മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും സംസ്ഥാന ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, ശിശുക്ഷേമ സമിതി എന്നിവര്‍ക്ക് 16കാരന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദന ആരോപണം പൊലീസ് നിഷേധിച്ചു.
നായരമ്പലം കുടുങ്ങാശേരി സ്വദേശി സോനയുടെ മാല നഷ്ടപ്പെട്ടെന്ന പരാതിയില്‍ മിനിയെ തിങ്കളാഴ്ച മൊഴിയെടുക്കാന്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. വെളിയത്തുപറമ്പ് ഭാഗത്തുവച്ച് മാല നഷ്ടപ്പെട്ട വിവരം സോന ഓട്ടോ ഡ്രൈവര്‍മാരെ അറിയിച്ചിരുന്നു. ഈ ഭാഗത്തുനിന്ന് മിനി എന്തോ കുനിഞ്ഞെടുക്കുന്നത് കണ്ടെന്ന് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
ബാങ്കിലേക്ക് പോകവേ കൈയിലിരുന്ന 50 രൂപ നോട്ട് താഴെപ്പോയത് എടുക്കുകയാണ് ചെയ്തതെന്നും മാലയെക്കുറിച്ച് അറിയില്ലെന്നും മിനി പൊലീസിനോട് പറഞ്ഞു. മുത്തശ്ശിക്ക് കേള്‍വിക്കുറവുണ്ടെന്നും ഉറക്കെ സംസാരിക്കണമെന്നും പറഞ്ഞതാണ് എസ്.ഐയെ പ്രകോപിപ്പിച്ചതെന്ന് 16കാരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഞാറയ്ക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിയെങ്കിലും ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























