റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡ് റോളർ കയറിയിറങ്ങി യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് അപകടം. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ വിനോദിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. രാത്രി റോഡ് റോളർ എടുത്ത് കൊണ്ടു പോകുമ്പോഴാണ് അതിനു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നാണ് വിവരം.
ബൈപ്പാസിൽ തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതിനാൽ വിനോദ് റോഡ് റോളറിനു മുന്നിൽ കിടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ പൊലീസിനു നൽകിയ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തല തകർന്ന നിലയിലായിരുന്നു മൃതദേഹം.
വിനോദ് മദ്യപിച്ചശേഷം ഇവിടെ കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ മൃതദേഹം പൊലീസെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ടൈൽസ് പണിക്കാരനായ വിനോദ് അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha























