ജാഗ്രത തുടരണം... സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുന്നു; മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ മഴ ശക്തി പ്രാപിച്ചു; ഇന്നും മഴ തുടരും, കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകള്‍

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. തലസ്ഥാനമടക്കുമുള്ള തെക്കന്‍ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്.
രാവിലെ മുതല്‍ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളില്‍ ശക്തമായി തുടരുകയാണ്. രാത്രി പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിലും തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലയിലും മഴ ശക്തമായി തുടരുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെയും മഴ പ്രതികൂലമായി ബാധിച്ചു. വനമേഖലകളിലും മലയോരങ്ങളിലും മഴ തുടരുന്നതിനാല്‍ നദികളിലെ ഒഴുക്ക് ശക്തിപ്പെടുന്നു. ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇടുക്കി ഡാമിലെ ജലനിരപ്പ് 2339.68 അടിയായി. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സജ്ജരാണ്. നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചിട്ടുണ്ട്.
02.10.2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.
മധ്യകിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി പന്‍ജിമിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു. കിഴക്ക് - വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കന്‍ ഒഡീഷക്കും മുകളില്‍ സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാന്‍ സാധ്യത.
കേരള തീരത്ത് 02-10-2023 രാത്രി 11.30 വരെ 0.9 മുതല്‍ 2.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 0.8 മുതല്‍ 2.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
"
https://www.facebook.com/Malayalivartha

























