും പൂക്കളം തീര്‍ത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.
കഴിഞ്ഞ തവണത്തേത് കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മാറ്റ് കുറഞ്ഞ ഓണമായിരുന്നു. എന്നാല്‍ ഇത്തവണ ദിവസങ്ങള്‍ക്കു മുമ്പ് മുതല്‍ തന്നെ പൂക്കടകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇത്തവണ തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പൂകൃഷി നടത്തിയിട്ടുണ്ട്.
കര്‍ക്കടകമാസത്തില്‍ കച്ചവടത്തിലുണ്ടായ പഞ്ഞംതീര്‍ക്കാനുള്ള സമയം കൂടിയാണ് പൂക്കച്ചവടം നടത്തുന്നവര്‍ക്ക് ഓണവിപണി. ഓണം പ്രമാണിച്ച് നാട്ടില്‍ കൃഷി ചെയ്ത ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ ഇത്തവണ ഓണപ്പൂക്കളത്തില്‍ മത്സരത്തിനുണ്ട്.
ജമന്തിക്കും (ചെണ്ടുമല്ലി) റോസിനും വാടാമല്ലിക്കും ട്യൂബ്റോസിനുമാണ് ആവശ്യക്കാരേറെയാണ്. കഴിഞ്ഞ ഓണത്തിന് ജമന്തിക്ക് 200 രൂപവരെ എത്തിയിരുന്നു. നിലവില്‍ 80 മുതല്‍ 100 രൂപവരെയാണ്. നിയന്ത്രണങ്ങള്‍ക്ക് ശേഷമെത്തുന്ന ആദ്യ ഓണമായതിനാല്‍ കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് പൂക്കടകളിലെ കണക്കുകൂട്ടല്‍.
ഓരോദിവസവും പൂക്കളുടെ വിലയില്‍ വ്യതിയാനമുണ്ടാകുമെന്നും അതിനാല്‍ വിലക്കാര്യത്തില്‍ വ്യക്തത പറയാനാകാത്ത അവസ്ഥയാണെന്നും കച്ചവടക്കാര്‍ പറയുന്നു. കമ്മിഷന്‍ കടകള്‍ വഴിയാണ് തേനിയിലെയും ഗുണ്ടല്‍പേട്ടിലെയും കര്‍ഷകര്‍ പൂക്കള്‍ വിറ്റഴിക്കുന്നത്. ഓരോ ദിവസത്തേയും ആവശ്യം അനുസരിച്ചാണ് വ്യാപാരികള്‍ തലേദിവസം പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയില്‍ പങ്കെടുക്കാനായി തൃപ്പൂണിത്തുറയില്‍ എത്തിയിട്ടുള്ളത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങും.
"
https://www.facebook.com/Malayalivartha


























