വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും

മുഖ്യമന്ത്രിയായി വിഡി സതീശൻ എത്തിയ ശേഷമുള്ള ആദ്യ പത്രസമ്മേളനം. അതിൽ മുഖ്യമന്ത്രിയെ പൂക്കി മുഖ്യമന്ത്രിയാക്കിയത് വാഹന മോഡിഫിക്കേഷനുമായുളള നിലപാടായിരുന്നു. വാക്ക് പറഞ്ഞതാണല്ലോ. അതുകൊണ്ട് നടപ്പിലാക്കിയിരിക്കും എന്നായിരുന്നു വാഹന മോഡിഫിക്കേഷൻ മാറ്റങ്ങളുണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ഇപ്പുറം സീറ്റും കവറും മാറ്റം വരുത്തുന്നത് പോലുള്ള വളരെ ചുരുങ്ങിയ അനുമതികളേ ഉള്ളൂ എന്ന വർത്ത വന്നതോടെ ജെൻസികൾ സർക്കാറിനെതിരെ തിരിഞ്ഞു. എന്നാൽ ഇനിയതിന്റെ ആവശ്യമില്ല.. കാരണം അവരുടെ കാത്തിരിപ്പിന് ഇപ്പോള്‍ ഏകദേശം ഒരു തീരുമാനമായിരിക്കുകയാണ്.
വാഹന മോഡിഫിക്കേഷനില്‍ ഇളവ് എന്ന വാഗ്ദാനം സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അത് അനുസരിച്ചാണങ്കില്‍ ജൂലായ് 1 മുതല്‍ നൂറ് ദിവസത്തിനുള്ളില്‍ വാഗ്ദാനം നടപ്പായേക്കും. ഗതാഗത വകുപ്പിന്‍റെ നൂറ് ദിന പദ്ധതികളിലാണ് മോഡിഫിക്കേഷനും ഉള്‍പ്പെടുത്തുന്നത്. ഇന്നലെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും തുടര്‍ നടപടിക്ക് ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തത്.
ഇളവ് അനുവദിക്കാവുന്ന മോഡിഫിക്കേഷന്‍ പട്ടിക ആദ്യം മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിരുന്നു. 18 ഇനങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും നിലവിലുള്ളതാണ്. അതുകൊണ്ട് തന്നെ നിസാര ഇളവുകള്‍ പറഞ്ഞ് മുഖ്യമന്ത്രി ജെന്‍സികളെ പറ്റിച്ചെന്ന ആക്ഷേപവും ട്രോളും സോഷ്യല്‍ മീഡിയായില്‍ സജീവമായിരുന്നു.
എന്തായാലും ആ വിമര്‍ശനം ഗതാഗത വകുപ്പ് ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകുമോയെന്ന് പഠിക്കാന്‍ തീരുമാനിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അപകടകരമല്ലാത്ത എന്തെല്ലാം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് പഠിക്കുന്നത്. വിദഗ്ധ സമിതി പഠിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും അന്തിമ തീരുമാനം.
മോഡിഫിക്കേഷന്‍ വെറുതേ അനുവദിക്കാനല്ല ആലോചിക്കുന്നത്. ഓരോ മോഡിഫിക്കേഷനും നിശ്ചിത ഫീസ് ഏര്‍പ്പാടാക്കും. മോട്ടോര്‍ വാഹനവകുപ്പില്‍ അപേക്ഷ നല്‍കി, ഫീസ് അടച്ച് അനുവാദം വാങ്ങി വേണം മോഡിഫിക്കേഷന്‍ നടത്താന്‍. ഇതോടെ വണ്ടി പ്രേമികള്‍ക്ക് മോഡിഫിക്കേഷനുമാവും, സര്‍ക്കാരിന് വരുമാനവുമാവും എന്നതാണ് ആലോചന
https://www.facebook.com/Malayalivartha


























