കരിണല്‍ കമ്പനിയില്‍ നിന്നുള്ള മാസപ്പടി ആരോപണം പിണറായി വിജയന്‍ താമസിക്കുന്ന സര്‍ക്കാര്‍ മന്ദിരമായ ക്ലിഫ് ഹൗസിന്റെ അടുക്കളയിലാണ് എത്തി നില്ക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എത്രയൊക്കെ ന്യായീകരിക്കുന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തു വരികയാണ്

കരിണല്‍ കമ്പനിയില്‍ നിന്നുള്ള മാസപ്പടി ആരോപണം പിണറായി വിജയന്‍ താമസിക്കുന്ന സര്‍ക്കാര്‍ മന്ദിരമായ ക്ലിഫ് ഹൗസിന്റെ അടുക്കളയിലാണ് എത്തി നില്ക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എത്രയൊക്കെ ന്യായീകരിക്കുന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തു വരികയാണ്. നിയമസഭയില്‍ ചോദ്യം ചോദിക്കുകയും വാദിക്കുകയും ചെയ്യുന്ന മാത്യുകുഴല്‍നാടനെ നിശബ്ദനാക്കാനായി വിജിലന്‍സിനെയും, റവന്യൂ വകുപ്പിനെയും ഇറക്കി നടത്തിയ നാടകങ്ങള്‍ തിരിച്ച് പിണറായിയുടെ നെഞ്ചത്ത് തന്നെ കുത്തിക്കൊണ്ടിരിക്കുകയാണ്. കോടികളുടെ വെട്ടിപ്പ് പോലും സഖാക്കളുടെ നോട്ടപ്പിശകായി മാത്രം കാണുന്ന പാര്‍ട്ടി അന്വേഷണവും, ശിക്ഷയുമൊക്കെ കോമഡിയായി മാറിയിരിക്കുകയാണ്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെത്തിയത് സിപിഎം നേതൃത്വത്തിനേറ്റ അപ്രതീക്ഷീത അടിയായിരുന്നു. കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതി നേതാക്കളെ പൊതിഞ്ഞു പിടിച്ച സിപിഎമ്മിനു കിട്ടിയ വന്‍ ആഘാതം കൂടിയാണിത്.
വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. 'നോട്ടപ്പിശക് എന്ന് കണ്ടെത്തിയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തിയത്. അപ്പോഴും ഈ കോടികള്‍ എങ്ങോട്ട് പോയി എന്ന് പാര്‍ട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ആരും ചോദിക്കാതിരുന്നതും അതുകൊണ്ടാണ്. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി .മൊയ്തീനെ വെളുപ്പാന്‍കാലത്ത് വീടു വളഞ്ഞ് റെയ്ഡ് നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്കിയെങ്കില്‍ അടുത്ത് ക്ലിഫ് ഹൗസ് തന്നെയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഒന്നല്ല നിരവധി കേസുകള്‍ പിണറായിക്കെതിരെ ഇഡിയുടെ മുന്നിലുണ്ട്. പിണറായി പരമാവധി വളരാന്‍ വിട്ടശേഷം ചുറ്റുമുള്ളവരെ എല്ലാം പൂട്ടുകയാണ് അമിത് ഷായുടെ ലക്ഷ്യമെന്ന് അനുമാനിക്കുന്നു.
മോദിജി ഞങ്ങളെ രക്ഷിക്കൂ എന്നു നിലവിളിച്ചാലും രക്ഷയുണ്ടാകാത്ത ഊരാക്കുടുക്കുകളിലേയ്ക്കാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ എത്തി നില്ക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാക്കളുടെ സഹായത്തോടെ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ.ഡി സംഘമാണ് എ.സി.മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു 2 പേരുടെ വീട്ടിലും ഇതോടൊപ്പം റെയ്ഡുണ്ടായിരുന്നു. നേരത്തേ ചോദ്യംചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീനിലേക്ക് എത്തിയത്.നോട്ടുനിരോധന കാലത്തു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍ 95 കോടി രൂപയുടെ വര്‍ധനയുണ്ടായതും തൊട്ടടുത്ത വര്‍ഷം പല തവണയായി ഇതു കുറഞ്ഞതും ഇ.ഡിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതുകൂടി കണ്ടെത്താനാകും കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്നു സൂചനയുണ്ട്. നോട്ടുനിരോധന കാലയളവില്‍ കോടികള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ എല്ലാ സൗകര്യവും ഒരുക്കിയത് എ.സി. മൊയ്തീനാണ്. കള്ളപ്പണം അല്ലെങ്കില്‍ കൈക്കൂലിപ്പണമാണ് ഇത്രയും പെട്ടെന്ന് ബാങ്കില്‍ വന്നു നിറഞ്ഞതെന്ന് ഇഡി കണക്കു കൂട്ടുന്നുണ്ട്. സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും നിക്ഷേപമായിരുന്നു ഇതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ ഒന്നല്ല നൂറുക്കണക്കിന് സഹകരണ ബാങ്കുകളിലാണ് സിപിഎം നേതാക്കള്‍ പറയുന്ന നോട്ടപ്പിശക് കൊണ്ട് കോടികള്‍ നഷ്ടമായിരിക്കുന്നത്. സാധാരണക്കാരന്റെ നിക്ഷേപങ്ങളാണ് സഖാക്കള്‍ ആവിയാക്കി മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















