AKG സെന്റർ സർക്കാരിന്റെ പുറമ്പോക്കിൽ, എല്ലാം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് തിരുവനന്തപുരം നഗര സഭ

സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ; അനുവദിച്ചത് 15 സെന്റ്, കൈവശമുള്ളത് 55 സെന്റ്; ശക്തമായ നടപടിക്കൊരുങ്ങി ഗവർണർ. പഴയ സിപിഎം ഓഫീസിനെതിരെ അതി ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റിയുടെ ഭൂമിയാണ് അനധികൃതമായി കൈവശം വച്ചതെന്നും നിയമലംഘനം നടത്തിയതെന്നുമാണ് വിമർശനം. വിഷയത്തിൽ സേവ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രവർത്തകർ മലയാളി വാർത്തയോട് പ്രതികരിച്ചു.
അതേ സമയം ആർഎസ് ശശികുമാർ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
എകെജി സെന്റർ പ്രവർത്തിക്കുന്നത് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്നും, വസ്തുവിന് കരം
അടവില്ലെന്നും, എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ചത് 15 സെൻറ് ആണെങ്കിലും, കേരള സർവ്വകലാശാലയുടെ 55 സെൻറ് ഭൂമി കൈവശമുണ്ടെന്നും, സർവ്വേ വകുപ്പിന്റെയും വഞ്ചിയൂർ വില്ലേജ് ഓഫീസിന്റെയും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അനധികൃത ഭൂമി കേരള സർവകലാശാല തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ നിവേദനത്തിന്മേൽ ഗവർണർ കേരള വിസി യോട് വിശദീകരണം തേടി.
എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 1977 ആഗസ്റ്റ് 20 ന് എകെജി സെന്ററിന് സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഫയൽ സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പിൽ നിന്ന് അപ്രത്യക്ഷമായി.
പ്രസ്തുത ഫയൽ ഒഴികെയുള്ള റവന്യൂ വകുപ്പിന്റെ 1977 ലെ മുഴുവൻ ഫയലുകളും ആർക്കൈവ്സ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ അനുവദിച്ചതിലേറെ ഭൂമി കൈവശപെടുത്തിയത് കൊണ്ട് പ്രസ്തുത ഫയൽ തന്നെ കാണാതാക്കു കയായിരുന്നു. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകർപ്പ് ജില്ലാ കളക്ടറേറ്റിലോ, താലൂക്ക് ഓഫീസിലോ, വില്ലേജ് ഓഫീസിലോ, സർവ്വേ വകുപ്പിലോ ലഭ്യമല്ല.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി ആയതിനാൽ
തണ്ടപേര് പിടിക്കാത്തത്കൊണ്ട് ഭൂമി ഇപ്പോഴും പൂർണ്ണമായും സർക്കാർ പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂർ വില്ലേജ് ഓഫീസ് രജിസ്റ്ററിൽ രേഖപെടുത്തിയിട്ടുണ്ട്. അത്കാരണം വസ്തുകരം സ്വീകരിക്കാൻ റവന്യൂ അധികൃതർ തയ്യാറായില്ല.
എന്നാൽ 10.5 ലക്ഷം രൂപ(10,33,96 രൂപ) തിരുവനന്തപുരം കോർപ്പറേഷന് കെട്ടിട നികുതിയായി പ്രതിവർഷം അടയ്ക്കുന്നുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതും കെട്ടിടനികുതി സ്വീകരിച്ചതും സെന്ററിന് ടിസി നമ്പർ (TC26/2727(1)) അനുവദിച്ചതും ഗുരുതരമായ കൃത്യ വിലോപമാണ്.
കോർപറേഷൻ ഭരണം ദശാബ്ദങ്ങളായി സിപിഎം ന്റെ നിയന്ത്രണത്തിലായത്കൊണ്ടാണ് ചട്ടങ്ങൾ മറികടന്ന് സെന്റർ സമുച്ചയത്തിന് നിർമ്മാണഅനുമതിയും ടിസി നമ്പറും ലഭിക്കാൻ സഹായകമായത്.
1977 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എ.കെ ഗോപാലന്റെ സ്മരണയ്ക്കായി ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കേരള സർക്കാർ കേരള സർവകലാശാല വളപ്പിലുള്ള 15 സെൻറ് യൂണിവേഴ്സിറ്റി ഭൂമി എകെജി മെമ്മോറിയൽ കമ്മിറ്റിക്ക് അനുവദിച്ചു. എന്നാൽ സർക്കാരിൻറെ മുൻകൂർ അനുമതിയി ല്ലാതെ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് 15 സെൻറ് ഭൂമി കൂടി എകെജി സെൻററിന് അനുവദിച്ചത് നിയമവിരുദ്ധമായത് കൊണ്ടും, സർക്കാർ ഉത്തരവിൽ കൂടുതൽ ഭൂമി കയ്യേറിയത് കൊണ്ടും ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തെളിവ് ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിൽ നിന്നും ബന്ധപ്പെട്ട ഫയൽ മറവ് ചെയ്യുകയായിരുന്നു .
1988 ഏപ്രിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ എകെജി സെൻററിന് ഭൂമിയനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടുവെങ്കിലും ഫയലുകൾ മേശപ്പുറത്ത് വയ്ക്കുവാൻ അന്നത്തെ സർക്കാർ വിസമ്മതിക്കുകയായിരുന്നു.
ചരിത്രകാരനും മുൻ കേരള സർവ്വ കലാശാല രജിസ്ട്രാ റുമായിരുന്ന പ്രൊഫ:എ. ശ്രീധരമേനോൻ രചിച്ച യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ചരിത്രം എകെജി സെൻററിന് നിയമപരമായി 15 സെന്റ് മാത്രമാണ് അനുവദിച്ചതെന്ന് സ്ഥിരീകരി ക്കുന്നുണ്ട്.
1944 ലെ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിൽ, 1937 ൽ സർക്കാർ നൽകിയ അനുമതി പ്രകാരമുള്ള കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി പൊതു ആവശ്യങ്ങൾക്കായി സർക്കാരിന് തിരികെ എടുക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരമാണ് എകെജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുവാൻ സർക്കാർ ഭൂമി അനുവദിച്ചത്. എന്നാൽ പ്രഖ്യാപിച്ച പൊതു ഉദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രസ്തുത സ്ഥലത്ത് സിപിഎം ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആണ് പ്രവർത്തിച്ചിരുന്നത് . അടുത്തിടെ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയതായി സിപിഎം സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് ഭൂമി അനുവദിച്ചതിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
ഈ സാഹചര്യത്തിൽ, സർക്കാർ ഒരു പൊതുസ്ഥാപനത്തിന് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് ചട്ടവിരുദ്ധമായതുകൊണ്ടും, സർവ്വകലാശാല ഭൂമി അനധികൃതമായി കൈവശപെടുത്തിയതു കൊണ്ടും, സർവ്വകലാശാലയുടെ 55 സെന്റ് ഭൂമിയും എകെ ജി സെന്ററും പൂർണ്ണമായി സർവ്വകലാശാല ഏറ്റെടുക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്. നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമിതി അറിയിച്ചു.
*ചരിത്രം*
, 1977 ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത ഉടനെയാണ് സിപിഎം സെക്രട്ടറിയായിരുന്ന ഇ. കെ. നായനാർ എകെജിയുടെ നാമധേയത്തിൽ ഒരു പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവ്വകലാശാല വളപ്പിലെ ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് 77 മെയ് 25ന് അപേക്ഷ സമർപ്പിച്ചത്.
ശാസ്ത്രീയ സോഷ്യലിസത്തെ കുറിച്ച് പഠനം നടത്തുന്നതിനുള്ള ഒരു ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ഒരു ഓഫീസ് എന്നിവയ്ക്ക് ആവശ്യമായ സ്ഥലം തിരുവനന്തപുരം ഗ്യാസ് ഹൗസ് ജംഗ്ഷനിൽ വിവേകാനന്ദ സെന്റിനറി ഹാളിന്റെ കിഴക്ക് ഭാഗത്തും, യൂണിവേഴ്സിറ്റി ഓഫീസിന്റെ തെക്കുഭാഗത്തുമുള്ള സർവകലാശാലയുടെ ഭൂമി പതിച്ചു നൽകണമെന്നും, ഇതിലേയ്ക്കായി സ്വാതന്ത്ര്യസമരസേനാനി എം.പി. മന്മഥൻ , മുൻ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് സി.നാരായണപിള്ള, ലക്ഷ്മി എൻ. മേനോൻ എന്നിവർ ഉൾപ്പെട്ട എകെജി സ്മാരക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് അപേക്ഷ നൽകിയത്.
1977 ഓഗസ്റ്റ് 20ന്, GO(Ms)1172/77-RD
നമ്പർ ഉത്തരവ് പ്രകാരം കേരളസർവ്വകലാശാലയുടെ സെനറ്റ് ഹൌസ് വളപ്പിലുള്ള 15 സെൻറ്ഭൂമി സിപിഎം സെക്രട്ടറിയുടെ പേരിൽ സൗജന്യമായി പതിച്ച് നൽകികൊണ്ട് സർക്കാർ ഉത്തരവിറക്കി.
സിപിഎം പ്രതീക്ഷിച്ച വിസ്തൃതിയുള്ള ഭൂമി സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടാ ത്തതിനാൽ സർക്കാരിൻറെ അറിവോ സമ്മതമോ കൂടാതെ സിണ്ടിക്കേറ്റ് അംഗമായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം S. രാമചന്ദ്രൻപിള്ളയുടെ സ്വാധീനത്തിൽ 15 സെൻറ് ഭൂമികൂടി '78 മാർച്ച് 14 ന് ചേർന്ന യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അനുവദിച്ചു നൽകി.
എകെജിയുടെ ഒന്നാം ചരമവാർഷിക ദിനമായ 1978 മാർച്ച് 22ന് എകെ ജി സ്മാരകത്തിന് തറക്കല്ലിട്ട സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്- "ശാസ്ത്രീയ സോഷ്യലി സത്തെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന ഒരു അനൗദ്യോഗിക സർവകലാശലയാക്കി ഈ സ്മാരകത്തെ വളർത്തിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം."
1988 ൽ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമിച്ച വിസി ഡോ: ജി.ബി.തമ്പി യും,സിണ്ടിക്കേറ്റ് അംഗമായിരുന്ന സിപിഎം നേതാവ് ജി.സുധാകരനും ഒത്തുചേർന്ന് സർവ്വകലാശാലയുടെ മൊത്തം 55 സെൻറ് ഭൂമി സെന്ററിന് വിട്ടുകൊടുത്ത് സർവ്വകലാശാല ചെലവിൽ എകെജി സെന്ററിനോട് ചേർന്നുള്ള മതിൽ നിർമ്മിക്കാൻ അനുമതി നൽകി.
സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട 1977 ലെ ഫയൽ സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിൽ നിന്ന് കടത്തുകയായിരുന്നു. ഫയൽ ആർക്കൈവ്സ് ഡയറക്ടറേറ്റിന് കൈമാറ്റം ചെയ്തതായി റവന്യൂ വകുപ്പ് അറിയിച്ചുവെങ്കിലും, ആർക്കൈവ്സ് ഡയറക്ടറേറ്റിൽ ടി ഫയൽ ഒഴികെയുള്ള റവന്യൂ വകുപ്പിലെ മറ്റെല്ലാ ഫയലുകളും ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടർ രേഖമൂലം വെളിപ്പെടുത്തിയി ട്ടുണ്ട്.
1977 ൽ എ.കെ.ആന്റണി സർക്കാർ 34. 4 സെന്റ് ഭൂമിയാണ് സിപിഎം സെക്രട്ടറിയുടെ പേരിൽ അനുവദിച്ചതെന്നും, ബാക്കി ഭൂമി സർവ്വകലാശാല നേരിട്ട് അനുവദിച്ചതെ ന്നുമാണ് നിയമസഭയിൽ ഉൾപ്പടെയുള്ള സിപിഎമ്മിന്റെ സ്ഥിരമായ വിശദീകരണം. എന്നാൽ 15 സെൻറ് ഭൂമി മാത്രമാണ് അനുവദിച്ചതെന്നത് മറച്ചുവയ്ക്കുന്നതിന് ബന്ധപ്പെട്ട ഫയൽ കാണാതാക്കുകയായിരുന്നു.(സാധാരണ സർക്കാർ ഭൂമി അനുവദിക്കുമ്പോൾ 34.4സെന്റ് എന്ന അളവിൽ അനുവദിക്കാറില്ല. 15,30,50 സെന്റ് തോതിലാണ് അനുവദിക്കാറുള്ളത്. 34.4 സെന്റ് എന്നത് അനധികൃതമായി കൈവശമാക്കിയ ഭൂമിയുടെ വിസ്തൃതിയാണ്) കേരള സർവകലാശാലയുടെ 1937 മുതലുള്ള 50 വർഷത്തെ ചരിത്രം തയ്യാറാക്കിയ പ്രശസ്ത ചരിത്രകാരനും കേരള സർവകലാശാലയുടെ മുൻ രജിസ്ട്രാറുമാ യിരുന്ന പ്രൊഫ: എ. ശ്രീധരമേനോൻ എഴുതി, ഇടത് സഹയാത്രികനായ ഡോ:ബി. ഇക്ബാൽ വിസി യായിരുന്നപ്പോൾ പ്രസിദ്ധീകരിച്ച 'സർവ്വകലാശാല ചരിത്ര' പുസ്തകത്തിൽ, വിവേകാനന്ദ സെന്റിനറി ഹാളിന് 50 സെൻറ് ഭൂമിയും,എകെജി സെൻററിന് 15 സെന്റ് ഭൂമിയും സർക്കാർ സൗജന്യമായി അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി അനുവദിച്ചത് സംബന്ധിച്ച ആധികാരിക രേഖ ഇപ്പോൾ ഈ ചരിത്ര പുസ്തകം മാത്രമാണ്.
രണ്ട് റീസർവേ നമ്പർകളിലായി 55 സെൻറ് ഭൂമി എകെജി സെൻറർ അധികൃതർ കൈവശം വച്ചിരിക്കുന്നതായി സർവ്വേ വകുപ്പ് രേഖാമൂലംഅറിയിച്ചിട്ടുണ്ട്.1977 ൽ സർക്കാർ അനുവദിച്ച 15 സെൻറ് ഭൂമിക്ക് പുറമേ 40 സെൻറ് ഭൂമി കൂടി അനധികൃതമായി കൈവശം വച്ചത് കൊണ്ടാണ് എകെജി സെൻററിന് ഭൂമിയുടെ പട്ടയം അനുവദിക്കാത്തതും, വസ്തു കരം സ്വീകരിക്കാത്തതും, ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി സർക്കാർ രേഖയിലുള്ളതും.
പട്ടയം പതിച്ചിട്ടുള്ള സർക്കാർ നിശ്ചയിക്കുന്ന കരം ഒടുക്കിയിട്ടുള്ള ഭൂമിയിൽ മാത്രമേ മന്ദിര നിർമ്മാണത്തിന് അനുമതി നൽകുവാൻ പാടുള്ളൂവെന്ന് വ്യവസ്ഥ ഉള്ളപ്പോൾ പുറമ്പോക്ക് ഭൂമിയിൽ മന്ദിരം നിർമ്മിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയതിലും,എകെ ജി സെന്ററിന്റെ സ്വന്തം ഭൂമിയാണെന്ന് ബോധ്യപ്പെടുത്താൻ 11 ലക്ഷം രൂപ ബിൽഡിംഗ് ടാക്സ് ഇനത്തിൽ കോർപ്പറേഷൻ ഈടാക്കുന്നതിലും ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതിന് ഇൻകം ടാക്സ് നൽകിയിട്ടുണ്ടെന്ന വാദത്തിന് സമാനമാണ് പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച സെൻററിന് കോർപ്പറേഷൻ നിശ്ചയിച്ച ടാക്സ് അടയ്ക്കുന്നതായ ന്യായീകരണം. 1944 ലെ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിൽ കേരള സർവകലാശാലയ്ക്ക് 1937 ൽ(ട്രാവൻകോർ യൂണിവേഴ്സിറ്റി) അനുവദിച്ച ഭൂമി പൊതു ആവശ്യങ്ങൾക്കായി സർക്കാരിന് തിരികെ ഏറ്റെടുക്കാൻ വ്യവസ്ഥ ഉണ്ട്. എന്നാൽ അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് സിപി എം സെക്രട്ടറിയുടെ പേരിൽ ഭൂമി അനുവദിച്ചതെങ്കിലും , ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച ഭൂമി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായി ദുരുപയോഗം ചെയ്തത് പ്രഖ്യാപിത പൊതു ഉദ്ദേശങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനമാണ്.ഈ വസ്തുത പാർട്ടിസെക്രട്ടറി തന്നെ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്.
1988 ഏപ്രിലിൽ നടന്ന നായനാർ മുഖ്യമന്ത്രിയായുള്ള നിയമസഭ, എകെജി സെൻററിന് എ.കെ.ആൻറണി അനുവദിച്ചതിനേക്കാളേറെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ബന്ധപ്പെട്ട ഫയലുകൾ നിയമസഭയിൽ ഹാജരാക്കണമെന്നുമുള്ള ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് വേദിയായി.കെ കരുണാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,എം.എം. ഹസ്സൻ, കെ. സി. ജോസഫ്, കെഎം മാണി, മൊയ്‌തീൻ കുട്ടി ഹാജി, പന്തളംസുധാകരൻ, കെ. പി.കുഞ്ഞി കണ്ണൻ, ടി.എം. ജേക്കബ് തുടങ്ങിയ പ്രതിപക്ഷ എംഎൽഎമാർ ഈ ആവശ്യം ഉന്നയിച്ചുവെങ്കിലും ഫയലുകൾ മേശപ്പുറത്ത് വയ്ക്കുവാൻ വിസമ്മതിച്ച് ബഹളത്തിൽ മുങ്ങി ചർച്ച അവസാനിപ്പിക്കുക ആയിരുന്നുവെന്ന് നിയമസഭ രേഖകളിലുണ്ട്.
അനധികൃതഭൂമി കയ്യേറ്റം വെളിച്ചത്തു കൊണ്ടുവന്ന ചെറിയാൻ ഫിലിപ്പ് , 1992 ൽ ഡോ:ജെ. വി.വിളനിലം കേരള വി സിയായി ചുമതലയേറ്റപ്പോൾ ഭൂമി അളന്ന് തിട്ട പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം സർവകലാശാല വക ഭൂമി അളക്കാൻ ഉത്തരവിട്ടതോടെ അദ്ദേഹത്തിന് എതിരായി വ്യാജ ഡിഗ്രി ആരോപണം കൊണ്ടുവന്ന് തലസ്ഥാനത്ത് വ്യാപകമായ അക്രമ സമരങ്ങൾ അഴിച്ചുവിട്ട് ശ്രദ്ധ തിരിക്കുകയായിരുന്നു. എകെജി പഠന ഗവേഷണ കേന്ദ്രം ഒരു പൊതു സ്ഥാപനമായി കണക്കാക്കി, അനധികൃതമായി കയ്യേറിയ സർവ്വകലാശാലയുടെ മുഴുവൻ ഭൂമിയും കേരള സർവ്വകലാശാല ഏറ്റെടുക്കണം. സർവ്വകലാശാല തയ്യാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടുപോകും.
https://www.facebook.com/Malayalivartha