എല്ലാ മനുഷ്യരെയും വേര്‍തിരിവുകളില്ലാതെ ചേര്‍ത്തു പിടിച്ച് പുരോഗതിയിലേയ്ക്ക് നയിക്കുകയെന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം കൊണ്ടു ലക്ഷ്യമിടുന്നത്; പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ മറ്റ് എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വിവിധ പരിപാടികള്‍ നടത്തുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

എല്ലാ മനുഷ്യരെയും വേര്‍തിരിവുകളില്ലാതെ ചേര്‍ത്തു പിടിച്ച് പുരോഗതിയിലേയ്ക്ക് നയിക്കുകയെന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം കൊണ്ടു ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ “ഉയരാം നമുക്കൊത്തുചേര്‍ന്ന്” എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വര്‍ഷത്തെ പക്ഷാചരണം രാഷ്ട്ര പിതാവായ മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ 16 വരെ സംഘടിപ്പിക്കുന്നത്.
പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ മറ്റ് എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും, അടിസ്ഥാന സൗകര്യങ്ങളും നല്‍കി, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് ഉന്നതിയിലേയ്ക്ക് നയിക്കാനാണ് പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെ സമൂഹത്തില്‍ പരസ്പര വിശ്വാസവും, സൗഹൃദവും ഉറപ്പിക്കാമെന്ന ദര്‍ശനമാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ അടിസ്ഥാനശില. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾ പിന്നിട്ടിട്ടും ഈ ലക്ഷ്യങ്ങളൊന്നും ഇന്ത്യയിലെ ദലിത്-പട്ടികവര്‍ഗ്ഗ-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാൽ അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് നമ്മുടെ കേരളം. ഒട്ടനവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തില്‍ സാമൂഹ്യ നീതിയുടെ വേരുകളുറച്ചത്. എല്ലാത്തരത്തിലും 'അവര്‍ണ്ണരെന്ന് വിളിച്ച് മാറ്റി നിര്‍ത്തപ്പെട്ടവർ എല്ലാ ജനവിഭാഗങ്ങളുവരുടെയും പിന്തുണയോടെ വഴി നടക്കാൻ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി വർഷവുമാണിത്.
നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും, പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് കേരളം ഇന്നത്തെ സാമൂഹ്യ പുരോഗതി കൈവരിച്ചത്. എന്നാൽ നമ്മൾ ആര്‍ജ്ജിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവണത പലയിടങ്ങളിലും തലപൊക്കി വരുന്ന സാഹചര്യത്തിൽ ഈ പക്ഷാചരണ പരിപാടികൾക്ക് പ്രസക്തി ഏറുന്നുണ്ട്.
ജാതി-മത ശക്തികള്‍ക്ക് കീഴ്പ്പെടാതെ കേരളം എന്നും നിലനില്‍ക്കുന്നതും നമ്മുടെ സാമൂഹ്യഐക്യത്തി ലൂടെയാണ്. അതുകൊണ്ടു തന്നെ ജാതി-ജന്മി നാടുവാഴിത്ത ഭൂതകാലത്തിന്റെ ഇരുട്ടറകളിലേയ്ക്ക് നമ്മളെ തളച്ചിടാന്‍ ശ്രമിക്കുന്നവരെ ഒന്നിച്ചെതിർക്കണം.
സാമൂഹ്യ ഐക്യദാർഢ പക്ഷാചരണമുൾപ്പെടെ നിരവധി പരിപാടികൾ നടത്തുമ്പോഴും രാജ്യത്തെ ദലിത് - ആദിവാസി - പിന്നാക്ക ജനവിഭാഗങ്ങൾ അനുദിനം വേട്ടയാടപ്പെടുകയാണ്.കൂലി ചോദിച്ച യുവാവിന്റെ നഖങ്ങള്‍ പിഴുതെടുത്തിട്ട് നായ്ക്കളെ വിട്ട് കടിപ്പിച്ച ക്രൂരതയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.
ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചതും അടുത്തിടെയാണ്. ദളിതര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പിന്നാക്കക്കാര്‍ക്കുമെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ വല്ലാത്ത ഒരവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. സാമൂഹ്യ നീതിയും, സുരക്ഷയുമൊന്നുമില്ലാത്ത അരക്ഷിതരാണ് ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത സമൂഹം .
https://www.facebook.com/Malayalivartha

























