ലോക്‌സഭ തെരഞ്ഞെടുപ്പോടെ കത്തും... സോളാര്‍ ചര്‍ച്ചക്കിടെ സഭയില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം പ്രതിപക്ഷം ഏറ്റെടുത്തില്ല; ക്രിമിനല്‍ ഗുഢാലോചനയില്‍ അന്വേഷണം പരിഗണിക്കാം; ഡിജിപിക്ക് പരാതി നല്‍കി അതിവേഗം പിസി ജോര്‍ജിന്റെ നീക്കം; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം

സോളാര്‍ വിഷയം നിയസഭയില്‍ കൊണ്ടുവന്ന പ്രതിപക്ഷം വെട്ടിലായിരിക്കുകയാണ്. സഭയില്‍ നാണം കെട്ടതിന് പിന്നാലെ സോളാര്‍ നായികയും കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. അതിനിടെ പ്രതിപക്ഷത്തെ വെട്ടിലാക്കി മുഖ്യമന്ത്രിയും പിസി ജോര്‍ജും.
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി സംസാരിക്കവെയാണ് 'ഗൂഢാലോചന' വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയര്‍ന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട 'ഗൂഢാലോചന' അന്വേഷിക്കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.
ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അത് പരിഗണിക്കാമെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. സോളാര്‍ വിഷയത്തില്‍ സഭയില്‍ സംസാരിക്കവെ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടിയതിന് മറുപടിയായാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതേസമയം വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളെന്ന് സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. സതീശനും വിജയനും തമ്മില്‍ വ്യത്യാസം ഉണ്ട്. ദല്ലാളിനെ നന്നായി അറിയുക യു ഡി എഫിനാണ്. കേരള ഹൗസില്‍ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ ആളാണ് താന്‍. അത് പറയാന്‍ വിജയന് മടിയില്ലെന്നും ദല്ലാള്‍ തന്റെ അടുത്തു വന്നു എന്നത് ആരോക്കെയോ ചേര്‍ന്ന് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ അടുത്ത് വരാന്‍ അയാള്‍ക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നാം മാസമാണ്. താന്‍ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാര്‍ വിഷയം രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി ബി ഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജാണ്. പാതിരാത്രിയില്‍ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോണ്‍ഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യു ഡി എഫിനു അത്ര സുഖമാകുമോ എന്നും പി ടി ചാക്കോ മുതല്‍ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.
അതേസമയം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഡി ജി പിക്ക് പരാതി നല്‍കി. സോളാര്‍ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ പരാതിക്കാരിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോര്‍ജ് ഡി ജി പിക്ക് പരാതി നല്‍കിയത്.
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കുന്ന കാലത്ത് പരാതിക്കാരിയടക്കമുള്ളവര്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പറഞ്ഞത് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വൈര്യാഗ്യത്തില്‍ പരാതിക്കാരി മറ്റുള്ളവരും ആയി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി തനിക്കെതിരെയും ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കി. ഈ പരാതിയില്‍ താന്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നെന്നും ജോര്‍ജ് ചൂണ്ടികാട്ടി. ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നും തനിക്കെതിരായ ലൈംഗിക പീഡന കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























