ഇന്ന് കൂടുതല്‍ ഫലം പുറത്തുവരും... നിപ വൈറസ് ആദ്യ രോഗി പോസിറ്റീവാണെന്ന് കണ്ടെത്തുന്നത് അപൂര്‍വ നേട്ടം; രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂര്‍വ നേട്ടം; ഇതുവരെ 6 പോസിറ്റീവ് കേസുകള്‍, 2 മരണം; 83 സാമ്പിളുകള്‍ നെഗറ്റീവ്, ഇന്ന് കൂടുതല്‍ ഫലം പുറത്തുവരും

കോഴിക്കോട് ജില്ലയിലെ നിപ രോഗ ബാധയില്‍ ആദ്യ (ഇന്‍ഡക്‌സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എന്‍ ഐ വി പൂനെയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്‌റ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തില്‍ രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്.
സ്വകാര്യ ആശുപത്രിയില്‍ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണ്.
നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകള്‍ ആറാണ്. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
കോഴിക്കോട് നഗരത്തില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയില്‍ കേന്ദ്ര സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
കോഴിക്കോട് പുതിയ കണ്ടെയ്‌നമെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഒരാഴ്ച ക്ലാസുകള്‍ ഓണ്‍ലൈനാക്കി.
നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 22, കണ്ണൂരില്‍ മൂന്ന്, വയനാട് ജില്ലയില്‍ ഒന്ന്, തൃശൂരില്‍ മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ഇത്തരത്തില്‍ സമ്പര്‍ക്ക പട്ടികയില്‍ കണ്ടെത്തിയവരെ ഐസൊലേഷനില്‍ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ രോഗികള്‍ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധമായും മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കണമെന്നും ഇവര്‍ ദിവസത്തില്‍ രണ്ടു തവണ യോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലയില്‍ നിപയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലയിലെ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുകയും ജില്ലയില്‍ അടുത്ത ഞായറാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























