"പാര്‍ട്ടിയ്ക്ക് രക്തസാക്ഷികളാണ് വേണ്ടത്. ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും. വിയ്യൂര്‍ ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാവുകയാണ്. ഇനി ജയിലിലേയ്ക്ക് പോകേണ്ടി വന്നാല്‍ പാര്‍ട്ടി കൂട്ട ആത്മഹത്യകള്‍ക്കുത്തരം പറയേണ്ടി വരും "

പാര്‍ട്ടിയ്ക്ക് രക്തസാക്ഷികളാണ് വേണ്ടത്. ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും. വിയ്യൂര്‍ ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാവുകയാണ്. ഇനി ജയിലിലേയ്ക്ക് പോകേണ്ടി വന്നാല്‍ പാര്‍ട്ടി കൂട്ട ആത്മഹത്യകള്‍ക്കുത്തരം പറയേണ്ടി വരും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വനിത ഡയറക്ടര്‍മാരായിരുന്ന അമ്പിളി മഹേഷ് , മിനി നന്ദനന്‍ എന്നിവര്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ചെയ്യാത്തതും അറിയാത്തതുമായ തെറ്റിനാണ് ഞങ്ങള്‍ ജയിലില്‍ കിടന്നത്. ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ സെക്രട്ടറി ലോണ്‍ പാസാക്കാനെന്ന പേരില്‍ ഞങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടിക്കൂം. പ്രസിഡന്റ് ആദ്യമേ തന്നെ ഒപ്പിട്ടിരിക്കും. പിന്നെ ഞങ്ങള്‍ എങ്ങനെ ഒപ്പിടാതിരിക്കും. മിനിട്‌സ് ബുക്കില്‍ കുറച്ച് സ്ഥലം സ്ഥിരമായി ഒഴിച്ചിടാറുണ്ട്. ചോദിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ അത്യാവശ്യ ലോണിന് വന്നാല്‍ കമ്മിറ്റി വരെ കാത്തിരിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ഒപ്പിട്ടു വാങ്ങി വെയ്ക്കുന്നതെന്ന് സെക്രട്ടറി പറയും . അന്‍പത് ലക്ഷത്തിന്റെ ലോണുകളൊന്നും ചര്‍ച്ചയില്‍ പോലും വന്നിട്ടില്ല. പാര്‍ട്ടി ഞങ്ങളെ ബലിയാടാക്കി കൊള്ളക്കാര്‍ക്ക് കൂട്ടു നിന്നു. പൊതുസമൂഹത്തിലും നിയമത്തിന്റെ മുന്നിലും തട്ടിപ്പുകാരായി. പാര്‍ട്ടി ഞങ്ങളെ കൊന്ന് രക്തസാക്ഷികളാക്കട്ടെയെന്ന വനിത സഖാവിന്റെ വിലാപം സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.
ബാങ്കിന്റെ മുന്‍ഡയറക്ടര്‍മാര്‍ പാര്‍ട്ടിക്കെതിരെ രംഗത്തു വന്ന് സത്യങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയതോടെ കരുവന്നൂര്‍ ബാങ്കില്‍ നടന്ന കൊള്ളകള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി.സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണം അയ്യന്തോള്‍ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി വ്യാപിച്ചു.അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിലെത്തിയെന്നാണ് സൂചന. മുന്‍ മന്ത്രി എ.സി.മൊയ്തീനും സതീഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ്, ഇതുവരെ സംശയനിഴലില്‍ ഉള്‍പ്പെടാതിരുന്ന മറ്റൊരു ഉന്നത നേതാവിലേക്കു കൂടി നീളുന്നത്.
കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം തൃശൂര്‍ ജില്ലയിലെ 4 സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്കു കടത്തി എന്നാണു ഇ.ഡി കണ്ടെത്തിയത്. വിദേശത്തു നിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിനു പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വന്‍തോതില്‍ കൈക്കൂലിപ്പണവും സതീഷ് കുമാര്‍ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി. മാസപ്പലിശയ്ക്കു സതീഷിന്റെ കയ്യില്‍ പണം കൊടുക്കുകയായിരുന്നു ഇവരുടെ രീതി. ഇക്കൂട്ടത്തില്‍ നീതിന്യായ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കമുണ്ടെന്നു പരിശോധനയില്‍ വ്യക്തമായി. രാഷ്ട്രീയ നേതാക്കളുടെ കൈക്കൂലിയും കമ്മിഷനും സഹകരണ ബാങ്കുകളിലാണ് നിക്ഷേരിച്ചിരിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇ.ഡി. കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരില്‍ നിന്നും സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബെനാമി അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷിന്റെ രീതി.
കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാര്‍ സിപിഎം ഭരിക്കുന്ന അയ്യന്തോള്‍ സഹകരണ ബാങ്കിലൂടെ 10 വര്‍ഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായി പണം നിക്ഷേപിച്ചശേഷം പിന്‍വലിച്ചതിന്റെ രേഖകള്‍ ഇ.ഡി കണ്ടെടുത്തു. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളില്‍നിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്‌കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അയ്യന്തോള്‍ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂര്‍ മോഡലില്‍ സതീഷ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്നാണു വിവരം.അയ്യന്തോള്‍ ബാങ്കില്‍ 2013 ഡിസംബര്‍ 12 മുതല്‍ 2023 സെപ്റ്റംബര്‍ 5 വരെയുള്ള സതീഷിന്റെ ഇടപാടുകളുടെ രേഖ പരിശോധിച്ചതില്‍നിന്ന് ഇ.ഡിക്കു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എ.സി. മെയ്തീന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ബിനാമി ഇടപാടുകാരനാണ് സതീഷ് എന്ന കാര്യത്തില്‍ സിപിഎമ്മില്‍ പോലും സംശയമില്ല.
2013 ഡിസംബര്‍ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതില്‍ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി.2014 മാര്‍ച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിന്‍വലിച്ചു.അതേവര്‍ഷം മേയ് 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിന്‍വലിച്ചു.വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.2018 ജൂണ്‍ ആറിന് ഒറ്റ ദിവസം 30 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റും ഇതിനിടെ പല ദിവസങ്ങളിലും 7-10 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റുകളും നടത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിന്‍വലിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോര്‍ട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനില്‍ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോള്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ പ്രധാന സാക്ഷി കെ.എ.ജിജോറിനെതിരെ മുഖ്യപ്രതി പി.സതീഷ് കുമാറും സിപിഎം പ്രാദേശിക നേതാവും തമ്മില്‍ നടത്തുന്ന ഗൂഢാലോചനയുടെ ശബ്ദരേഖ ഇ.ഡി കണ്ടെടുത്തു. 'ജിജോര്‍ നമുക്കെതിരെ വന്നാല്‍ എന്തുചെയ്യും? ജിജോറിന്റെ മൊഴി പുറത്തുപോകുമോ? ജിജോറിനെ ഒഴിവാക്കേണ്ടേ?' തുടങ്ങിയ ചോദ്യങ്ങള്‍ ഇരുവരും തമ്മില്‍ ചോദിക്കുന്നതു ശബ്ദരേഖകളില്‍ വ്യക്തമാണ്.
കേസില്‍ ജിജോറിന്റെ മൊഴികളും നല്‍കിയ വിവരങ്ങളും ഏറെ നിര്‍ണായകമായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സതീഷ്‌കുമാറിന്റെ 6 മാസത്തെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ഇ.ഡി ചികഞ്ഞപ്പോഴാണു ജിജോറിനെതിരായ ഫോണ്‍വിളികളും കണ്ടെടുത്തത്. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി കരുതുന്ന നോട്ട് നിരോധന കാലത്തു സതീഷ്‌കുമാറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്നു ജിജോര്‍.
ഇ.ഡി വലവിരിക്കുന്നതു തിരിച്ചറിഞ്ഞു കഴിഞ്ഞ ഏതാനും മാസങ്ങളായി സതീഷും സംഘവും ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, സതീഷിന്റെ ഇടപാടുകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ജിജോര്‍ എതിരെ മൊഴിനല്‍കിയാലോ എന്നായിരുന്നു ഇവരുടെ പ്രധാന ഭയം. സിപിഎം പ്രാദേശിക നേതാവുമായി സതീഷ് നടത്തുന്ന ഫോണ്‍വിളികളില്‍ ഈ ആശങ്ക പലവട്ടം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ സെക്രട്ടറി സുനില്‍ കുമാര്‍ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി സ്ഥാനം വഹിച്ചയാളാണ്. പാര്‍ട്ടിയില്‍ ഉന്നത സ്വാധീനമുള്ളയാളാണ്. അയാളെ ഞങ്ങളെല്ലാവരും വിശ്വസിച്ചുപോയി...' കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ക്കുകയും 10 കോടി രൂപയുടെ ജപ്തി ബാധ്യത നേരിടുകയും ചെയ്യുന്ന മുന്‍ ഭരണസമിതി അംഗമായ വി.കെ.ലളിതന്‍ പറയുന്നു.
'ചെറിയ വായ്പകളുടെ അപേക്ഷകള്‍ മാത്രമാണു ഭരണസമിതി യോഗത്തില്‍ അംഗീകാരത്തിനായി വച്ചിരുന്നത്. 50 ലക്ഷം പോലെ വലിയ തുകകളുടെ അപേക്ഷകള്‍ ഭരണസമിതി അംഗങ്ങള്‍ കണ്ടിട്ടേയില്ല.ഭരണസമിതി യോഗം പിരിഞ്ഞതിനു ശേഷം സെക്രട്ടറി ഇതൊക്കെ മിനിറ്റ്‌സില്‍ എഴുതിച്ചേര്‍ത്തു പാസാക്കിയതായി രേഖപ്പെടുത്തും. മിനിറ്റ്‌സ് അതതു ദിവസം ക്ലോസ് ചെയ്യുന്ന രീതിയൊന്നും പാലിച്ചിരുന്നില്ല. ഞങ്ങള്‍ നിരപരാധികളാണ്. നേതാക്കന്മാരെ രക്ഷിക്കാന്‍ ഞങ്ങളെ ബലിയാടാക്കിയതാണ്.' ഭരണസമിതി അംഗങ്ങളായ സിപി ഐ പ്രിതനിധികളായ വി.കെ.ലളിതന്‍, കെ.വി.സുഗതന്‍ എന്നിവര്‍ വെളിപ്പെടുത്തി.
കരുവന്നൂര്‍ ബാങ്കില്‍ നടക്കുന്ന തട്ടിപ്പുകളുടെ മുഴുവന്‍ വിശദാംശവും 2019ല്‍ സിപിഎം ജില്ലാ സെക്രട്ടറിയെ നേരിട്ടുകണ്ടു ധരിപ്പിച്ചിരുന്നെന്ന് അന്ന് ബാങ്കിന്റെ ഭരണസമിതിയംഗം ആയിരുന്ന ജോസ് ചക്രംപുള്ളിയുടെ തുറന്നുപറച്ചില്‍. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകളുടെ ഉത്തരവാദിത്തം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുന്‍ ഭരണസമിതിയംഗങ്ങളിലൊരാളാണു ജോസ്. നേതാക്കളെ രക്ഷിക്കാന്‍ താനടക്കമുള്ള ഭരണസമിതി അംഗങ്ങളെ പാര്‍ട്ടി ബലിയാടാക്കുകയായിരുന്നെന്നു ജോസ് വെളിപ്പെടുത്തി. ജോസ് പറയുന്നതിങ്ങനെ: 'കരുവന്നൂര്‍ കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണു നീങ്ങുന്നത്. 2019 മേയ് 13നു ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഞാന്‍ നേരിട്ടു കാണുകയും ബാങ്കില്‍ നടക്കുന്ന തട്ടിപ്പുകളുടെ വിവരം വ്യക്തമായി അറിയിക്കുകയും ചെയ്തതാണ്. ഏരിയ സെക്രട്ടറിയെ അദ്ദേഹം വിളിച്ചു വിവരങ്ങളന്വേഷിച്ചു. ഇതിനു പിന്നാലെ ഏരിയ കമ്മിറ്റി യോഗം ചേരുകയും തട്ടിപ്പിനെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീടൊന്നും സംഭവിച്ചില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നിലും ഞാന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എല്ലാവരും തട്ടിപ്പിന് കൂട്ടു നില്ക്കുകയായിരുന്നു എന്നു വ്യക്തമാണ്.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളായ പി.കെ. ബിജു, പി.കെ. ഷാജന്‍ എന്നിവര്‍ക്കു മുന്നിലും തട്ടിപ്പിനെക്കുറിച്ചു വിശദമായ മൊഴിനല്‍കിയിരുന്നു. തട്ടിപ്പുകള്‍ പുറത്തുവന്ന ശേഷം 2021 സെപ്റ്റംബര്‍ 12നു ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരം പുറത്തുവന്നു. അന്നു ഞാന്‍ ജില്ലാ സെക്രട്ടറിയോടു വീണ്ടും കാര്യങ്ങള്‍ വിശദീകരിച്ചു. നിങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്ന ഉറപ്പ് എനിക്കന്നു ലഭിച്ചതാണ്. പക്ഷേ, പിറ്റേന്നു ഞാനടക്കമുള്ളവര്‍ അറസ്റ്റിലായി. ബാങ്കില്‍ ഈ തട്ടിപ്പുകള്‍ നടന്നതു ഞാനടക്കമുള്ളവര്‍ ഭരണസമിതിയിലെത്തുന്നതിനു മുന്‍പാണ്.' - പാര്‍ട്ടിയില്‍നിന്നു സംരക്ഷണമുണ്ടാകുമെന്ന ഉറപ്പു പാലിക്കപ്പെട്ടില്ലെന്നും ജോസ് ചക്രംപുള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha





















