തൃശൂര്‍ ഇങ്ങെടുക്കാ.... സഹകരണ മേഖലയിലെ കൊള്ളക്കെതിരെ സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന് കരുവന്നൂരില്‍; തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും ഐക്യദാര്‍ഢ്യമര്‍പ്പിക്കും

കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവി നടന്‍ സുരേഷ് ഗോപി ഏറ്റെടുക്കും. പക്ഷെ അതിന് മുമ്പ് തൃശൂരിന്റെ മനസ് ഇങ്ങെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ചു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ അദ്ദേഹവുമായി സംസാരിച്ചതിനെത്തുടര്‍ന്നാണു തീരുമാനം.
തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പുതിയ നിയമനം ബാധിക്കില്ലെന്നു വ്യക്തമായതോടെയാണു പദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപി സമ്മതിച്ചത്.
അതേസമയം സഹകരണ മേഖലയിലെ കൊള്ളയ്ക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. ഉച്ചയ്ക്ക് 1.30ന് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും ഐക്യദാര്‍ഢ്യമര്‍പ്പിക്കും.
തട്ടിപ്പില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തവരുടെയും ചികിത്സ കിട്ടാതെ മരിച്ചവരുടെയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഊരകം, ചേര്‍പ്പ്, ചെവ്വൂര്‍, പാലക്കല്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി വഴി കുറുപ്പം റോഡിലൂടെ സ്വരാജ് റൗണ്ടില്‍ കയറി തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പദയാത്ര സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് സമാപനം ഉദ്ഘാടനം ചെയ്യും.
സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയാണ് ഇന്നു നടക്കുന്നത്. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്കിലേക്ക് സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാന്‍ നാളെയും മറ്റന്നാളുമായി നിര്‍ണ്ണായക ചര്‍ച്ചകളാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിന് ഒപ്പം കേരള ബാങ്കിലെ കരുതല്‍ നിധിയില്‍ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്.
നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചര്‍ച്ച നടത്തുന്നത്. മറ്റന്നാള്‍ മന്ത്രി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം സുരേഷ് ഗോപിക്ക് തൃശൂരില്‍ മല്‍സരിക്കാന്‍ കളം ഒരുക്കുകയാണ് ഇഡിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ വന്നെന്ന് പറഞ്ഞെന്ന് തെറ്റാണെന്നും 91 വയസുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
ഇഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താന്‍ അധികാരമുള്ളത്. അങ്ങനെ പൊലീസുദ്യോഗസ്ഥന്റെ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാകുമോ? ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവര്‍ ചെയ്യേണ്ടതെന്ന് എംവി ഗോവിന്ദന്‍ ചോദിക്കുന്നു. ആ ശാസ്ത്രീയമായ ഒരന്വേഷണവുമല്ല, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് വേണ്ടി ആസൂത്രിതമായി , തിരക്കഥയുണ്ടാക്കി അവിടെ തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"
https://www.facebook.com/Malayalivartha

























