ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം; ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ലോകമെമ്പാടുമുള്ള ശ്രീനാരായണീയരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഇന്ന് ഭക്ത്യാദരപൂർവം ആചരിക്കും. ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും ഗുരുദേവകൃതികളുടെ ആലാപനവും അന്നദാനവും നടക്കും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം, ഉപവാസം, മഹാസമാധി അനുസ്മരണം, ഭജന എന്നിവ നടക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അരുവിപ്പുറം ക്ഷേത്രത്തിലും പ്രത്യേക പൂജാ ചടങ്ങുകളടക്കം ഉണ്ടാകും.
ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്രിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
അഡ്വ.വി.ജോയി എം.എൽ.എ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.
https://www.facebook.com/Malayalivartha