കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനായി വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിന്റെ സഹായം കെഎസ്ആര്‍ടിസിക്ക് നിഷേധിക്കാന്‍ പാടില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ബാദ്ധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും.ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കവേ കോടതി അറിയിച്ചു.
അതേസമയം ഓണത്തിന് മുന്‍പ് തന്നെ കെ.എസ്.ആര്‍.ടി.സിയില്‍ ജൂലായിലെ കുടിശ്ശിക ശമ്പളം നല്‍കിയതിന്റെ ആശ്വാസത്തിലാണ് ജീവനക്കാര്‍ . ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. തൊഴില്‍ നികുതി, ഡയസ്‌നോണ്‍ എന്നിവ കുറയ്‌ക്കേണ്ടിവന്നതിനാല്‍ 76 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടിവന്നത്. സര്‍ക്കാര്‍ നല്‍കിയ 70 കോടി രൂപയാണ് ശമ്പളവിതരണത്തിനായി പ്രധാനമായി ആശ്രയിച്ചത്.
ഉത്സവബത്തയായി താത്കാലിക ജീവനക്കാര്‍, ബദല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതവും, സ്ഥിരം ജീവനക്കാര്‍ക്ക് 2750 രൂപയും ഇന്ന് നല്‍കും. സ്ഥിര ജീവനക്കാര്‍ക്ക് 7500 രൂപവീതം ശമ്പള അഡ്വാന്‍സ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതും ഇന്ന് വൈകിട്ടോടെ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായിലെ പെന്‍ഷന്‍ കുടിശ്ശിക ഇന്ന് വിതരണം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചു. ശമ്പളവിതരണം അടക്കമുള്ളവ വേഗത്തിലാക്കാന്‍ ചൊവ്വാഴ്ച രാവിലെ ബാങ്ക് അധികൃതരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















