സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി വീണാ ജോര്‍ജ്... സംസ്ഥാനത്ത് നിലവില്‍ പുതിയ പോസിറ്റീവ് കേസുകളില്ല

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ അവലോകന. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലവില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. അതേ സമയം അഞ്ചുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവര്‍. അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗലക്ഷണങ്ങളുണ്ട്.
ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 1192 പേരുള്ളതായി കണ്ടെത്തി. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ ഘട്ടത്തില്‍ രണ്ടാംതരംഗം ഉണ്ടായിട്ടില്ല എന്നത് നല്ല കാര്യമാണ്. ലക്ഷണങ്ങളുള്ള 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സാ സഹായം ഉള്‍പ്പെടെ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും നില തൃപ്തികരമാണ്. രണ്ടുപേര്‍ക്ക് രോഗലക്ഷണമില്ല.
രണ്ടു കുട്ടികളടക്കം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. കണ്ടെയ്‌മെന്റ് സോണിലെ 22,208 വീടുകളില്‍ പരിശോധന നടത്തി. രോഗികള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡ് നിലവില്‍ വന്നെന്നും മന്ത്രി അറിയിച്ചു.അതേസമയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 18 മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.
ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം. അങ്കണവാടികളിലും മദ്രസകളിലും വിദ്യാര്‍ത്ഥികള്‍ എത്തേണ്ടതില്ല. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. കൈറ്റ് ജി സ്യൂട്ട് പ്ലാറ്റ്‌ഫോം മുഖേന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















