അമ്പും വില്ലും വാളും ശൂലവുമെന്നൊക്കെ പറഞ്ഞു വന്ന ഗോവിന്ദന്‍മാഷിന് പാര്‍ട്ടിയില്‍ ഒരനക്കവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് വളരെ ശക്തവുമാണ്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ മന്ത്രി സ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടു വന്നാലോയെന്ന ആലോചനയില്‍ നിന്നുയരുന്നത് പിണറായിയ്ക്ക് ശേഷം മരുമകന്‍ മുഹമ്മദ് റിയാസാണെന്ന സന്ദേശമാണ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ പുനസംഘടനയാണിപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ സിപിഎമ്മില്‍ പുനസംഘടനയേക്കാള്‍ ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയാണ്. അമ്പും വില്ലും വാളും ശൂലവുമെന്നൊക്കെ പറഞ്ഞു വന്ന ഗോവിന്ദന്‍മാഷിന് പാര്‍ട്ടിയില്‍ ഒരനക്കവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് വളരെ ശക്തവുമാണ്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ മന്ത്രി സ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടു വന്നാലോയെന്ന ആലോചനയില്‍ നിന്നുയരുന്നത് പിണറായിയ്ക്ക് ശേഷം മരുമകന്‍ മുഹമ്മദ് റിയാസാണെന്ന സന്ദേശമാണ്. സിപിഎം അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ തൊടുന്യായങ്ങള്‍ക്കായി ശക്തമായി അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിസഭ പുനസംഘടനയും നടക്കാന്‍ പോകുന്നത്. മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മന്ത്രിമാരില്‍ പലരുടെയും പ്രകടനം ശരാശരിയ്ക്കും താഴെയാണെന്ന വിലയിരുത്തല്‍ നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഘടകക്ഷി മന്ത്രിമാരില്‍ പലരും സ്വന്തം വകുപ്പിനെ കുറിച്ച് അറിയാത്തവരാണെന്ന് അന്ന് തുറന്നടിച്ചത് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെയാണ്.
സാമ്പത്തികമായി തകര്‍ന്ന് നില്ക്കുന്ന സര്‍ക്കാരിന്റെ അവസാന നാളുകള്‍ ശോഭനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ പുനസംഘടന എന്നു പറയുന്നുണ്ടെങ്കിലും അതല്ല മറിച്ച് ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള അടവാണിതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. നായര്‍ സമുദായത്തില്‍ നിന്ന് ഒന്‍പത് മന്ത്രിമാരുണ്ടായത് പുറത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. സ്ഥാനമൊന്നുമില്ലാതെ പുറത്തു നില്ക്കുന്ന ഇ.പി.ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നതിനെ കുറിച്ച ചര്‍ച്ചകളില്‍ പോലും വരാത്തതെന്തു കൊണ്ടെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇ.പിയുടെ പരിഭവം മാറാനുള്ള മരുന്നുകളും പുനസഘടനയില്‍ കരുതി വെച്ചിട്ടുണ്ടെന്നും അറിയുന്നുണ്ട്.
മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളെത്തുമ്പോള്‍ എല്ലാ തീരുമാനവും എടുക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും. സിപിഎം മന്ത്രിമാരെ അടക്കം മാറ്റി സമ്പൂര്‍ണ്ണ അഴിച്ചു പണി പോലും പരിഗണനയിലുണ്ടെന്നാണ് സൂചന. പുതുപ്പള്ളിയിലെ തോല്‍വിയുടെ സാഹചര്യത്തിലാണ് പിണറായി മാറ്റത്തിനൊരുങ്ങുന്നത്. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമോ എന്ന ചര്‍ച്ചയും സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറി മരുമകനായ മുഹമ്മദ് റിയാസിനെ ഒന്നാമനാക്കാനുള്ള സാധ്യത തത്ക്കാലം കുറവാണ്. എന്നാല്‍ എംവി ഗോവിന്ദനെ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏല്‍പ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയുണ്ടായാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം റിയാസിന് കിട്ടിയേക്കും.
എന്നാല്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഒരു കാര്യത്തിലും ആര്‍ക്കും ധാരണയില്ല. മുന്നണിയിലെ ധാരണ പ്രകാരമുള്ള പുനഃസംഘടനയെന്ന സൂചന മാത്രമാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്. സിപിഎമ്മിലും അതിന് അപ്പുറത്തേക്ക് ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ അവസാന സമയങ്ങളില്‍ എന്തും സംഭവിക്കാമെന്നാണ് മുന്‍ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകേണ്ട ആവശ്യവുമുണ്ട്. നീണ്ട കാലം ചികില്‍സ വേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പദം മറ്റൊരാളെ ഏല്‍പ്പിക്കേണ്ടി വരും. ഇടതു മുന്നണി യോഗത്തില്‍ പുനഃസംഘടനയില്‍ ഏകദേശ ധാരണ വരും. അതിന് ശേഷം സിപിഎം സെക്രട്ടറിയേറ്റ് വിശദ ചര്‍ച്ച നടത്തും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. പുനഃസംഘടനയില്‍ തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. കെബി ഗണേശ് കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗണേശിനെ മന്ത്രിയാക്കാന്‍ വേണ്ടിയാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്തതെന്നും സൂചനകളുണ്ട്. അത് തിരിച്ചു കിട്ടാനായി ഗണേശ് മുഖ്യനെ വരെ നേരിട്ടു കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലതെന്നായിരുന്നു ആന്റണി രാജു പറയുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നതിന് വിരുദ്ധമായാണ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എങ്കിലും ആന്റണി രാജുവിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പ്രശ്‌നത്തിന്റെ പേരിലുണ്ടായ കോലാഹാലങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ആന്റണി രാജുവിനെ ഒഴിവാക്കുക അത്ര എളു്പ്പമല്ല.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നാണ് വിവരം. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേശ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേശിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. അതിനിടെ മന്ത്രിസഭാ പുനഃസംഘടന മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെതന്നെ നടക്കും. കെ.ബി.ഗണേശ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്. ഇടത് മുന്നണിയോ സിപിഎമ്മോ മറ്റു പാര്‍ട്ടികളോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ലാത്ത ഒരു വിഷയമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ജയരാജന്‍ പറഞ്ഞു. ഈ മാസം 20-ന് യോഗം ചേരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തില്‍ ഇടതുപക്ഷത്ത് മന്ത്രി സഭാ പുനഃസംഘടനയിലെ ചര്‍ച്ചകള്‍ സജീവമാണെന്ന സൂചനയാണ് ജയരാജന്‍ നല്‍കുന്നത്.
'എല്‍ഡിഎഫ് എല്ലാ പാര്‍ട്ടികള്‍ക്കും പരിഗണന കൊടുക്കുന്ന മുന്നണിയാണ്. ഒരു അംഗം മാത്രമേ നിയമസഭയില്‍ ഉള്ളുവെങ്കിലും അവരെ കൂടി പരിഗണിക്കുക എന്ന വിശാല കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചില ഘടക കക്ഷികള്‍ക്ക് ഭരണ കാലഘട്ടത്തിന്റെ പകുതിസമയം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം കൊടുക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലില്ല. എല്ലാം പരിഗണിക്കേണ്ടതുണ്ട്. നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം എന്ന് പരസ്യമായി പറഞ്ഞാണ് അധികാരമേറ്റത്.ധാരണയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗണേശ് കുമാര്‍ ഒരു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ മുന്നിലില്ല' ജയരാജന്‍ പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ പിണറായി വിജയന്‍ സ്ഥാനമൊഴിയുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങളുണ്ടെങ്കിലും ആരോപണ മുള്‍മുനയില്‍ നില്ക്കുന്ന സമയത്ത് അദ്ദേഹം അതിന് തയ്യാറാകുമോയെന്നത് കണ്ടറിയേണ്ടതാണ് . എന്തായാലും അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും മന്ത്രിസഭയുടെ രണ്ടാം സ്ഥാനത്തോ പാര്‍ട്ടിയുടെ മുഖ്യസ്ഥാനത്തോ മുഹമ്മദ് റിയാസ് ഉണ്ടാകുമെന്ന കാര്യത്തില്‍ സിപിഎമ്മിലെ നേതാക്കള്‍ക്കും സംശയമില്ല. പിണറായിയുടെ ഇഷ്ടക്കാരെല്ലാം മന്ത്രിക്കസേരയില്‍ എത്തുമെന്ന കാര്യത്തിലും സംശയമില്ല. മന്ത്രിസഭ പുനസംഘടനയില്‍ നിലവിലുള്ള സമവാക്യങ്ങള്‍ മാറ്റേണ്ടി വരും. കഴിഞ്ഞ തിരഞ്ഞെടുപ്പികളില്‍ സിപിഎമ്മിനെ തുണച്ച ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്‍തുണയ്ക്കായി പലവിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാനായി ഗൂഡാലോചന നടത്തിയെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അടുത്തിടെയൊന്നും കെട്ടടങ്ങാന്‍ സാധ്യതയില്ല. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണായുധം സോളാര്‍ ഗൂഡാലോചന തന്നെയായിരിക്കും. ഈ പതിനെട്ടിന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അംഗീകരിക്കപ്പെട്ടാല്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണകള്‍ മാറിമറിയാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെയാണ് സിപിഎം തീരുമാനം വരാനിരിക്കുന്നതെന്നതും വ്യക്തമാണ്.\
https://www.facebook.com/Malayalivartha























