പോലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ച കാഴ്ച വൈകല്യമുള്ള യുവാവ് തൂങ്ങിമരിച്ച നിലയില്‍

മദ്യപിച്ചെന്ന കാരണത്താല്‍ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയച്ച കാഴ്ച വൈകല്യമുള്ള യുവാവ് തൂങ്ങിമരിച്ച നിലയില്‍. കുണ്ടന്നൂര്‍ എന്‍.എക്‌സ്. ജോസഫ് റോഡ് ആലപ്പാട്ട് ലെയ്‌നില്‍ കണക്കത്തറ സുഭാഷിനെ (37) യാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയില്‍ എടുത്ത മരട് പൊലീസ് മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന സഹോദരന്റെ പരാതി പ്രകാരം കേസെടുത്തു.
കുണ്ടന്നൂര്‍ ഇ.കെ. നായനാര്‍ ഹാളിനരികില്‍ നിന്നു സുഭാഷിനെ ശനിയാഴ്ച വൈകിട്ട് ഏഴോടെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാര്‍ക്കപ്പണിക്കാരനായ സുഭാഷ് മദ്യപിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇരുട്ടില്‍ കാഴ്ചയ്ക്കു തകരാറുള്ളതിനാല്‍ അല്‍പം പിന്നിലായിരുന്നു. ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന മരട് എസ്‌ഐ എവിടെ പോയതാണെന്നു ചോദിച്ചപ്പോള്‍ മദ്യലഹരിയില്‍ സുഹൃത്താണെന്നു കരുതി സുഭാഷ് എസ്‌ഐയുടെ തോളത്ത് കയ്യിട്ടു. പിന്നെ കെട്ടിപ്പിടിച്ചു.
ഇതോടെ സംഭവ സ്ഥലത്തു തന്നെ എസ്‌ഐ ഇയാളെ മര്‍ദിച്ചതായി ബഹളം കേട്ടെത്തിയ സുഹൃത്തുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ജീപ്പ് വരുത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജാമ്യത്തിലെടുക്കാന്‍ എത്തിയപ്പോള്‍ സുഭാഷിന്റെ മുഖത്ത് രക്തം കട്ടപിടിച്ച പാട് കണ്ടതായും സുഹൃത്തുക്കള്‍ പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു.
രാവിലെ താന്‍ എഴുന്നേല്‍ക്കുമ്പോള്‍ സുഭാഷ് ഉറങ്ങിക്കിടക്കുകയായിരുന്നെന്നു ഭാര്യ ചിത്ര പറഞ്ഞു. പിന്നീട് ക്ഷേത്രത്തില്‍ പോയി എട്ടരയോടെ തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളിലെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടതെന്നും പൊലീസ് മര്‍ദിച്ചതായി സുഭാഷ് തലേന്ന് ഉറങ്ങുന്നതിനു മുന്‍പ് പറഞ്ഞതായും ഭാര്യ പറഞ്ഞു. വിവരം അറിഞ്ഞ് ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ മരട് പൊലീസിനെ അനുവദിച്ചില്ല. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ വേണം നടപടി എന്നു നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് കണയന്നൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എന്‍.കെ. കൃപയുടെ നേതൃത്വത്തിലാണ് പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്.
തൃക്കാക്കര എസി ബിജോ അലക്‌സാണ്ടര്‍, ഡിസിപി മുഹമ്മദ് റഫീഖ് തുടങ്ങിയവരും സ്ഥലത്തെത്തി. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, ഇ.കെ. നായനാര്‍ ഹാള്‍ പരിസരത്ത് മദ്യപിച്ചതിന് കസ്റ്റഡിയില്‍ എടുത്ത ആളെ വൈദ്യ പരിശോധനയ്ക്കു ശേഷം വിട്ടയയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും സുഭാഷിനെ മര്‍ദിച്ചിട്ടില്ലെന്നും മരട് എസ്‌ഐ പി.ആര്‍. സന്തോഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























