മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് കെ.സുരേന്ദ്രന്‍

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീണയുടെ എക്‌സാലോജിക്കുമായി സിഎംആര്‍എല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ നിയമം സിഎംആര്‍എല്ലിനു വേണ്ടി അട്ടിമറിക്കാന്‍ ഉന്നതാധികാരയോഗം വിളിച്ചയാളാണ് മുഖ്യമന്ത്രി. മാസപ്പടിയില്‍ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം.
96 കോടി ഈ ഇനത്തില്‍ പലര്‍ക്കുമായി നല്‍കിയിട്ടുണ്ടെന്നാണു കമ്പനി ആദായനികുതി വകുപ്പിനോടു പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാന്‍ വേണ്ടിയാണു മാസപ്പടി നല്‍കിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയിലുള്ളതാണ്. കരിമണല്‍ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകള്‍ക്കുമുള്ള ബന്ധം കേരളത്തെ ബാധിക്കുന്നതാണ്. മകള്‍ക്ക് ബിസിനസ് ബന്ധമാണ് കരിമണല്‍ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തു ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണു കോടികള്‍ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്. പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റില്‍ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു.
രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തില്‍നിന്നു ഒളിച്ചോടാന്‍ മുഖ്യമന്ത്രിക്കു സാധിക്കില്ല. പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയില്‍നിന്നു പിണറായി വിജയന്‍ കൈപ്പറ്റിയെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനായ ജി.ശക്തിധരനാണ്. കരിമണല്‍ കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരന്റെ ആരോപണവും ആദായനികുതി വകുപ്പിന്റെ രേഖകളുമെല്ലാം മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതാണ് നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗം. എന്നാല്‍ പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയതു കൊണ്ടാണ് യുഡിഎഫ് സഭയില്‍ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























