ഏഷ്യാ കപ്പില്‍ ഇന്ത്യയെ വീഴ്ത്തി ആശ്വാസ ജയവുമായി ബംഗ്ലാദേശിന്റെ മടക്കം....

ആശ്വാസ ജയവുമായി ബംഗ്ലാദേശിന്റെ മടക്കം. ബംഗ്ലാദേശ് മുന്നില്‍ വച്ച 266 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ബംഗ്ലാദേശ് പിടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് കണ്ടെത്തിയത്. തുടക്കം മുതല്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കിയാണ് ബംഗ്ലാദേശ് പന്തെറിഞ്ഞത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പൊരുതിയ നേടിയ സെഞ്ച്വറിയും വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ നടത്തിയ പ്രത്യാക്രമണവും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അതൊന്നും പക്ഷേ ഫലം കണ്ടില്ല.
ഫൈനല്‍ നേരത്തെ ഉറപ്പിച്ചതിനാല്‍ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിക്കാനാണ് തുനിഞ്ഞത്. ടീമില്‍ അഞ്ച് മാറ്റങ്ങളും ഇതിന്റെ ഭാഗമായി വരുത്തി. 133 പന്തില്‍ അഞ്ച് സിക്സും എട്ട് ഫോറും സഹിതം ഗില്‍ 121 റണ്‍സ് കണ്ടെത്തി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്.
34 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം അക്ഷര്‍ 42 റണ്‍സ് വാരി പ്രതീക്ഷ നല്‍കിയെങ്കിലും അതും വിഫലമായി. സൂര്യ കുമാര്‍ യാദവ് പതിവു പോലെ അല്‍പ്പം നേരം നിന്നു 26 റണ്‍സുമായും മടങ്ങി. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ പുറത്തായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. തന്‍സിം ഹസന്‍ സാക്കിബ് ആണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 265 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
"
https://www.facebook.com/Malayalivartha























