എന്റെ ചന്ദ്രനമ്മാവാ ഇതാണോ... ലോക രാഷ്ട്രങ്ങളെ ഞെട്ടിപ്പിച്ച് ഇന്ത്യ കുതിയ്ക്കുന്നു; റഷ്യയെ പിന്തള്ളി ഇന്ത്യ ചന്ദ്രനില്‍ വിജയം നേടി; ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത്; ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടതോടെ എല്ലാം ശുഭ സൂചനകള്‍ മാത്രം

ലോകത്തിന്റെ മുമ്പില്‍ പറന്നിറങ്ങി ഇന്ത്യയും ചന്ദ്രയാനും. അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദികൂടി ആ സന്തോഷ നിമിഷത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും തത്സമയമെത്തിയപ്പോള്‍ സന്തോഷം ഇരട്ടിച്ചു. റഷ്യയുടെ ലൂണയുടെ ഗതിയാകുമെന്ന് പറഞ്ഞവരെല്ലാം തടിതപ്പി.
ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ മൂന്ന് ദൗത്യം പൂര്‍ണ്ണ വിജയം. ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളും പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത മണിക്കൂറുകളില്‍ പുറത്ത് വന്നേക്കും. അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടില്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടു.
നാല് ഘട്ട ലാന്‍ഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ മുന്നൂറ്റിയെഴുപത് മീറ്റര്‍ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്നു ലാന്‍ഡര്‍.
ആള്‍ട്ടിട്ട്യൂഡ് ഹോള്‍ഡിങ്ങ് ഘട്ടവും കൃത്യം. മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈന്‍ ബ്രേക്കിങ്ങിലേക്ക്. ലാന്‍ഡിങ്ങ് സ്ഥാനത്തിന് 800 മീറ്റര്‍ ഉയരത്തില്‍ വച്ച് ഫൈന്‍ ബ്രേക്കിംഗ് അവസാനിക്കുമ്പോള്‍ പേടകം നിശ്ചയിച്ച ലാന്‍ഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കന്‍ഡ് അതിന് മുകളില്‍ നിന്ന ശേഷം താഴേക്ക്. ലാന്‍ഡിങ്ങ് സ്ഥാനത്തിന് 150 മീറ്റര്‍ ഉയരത്തിലെത്തി വീണ്ടും അല്‍പ്പനേരം കാത്തു നിന്നു. സെന്‍സറുകളും ക്യാമറയിലെ ചിത്രങ്ങളും ലാന്‍ഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അല്‍പ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി. രാജ്യം ചങ്കിടിപ്പോടെ നോക്കി നില്‍ക്കെ ലാന്‍ഡര്‍ താഴേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യന്‍ കാല്‍വയ്പ്പ്.
ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തിയ ചന്ദ്രയാന്‍ മൂന്ന് അടുത്ത ഘട്ടത്തിലേക്ക് കടന്നു. ചന്ദ്രയാന്‍ ലാന്‍ഡറിന്റെ വാതില്‍ തുറന്നു. റോവര്‍ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.
അതേസമയം മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തത്. ജൊഹന്നാസ്‌ബെര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ബ്രിക്‌സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.
അതേസമയം ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നേരത്തെ സംസാരിച്ച മോദി, ഇന്ത്യയുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യ 2047 ല്‍ വികസിത രാഷ്ട്രമാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബിസിനസ് ഫോറത്തില്‍ പങ്കുവച്ചത്. ഇന്ത്യയുടെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്ന അവകാശവാദവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.
അതേസമയം ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടുമില്ല. ജിന്‍പിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്‌സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















