ആ പിറന്നാള്‍ ആഘോഷം അവസാന ആഘോഷമായി..... പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ രണ്ട് യുവഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

ആ പിറന്നാള്‍ ആഘോഷം അവസാന ആഘോഷമായി..... പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ രണ്ട് യുവഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം
മറ്റൊരു ഡോക്ടര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥിനി, മെയില്‍ നഴ്‌സ് എന്നിവരെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഗോതുരുത്ത് കടല്‍വാ തുരുത്തിലെ പെരിയാറിന്റെ കൈവഴിയിലാണ് കാര്‍ പതിച്ചത്. കൊടുങ്ങല്ലൂര്‍ എ.ആര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ ബോധിനഗറില്‍ അദ്വൈത് (28) എന്നിവരാണ് മരിച്ചത്. എ.ആര്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഖാസിക്, നഴ്‌സ് കോട്ടയം സ്വദേശി ജിസ്മോന്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് കാര്യമായ പരിക്കില്ല.
അദ്വൈതാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സീറ്റിലായിരുന്നു അജ്മല്‍. അദ്വൈതിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തു പോയ സംഘം കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു.
മൂത്തകുന്നത്തിന് മുമ്പുള്ള ലേബര്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിയുന്നതിനു പകരം വലത്തേക്ക് തിരിഞ്ഞ് ഗോതുരുത്തിലേക്ക് കടന്നു. ഗൂഗിള്‍ മാപ്പ് ഈ ഭാഗത്തേക്ക് ദിശ കാട്ടുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.ഈ റോഡ് കടല്‍വാതുരുത്ത് പള്ളിക്ക് സമീപം പുഴക്കരയില്‍ അവസാനിക്കുന്നതറിയാതെ മുന്നോട്ടുപോയി. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണെന്ന് കരുതി. സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്നയാള്‍ ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം കണ്ടത്. മറ്റുള്ളവരെ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
നീന്തി കരയ്ക്കടുത്ത് എത്തിയ ഡോ.ഖാസിക്കിനെയും ജിസ്മോനെയും രക്ഷിച്ചു. രക്ഷാപ്രവര്‍ത്തകരിലൊരാളായ അബ്ദുല്‍ ഹഖ് വിദ്യാര്‍ത്ഥിനിയെ കരയിലെത്തിച്ചു. കാര്‍ മുങ്ങി. അജ്മലും അദ്വൈതും പുറത്തിറങ്ങിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ മംഗള ഭാനുവിന്റെയും കൊറ്റംകുളങ്ങര വി.എച്ച്.എസ്.എസ് റിട്ട. ക്ലാര്‍ക്ക് കെ. സുപ്രിയയുടെയും ഏക മകനാണ് അദ്വൈത്. അവിവാഹിതനാണ്. ഇന്ന് രാവിലെ പാലത്തറ ബോധിനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം രാവിലെ 11.30ന് ചവറയിലെ മാതാവിന്റെ കുടുംബ വീടായ പത്തിശേരിയില്‍ സംസ്‌കരിക്കും.
പാപ്പിനിവട്ടം സഹകരണ ബാങ്ക് ഇന്റേണല്‍ ഓഡിറ്റര്‍ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സയുടെയും മകനാണ് അജ്മല്‍. മതിലകം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha

























