ആണ്മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത ഞെട്ടലിൽ ബന്ധുക്കൾ:- എറണാകുളത്ത് സംഭവിച്ചത്...

എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ്പ (29), മക്കളായ എയ്‌ബൽ (7), ആരോൺ (5) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. നിജോയും ശിൽപ്പയും തൂങ്ങിയ നിലയിലും മക്കൾ രണ്ടുപേരും കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു.
രണ്ട് ആൺമക്കൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.
വീടിന്റെ മുകൾ നിലയിലായിരുന്നു ഇവർ താമസം. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്. രാവിലെ കുട്ടികളെ കാണാതായതിനെ തുടർന്ന് നിജോയുടെ മാതാവ് ആനി മുകൾ നിലയിൽ കയറി നോക്കുമ്പോഴാണ് നാലുപേരും മരണപ്പെട്ട വിവരം അറിയുന്നത്.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി. സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. വരാപ്പുഴ ഇസബെല്ല സ്കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്.
ശിൽപ്പ ജോലിയ്‌ക്കായി ഇറ്റലിയിൽ പോയിരുന്നു. വൻ സാമ്പത്തിക ബാദ്ധ്യത കാരണമാണ് പോയത്. എന്നാൽ ഉദ്ദേശിച്ച ജോലി ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇതോടെ ഉണ്ടായ അധിക സാമ്പത്തിക ബാദ്ധ്യതയാകാം ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























