കരുവന്നൂര്‍ പരിഹരിക്കാന്‍ നീക്കം... 100 കോടിയുണ്ടെങ്കില്‍ കരുവന്നൂരിന് പരിഹാരമെന്ന് മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു; ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കി

കരുവന്നൂര്‍ വിഷയം കോണ്‍ഗ്രസും ബിജെപിയും ഏറ്റെടുത്തതോടെ വിഷയത്തിന് പരിഹാരവുമായി മുന്‍ സഹകരണ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍. കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സഹകരണ ബാങ്കുകളില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. അണ്ടര്‍ വാല്യുവേഷന്‍ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്‌നം.
ഇത്തരത്തില്‍ നല്‍കിയ വായ്പയില്‍ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കി. 100 കോടി രൂപയുണ്ടെങ്കില്‍ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചത്. ഇത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി. ഇതാണ് പ്രശ്‌നം വഷളാക്കിയത്.
ബാങ്കില്‍നിന്ന് കള്ളവായ്പയെടുത്ത ഒരുത്തന്റെ വാക്ക് കേട്ടാണ് എ.സി.മൊയ്തീനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം വായ്പ നല്‍കാന്‍ ശുപാര്‍ശ ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍ അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളം ഒരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളെ ഉള്‍പ്പെടെ ഇ.ഡി. അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഗോവിന്ദന്റെ പരാമര്‍ശം.
പി.ആര്‍.അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ വന്നെന്ന് പറഞ്ഞത് തെറ്റാണ്. 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു. ഇ.ഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താന്‍ അധികാരമുള്ളത്. അങ്ങനെ പൊലീസുദ്യോഗസ്ഥന്റെ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാകുമോ?. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവര്‍ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഒരന്വേഷണവുമല്ല.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുന്നതിനാണ് ശ്രമം. ആസൂത്രിതമായി, തിരക്കഥയുണ്ടാക്കി തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. രാജ്യം മുഴുവന്‍ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ്വെയര്‍ കേരളത്തില്‍ നടപ്പാക്കാത്തതിന് എന്തു ന്യായീകരണമാണ് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത്? 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല.
എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണം. എല്ലാ ബാങ്കിങ് ഇടപാടിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാവുമ്പോള്‍ ഇവിടത്തെ സഹകരണ ബാങ്കുകള്‍ പാലിക്കാത്തതെന്താണ്? നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കൂട്ടുനില്‍ക്കുന്നു. അതുകൊണ്ടാണ് ആരും അറിയാതെ കോടികള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ബാങ്കിങ് നിയമങ്ങള്‍ പാലിക്കാതെ ഞങ്ങള്‍ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം എന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha

























