സർക്കാരിനെ വിമർശിച്ച ഡോ. ഹാരിസിനെ സസ്പെന്റ് ചെയ്തേക്കും..ഡോക്ടർക്കെതിരെ നടപടിയെടുത്താൽ, അത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന CPM സംസ്ഥാന കമ്മറ്റിയുടെ വാദമാണ് സർക്കാർ തള്ളിയത്..

മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച ഡോ. ഹാരിസിനെ സസ്പെന്റ് ചെയ്തേക്കും. ഡോക്ടർക്കെതിരെ നടപടിയെടുത്താൽ അത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന സി പി എം സംസ്ഥാന കമ്മറ്റിയുടെ വാദമാണ് സി പി എം സർക്കാർ തള്ളിയത്. മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് നൽകി. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. അന്വേഷണം നടത്തിയ വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ബോധ്യപ്പെട്ടുവെന്നും ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നുമാണു നോട്ടിസില്‍ പറയുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് കർശന നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയെന്നാണ് വിവരം. സർക്കാർ ഇതിൽ നിന്നും തന്ത്ര പൂർവം ഒഴിഞ്ഞുനിൽക്കും.ഡോ.ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടിസില്‍ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ എന്നു കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു. തെറ്റായ കാര്യം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഡോ.ഹാരിസ് ശ്രമിച്ചുവെന്നും ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്നും വിവിധ സര്‍ക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു.
ജൂണ്‍ 27ന് പ്രോബ് ഇല്ല എന്ന് പറഞ്ഞ് ശസ്ത്രക്രിയ മുടക്കിയപ്പോള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രോബ് ഉണ്ടായിരുന്നുവെന്നും തൊട്ടടുത്ത ദിവസം ഈ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ നടന്നുവെന്നും സമിതി കണ്ടെത്തിയിട്ടുണ്ടെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രോബ് സംബന്ധിച്ചു രണ്ട് കത്തുകള്‍ (രണ്ടാമത്തെ കത്ത് കൂടിയ എസ്റ്റിമേറ്റ് ഉള്‍പ്പെടുത്തിയത്) നല്‍കിയത് ഒഴിച്ചാല്‍ കത്ത് മുഖേനയോ നേരിട്ടോ മീറ്റിങ്ങുകളിലോ ഇങ്ങനെയൊരു വിഷയം ഡോ.ഹാരിസ് സൂപ്രണ്ടിനോടോ പ്രിന്‍സിപ്പലിനോടോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോടോ ഉന്നയിക്കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും സമിതി കണ്ടെത്തി. ഇക്കാര്യങ്ങളില്‍ എല്ലാം തെറ്റായ വിവരം പ്രചരിപ്പിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം: 56, 60 (എ), 62 എന്നിവയുടെയും വിവിധ സര്‍ക്കുലറുകളുടെയും ഗുരുതര ലംഘനമാണെന്നും കാരണം കാണിക്കല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡോ.ഹാരിസിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു. ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം വകുപ്പ് അറിഞ്ഞിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി ഡോ.ഹാരിസ് ഹസന്‍ രംഗത്തുവന്നതാണ് വിവാദം കൊഴുപ്പിച്ചത്. ഉപകരണക്ഷാമം ഒരു വര്‍ഷം മുന്‍പേ മന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നെന്ന് ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടറിയിച്ചു. മെഡി. കോളജ് മുന്‍ പ്രിന്‍സിപ്പലും ഒപ്പമുണ്ടായിരുന്നു. സൂപ്രണ്ടിനോട് തുടര്‍നടപടിക്ക് പി.എസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഹാരിസ് പറയുന്നു. ഹാരിസ് പറഞ്ഞ വിഷയം സര്‍ക്കാരില്‍ എത്തിയിട്ടില്ല. സംസാരിക്കുന്നത് ഡേറ്റയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. മന്ത്രിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കില്ല. എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കാം എന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.ഉപകരണങ്ങള്‍ക്കായി ഇരന്ന് മടുത്തെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. രോഗികളെകൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിക്കേണ്ട സ്ഥിതിയാണെന്നും രോഗികളില്‍ നിന്ന് പണം പിരിവെടുത്ത് ഉപകരണങ്ങള്‍ വാങ്ങുന്നതുകൊണ്ടാണ് ശസ്ത്രക്രിയകള്‍ പലതും മുടങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടപടിയില്‍ ഭയമില്ല. സര്‍ക്കാര്‍ മെഡി. കോളജിലാണ് താന്‍ പഠിച്ചത്. അതിനാലാണ് സേവനം സര്‍ക്കാരിന് നല്‍കുന്നത്. ഒപ്പമുള്ളവര്‍ സ്വകാര്യമേഖലയില്‍ പോയി കോടീശ്വരന്മാരായി. എന്ത് വിശദീകരണം ചോദിച്ചാലും കൃത്യമായ മറുപടി നല്‍കും. ഹാരിസ് പറയുന്നു. വെല്ലുവിളിയല്ല,തോല്‍പിക്കാനുമില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നുണ്ട്. രോഗികള്‍ക്കുമുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവരുന്നു. എല്ലാം നല്ല രീതിയില്‍ നടക്കണം, രോഗികള്‍ കഷ്ടപ്പെടരുത്, അദ്ദേഹം പറഞ്ഞു.നേരത്തെ ഉപകരണങ്ങൾ വാങ്ങിക്കാൻ വിവിധ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെന്നും ലജ്ജയും നിരാശയും തോന്നുന്നു എന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഇതൊരു ഒറ്റപ്പെട്ട അനുഭവം അല്ലെന്നും പല വിഭാഗങ്ങളിലും സമാന സ്ഥിതിയുണ്ടെന്നും ആണ് മെഡിക്കൽ കോളജിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഇത് മൂലം മുടങ്ങിയത്. പലപ്പോഴും ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ അനിശ്ചിതമായി നീട്ടിവയ്ക്കുന്ന രീതിയും ഉണ്ട്. ചിലപ്പോൾ ശസ്ത്രക്രിയ തീയതി കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്.രോഗികൾ ഉപകരണങ്ങൾ വാങ്ങി നൽകുന്നതും പതിവാണ്. പല വിതരണ കമ്പനികൾക്കും കോടികൾ കുടിശ്ശിക ഉള്ളതുകൊണ്ട് ഉപകരണങ്ങൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. തനത് ഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്ന ആശുപത്രി വികസന സമിതി നോക്കിനിന്നതും പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു. കാർഡിയോളജി, ഗ്യാസ്ട്രോ വിഭാഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മെഡിക്കൽ കോളജുകളിലെ ഉപകരണ ക്ഷാമം സ്ഥിരീകരിച്ച് ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിലും ഫയലുകൾ നീക്കുന്നതിലും കെടുകാര്യസ്ഥതയെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്‍റ് ഡോ റോസ്നേരാ ബീഗം മനോരമ ന്യൂസിനോട് പറഞ്ഞു. യൂറോളജിയിൽ മാത്രമല്ല മിക്ക ഡിപ്പാർട്മെന്‍റുകളിലും പ്രതിസന്ധിയുണ്ടെന്നും രോഗികൾ ദുരിതമനുഭവിക്കുന്നുവെന്നും ഡോ റോസ്നേര പറഞ്ഞു. തുറന്ന് പറച്ചിലിൽ ഡോ ഹാരിസിനെതിരെ നടപടിയുണ്ടായാൽ ഡോക്ടർമാർ സമരത്തിലേയ്ക്കു നീങ്ങുമെന്നും കെജിഎംസിടിഎ പ്രസിഡന്‍റ് പറഞ്ഞു. മെഡിക്കൽ കോളേജ് തലത്തിൽനടപടികുണ്ടാകുമ്പോൾ സ്വാഭാവികമായും ഡോക്ടർമാരുടെ സംഘടന സമരത്തിനിറങ്ങും.അങ്ങനെ വരുമ്പോൾ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഡോ. ഹാരിസിനെ തിരിച്ചെടുക്കാമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത് .തത്കാലം സർക്കാരിന് ഒന്നുമറിയില്ലെന്ന് ഭാവിക്കാനാണ് നീക്കം.സി പി എം സംസ്ഥാന കമ്മറ്റി വരെ ഹാരിസിന് വേണ്ടി ഇടപെട്ടതാണെങ്കിലും ഫലമുണ്ടായില്ല. ഡോക്ടർക്കെതിരെ നടപടി വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി കർശന നിലപാടെടുത്തു. ആരോഗ്യമന്ത്രിക്കും ഇതേ നിലപാട് തന്നെയാണെങ്കിലും മുഖ്യമന്ത്രിക്ക് തീരുമാനം വിട്ട് കാത്തിരിക്കുകയാണ് അവർ. ഹാരിസിന്റെ ബന്ധുവായ സി.പി.എം നേതാവും ഇതിൽ ഇടപെട്ടിരുന്നു. ബന്ധുവായ സി.പി.എം നേതാവ് വിഷയം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി യൂറോളജി ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്നതിൽ കടുത്ത നിരാശയുണ്ടെന്നും കോളേജ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചുവെന്നും ഡോ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്‍റെ വിശദീകരണം അദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ.ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. “വകുപ്പ് മേധാവിയായതിന് ശേഷം പലതവണ സർക്കാരിനെ അറിയിച്ച കാര്യങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എല്ലാ പ്രശ്നങ്ങളും അധികൃതരെ കണ്ട് ബോധ്യപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ല. രോഗീപരിചരണത്തെ ഇത് വല്ലാതെ ബാധിക്കുന്നതിനാൽ വകുപ്പ് മേധാവിയെന്ന നിലയിൽ കടുത്ത സമ്മർദ്ദമാണ് അനുഭവിക്കേണ്ടിവരുന്നത്. ചികിത്സയ്ക്ക് എത്തുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കഴിയാത്തതിൽ പ്രയാസം തോന്നിയപ്പോഴാണ് പോസ്റ്റിട്ടതും ലീവെടുത്തതും. ജോലി രാജിവെച്ച് പോകണമെന്ന് വിചാരിച്ചതും അതുകൊണ്ടാണ്” – ഡോ.ഹാരിസ് പറഞ്ഞു.“ഇന്നലെ രാത്രിയാണ് പോസ്റ്റ് എഴുതിയത്. രാവിലെ പ്രിൻസിപ്പലും ഡി.എം.ഇയും മറ്റും വിളിച്ച് പോസ്റ്റ് പിൻവലിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞു. പക്ഷേ അവർ പല പ്രാവശ്യം ഇതൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒന്നും നടക്കില്ലെന്ന് എനിക്കറിയാം. സർക്കാരിൻ്റെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽ പെടുത്തണമെന്ന് കരുതി മാത്രമാണ് പോസ്റ്റിട്ടത്. വിഷയം ഇത്രയും ചർച്ചയാകുമെന്ന് കരുതിയില്ല. നിരവധി പേർ വിളിച്ചതു കൊണ്ടു ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. പിന്നീട് ഡോക്ടറായ ഭാര്യയെ പലരും വിളിച്ചിട്ട് ഫോൺ എടുക്കാത്തതെന്താണെന്ന് ചോദിച്ചു. തുടര്‍ന്ന് സി.പി.എം നേതാവും ബന്ധുവുമായ കരമന ഹരി വിളിച്ച് മന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് കാര്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പോസ്റ്റ് പിൻവലിക്കണമെന്നും പറഞ്ഞു. അദ്ദേഹം ഉറപ്പ് പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചത്” – അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന ഡി.എം.ഇയുടെ വാദം തെറ്റാണെന്നും ഡോക്ടർ ആരോപിച്ചു. “ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു. ഉപകരണങ്ങൾ എന്ന് വരുമെന്ന് അറിയില്ല. മൂന്നുമാസം മുൻപ് ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു.കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വിദേശത്തുനിന്ന് വരണമെന്നാണ് പറയുന്നത്. എൻ്റെ കയ്യിൽനിന്ന് പണം കൊടുക്കാമെന്ന് പറഞ്ഞിട്ടും അധികൃതർ അത് കണക്കിലെടുക്കുന്നില്ല. ഏഴെട്ടുമാസം മുൻപും ഇതേ പ്രശ്നമുണ്ടായി. രോഗികളോട് പറഞ്ഞ് എച്ച്.ഡി.എസിന് അവർ പണം അടയ്ക്കുന്നുണ്ട്. ഭാവിയിൽ എത്തുന്ന രോഗികൾക്ക് പ്രശ്നം നേരിടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അത്തരത്തിൽ പിരിച്ച പണം 50 ലക്ഷത്തോളമായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരുപാട് ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശസ്ത്രക്രിയകൾ മുടങ്ങും. മാസങ്ങൾക്കു മുൻപേ മന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ നടപടിയെടുത്താലും ഒരു പ്രശ്നവുമില്ല. സർവീസ് തന്നെ മടുത്തിരിക്കുകയാണ്. അപ്പോൾ പിന്നെ എന്ത് വന്നാലും നേരിടാം. സംവിധാനത്തിനു നാണക്കേടുണ്ടാകുമെന്ന് കരുതി സത്യം മൂടിവയ്ക്കാനില്ല” – ഡോ.ഹാരിസ് തൻ്റെ നിലപാട് വ്യക്തമാക്കി.എന്നാൽ ഡോ.ഹാരിസിൻ്റേത് വൈകാരിക പ്രതികരണമാണെന്നും ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത് എന്നും അത് അടിയന്തര ശസ്ത്രക്രിയ ആയിരുന്നില്ലെന്നും ഡി.എം.ഇ പ്രതികരിച്ചു. വിഷയത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ അന്വേഷണം നടത്തും.കരമന ഹരി സി പി എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ്. അദ്ദേഹമാണ് ഹാരിസിന് വേണ്ടി ഇടപെട്ടത് . എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഴങ്ങിയില്ല. കരമന ഹരിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാ സെക്രടറി വി. ജോയിയും ഇടപെട്ടിരുന്നു. എന്നാൽ തത്കാലം ഹാരിസിനോട് ക്ഷമിക്കേണ്ടന്നാണ് തീരുമാനം.കാരണം അത് മുഖ്യമന്ത്രി തലത്തിൽ എടുത്ത തീരുമാനമാണ്. ഇക്കഴിഞ്ഞ നിലമ്പൂർ തിരഞ്ഞടുപ്പിൽ പോലും എം സ്വരാജിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ വ്യക്തിയാണ് ഹാരിസ്. എന്നിട്ടും വിധി അദ്ദേഹത്തിന് കാത്തു വച്ചത് ഇതാണ്. ഒരു സഖാവ് സർക്കാരിനെ ഇത്തരത്തിൽ ബുദ്ധിമുട്ടിലാക്കരുതെന്നാണ് സർക്കാരിന്റെ വിശ്വാസം.ഏഴോ എട്ടോ മാസം കൊണ്ട് തണുക്കുന്ന സാമ്പാറാണ് പിണറായി ഭരണമെന്ന കാര്യം സർക്കാരിനറിയാം. അതുകൊണ്ടു തന്നെ ആരെപിണക്കിയാലും ഒന്നുമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ആരോഗ്യമന്ത്രിക്കും ഇതേ ചിന്ത തന്നെയാണുള്ളത്. എന്നാൽ സമൂഹ മാധ്യമ കുറിപ്പിന് ഏതാനും ദിവസം മുമ്പ് നിലമ്പൂരിൽ തോറ്റ എം. സ്വരാജിനെ പിന്തുണച്ച് രംഗത്തെത്തിയ ഡോ. ഹാരിസ് ഒരു പാർട്ടി വിരുദ്ധനല്ലെന്ന സി പി എമ്മിന്റെ വാദമാണ് സർക്കാർ തള്ളിയത്. ഹാരിസിന്റെ കുറിപ്പ് ചർച്ചയായതിന്റെ പിറ്റേന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചത് .ഏതായാലും ഹാരിസിനെ സസ്പെന്റ് ചെയ്താൽ ആരോഗ്യമേഖല വീണ്ടും പ്രതിസന്ധിയിലാവും.
https://www.facebook.com/Malayalivartha