പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്... വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നു ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഇനി പണം നല്‍കണം

പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നു ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഇനി പണം നല്‍കണം. നേരത്തെ ഈ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടിയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഓരോന്നും ലഭിക്കാന്‍ 50 രൂപ വീതം ഇനി മുതല്‍ നല്‍കണം. പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കാന്‍ 7280 രൂപ നല്‍കണം. വര്‍ലെസ് സെറ്റ് ഒന്നിനു 2425 രൂപ.
പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥ നടത്തുന്നതിനു അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും ജില്ലാ തലത്തില്‍ 10000 രൂപയായും ഫീസ് നിരക്ക് ഉയര്‍ത്തി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലൈബ്രറികള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണം നല്‍കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. സ്വകാര്യ സുരക്ഷാ ആവശ്യത്തിനു പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസും വര്‍ധിപ്പിച്ചു. സിഐ വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ ലഭ്യമാകും.
സിഐയെ നാല് മണിക്കൂര്‍ വിട്ടുകിട്ടാന്‍ 3340 രൂപ. രാത്രിയാണെങ്കില്‍ 4370 രൂപ. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ കുറഞ്ഞ നിരക്കാണ്. റൈഫിള്‍, കെയ്ന്‍ ഷീല്‍ഡ്, മെറ്റല്‍ ക്യാപ് ഉള്‍പ്പെടെയാണ് ഈ തുക. ഫിംഗര്‍പ്രിന്റ് ബ്യൂറോ, ഫൊറന്‍സിക് സയന്‍സ് ലാബ് എന്നിവയില്‍ നിന്നുള്ള സേവന നിരക്കും ഉയര്‍ത്തി.
വിദേശ ജോലിക്കടക്കം ആവശ്യമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റിന് ഇനി മുതല്‍ 610 രൂപ നല്‍കണം. നേരത്തെ ഇത് 555 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിനു പൊലീസ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനും ചാര്‍ജ് വര്‍ദ്ധിപ്പിച്ചു.
സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികള്‍ അയക്കുന്ന ഡിഎന്‍എ സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാണ്. ഫൊറന്‍സിക് ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പരിശോധന, ഫോണുകളിലെ മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ പരിശോധന എന്നിവയ്ക്കുള്ള തുകയും ഉയര്‍ത്തി.
മൈക്ക് ലൈസന്‍സിനുള്ള ഫീസ് 15 രൂപ വര്‍ധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിനു ഇനി മുതല്‍ 610 രൂപ. ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് അടുത്ത മാസം ഒന്ന് മുതല്‍ 6070 രൂപ നല്‍കണം. നേരത്തെ 5515രൂപയായിരുന്നു.
മിനിമം ചാര്‍ജ് തുകയിലും വാഹനം കേടായാല്‍ നല്‍കേണ്ട തുകയിലും നേരിയ വര്‍ധനയുണ്ട്.
"
https://www.facebook.com/Malayalivartha























