മഴയും, വെളിച്ചമില്ലായ്മയും, സ്ഥലപരിചയക്കുറവും വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശയക്കുഴപ്പത്തിലാക്കി:- അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ തേടിയെത്തിയ മരണം... ഞെട്ടലോടെ ഉറ്റവർ

പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങിയ അഞ്ചംഗ സംഘം ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി പുഴയിൽ വീണ് ഡോക്ടർമാർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ചതുകൊണ്ടാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രക്ഷപ്പെട്ടവർ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എറണാകുളത്തു നിന്നും കൊടുങ്ങല്ലൂർക്കു പോകുന്ന വാഹനങ്ങൾ സാധാരണ വരാപ്പുഴ വഴി പറവൂർ-കൊടുങ്ങല്ലൂർ ദേശീയപാതയെയാണ് ആശ്രയിക്കാറ്. ഇവിടെ പല ഭാഗത്തും റോഡ് തകർന്നുകിടക്കുന്നതിനാൽ പറവൂരിൽ നിന്നും ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് വഴി കുര്യാപ്പിള്ളി ലേബർ കവലയിൽ എത്തിയും പോകാറുണ്ട്.
ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ട കാർ ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയുടെ കടവിലാണ് മുങ്ങിത്താഴ്ന്നത്. ദേശീയപാത വഴി കുര്യാപ്പിള്ളി ലേബർ കവലയിൽ എത്തിയ ശേഷം ഇടത്തോട്ട് വൺവേ റോഡിലേക്ക് തിരിയേണ്ടതിനു പകരം വലത്തേട്ട് കുര്യാപ്പിള്ളി ഗോതുരുത്തിലേക്ക് തിരിഞ്ഞതോടെയാണ് വഴിതെറ്റിയതെന്ന് അപകടത്തിൽ രക്ഷപ്പെട്ട യുവതി പോലീസിനോട് പറഞ്ഞു.
മഴയും വെളിച്ചമില്ലായ്മയും സ്ഥലപരിചയക്കുറവും വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് കരുതുന്നത്. മരിച്ച അദ്വൈതാണ് കാർ ഓടിച്ചിരുന്നത്. അഞ്ചു പേരും അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനു ശേഷം കൊച്ചിയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ച റോഡിലൂടെ വഴിതെറ്റി ഗോതുരുത്തിൽ എത്തിയ ഇവർ വെള്ളക്കെട്ടാണെന്ന് കരുതി പുഴയിലേക്ക് കാർ ഇറക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
അപകടത്തിന് ആദ്യ ദൃക്‌സാക്ഷിയായത് മലപ്പുറം കെ.കെ. അങ്ങാടി തൂമ്പത്ത് വീട്ടിൽ അബ്ദുൾ ഹഖ് എന്ന പത്തൊമ്പതുകാരനായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും വിളിച്ചിറക്കി ഈ യുവാവാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ട്രസ്സ് വർക്കുമായി ബന്ധപ്പെട്ടാണ് രണ്ടു ദിവസം മുൻപ് ഇവർ ഗോതുരുത്തിൽ എത്തിയത്. കടവിനോടു ചേർന്ന് വാടകമുറിയിലാണ് രണ്ടു ദിവസമായി ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 12.30-ഓടെ വീട്ടിൽ നിന്ന് ഉമ്മയുടെ ഫോൺ വന്നപ്പോഴാണ് അബ്ദുൾ ഹഖ് മുറിക്ക് പുറത്തിറങ്ങുന്നത്.
ഫോണിൽ സംസാരിച്ചു നിൽക്കവേ പാഞ്ഞുവന്ന കാർ പുഴയിലേക്ക് പതിക്കുന്നത് കണ്ടു. രക്ഷിക്കണേ എന്ന നിലവിളിയും കേട്ടു. ഉടനെ മുറിയിലുണ്ടായിരുന്ന ഷംനാദ്, സുരേഷ്, സൽമാൻ എന്നിവരുമായി പുഴയരികിലേക്ക് ഓടിയെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർ കരയിലേക്ക് നീന്തി വരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഒരാൾ കുഴഞ്ഞ അവസ്ഥയിലായി.
ഇവരെ കരയ്ക്കു കയറ്റിയ ശേഷം കയർ സംഘടിപ്പിച്ച് അരയിൽ കെട്ടി, പുഴയിൽ മുങ്ങിയും പൊങ്ങിയും നിന്ന യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും സമീപത്ത് ചാത്തേടം ജലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ഗോതുരുത്ത് പുത്രൻ ഓടിവള്ളത്തിലെ തുഴക്കാരായ മുപ്പത്തിയേഴോളം കേരള പോലീസ് ടീമംഗങ്ങളും നാട്ടുകാരും ഫയർഫോഴ്‌സും പോലീസും എത്തിയിരുന്നു. അവരോടൊപ്പം ആദ്യാവസാനം വരെ ഈ നാലു പേരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കേരള പോലീസ് ടീമിൽപ്പെട്ടവരും എക്‌സൈസും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പുഴ നിറയെ വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടായിരുന്നു. പുഴയിൽ വീണ കാറിൽ നിന്ന് ഡോ. ഹാസിഖും ജിസ്‌മോനും നീന്തി കരയോട് അടുത്ത് എത്തിയിരുന്നു. അവരെയും ഒഴുക്കിൽപെട്ട തമന്നയെയും അബ്ദുൾ ഹഖ് നീന്തിച്ചെന്ന് വടംകെട്ടി കരയിൽ എത്തിക്കുകയായിരുന്നു.
മുങ്ങിപ്പോയ കാർ പറവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും നാട്ടുകാരും ചേർന്ന് രാത്രി ഒന്നര മണിയോടെ കരയ്‌ക്കെത്തിച്ചു. പുലർച്ചെ മൂന്നരയോടെയാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മതിലകം പാപ്പനിവട്ടം സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്‌സയുടെയും മകനാണ് ഡോ. അജ്മൽ. സഹോദരങ്ങൾ: ഡോ. അജ്മി, അൽഫാസ്. റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജി. മംഗളഭാനുവിന്റെയും വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ സുപ്രിയയുടെയും ഏക മകനാണ് ഡോ. അദ്വൈത്.
https://www.facebook.com/Malayalivartha

























