വിവാഹ നിശ്ചയത്തിന്റെ സന്തോഷ ആരവങ്ങൾക്കിടെ പുറത്തായത് അരുംകൊലകളും; ആത്മഹത്യയും:- ബിന്ദുവിന്റെ പിൻകഴുത്തിൽ നിറയെ വെട്ടുകൾ:- ഭിന്നശേഷിക്കാരനായ മകന് വെട്ടേറ്റത്, അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചതിനിടെ എന്ന് സംശയം...

വിവാഹ നിശ്ചയത്തിന്റെ സന്തോഷാരവങ്ങളിലേക്ക് നീങ്ങേണ്ടിയിരുന്ന വീട്ടിൽ അരുംകൊലകളും, ആത്മഹത്യയും അരങ്ങേറിയെന്ന് അറിഞ്ഞ് അടിവാരം ഇറക്കത്തിലെ ഇരുനില വീട്ടിലേക്ക് ആളുകൾ ഓടിയെത്തി. കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരിയിലെ ചിതലയം, സ്വദേശി ഷാജു, ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ഈ വാർത്ത ആറാം മൈൽ അടിവാരം ഗ്രാമത്തിൽ കാട്ടുതീപോലെ പടർന്നു. കേട്ടവരെല്ലാം ഓടിയെത്തി. ഇരുപത്തേഴുകാരനായ മകനെ വരാന്തയിലും, ബിന്ദുവിനെ കിടപ്പുമുറിയിലുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തൂങ്ങി മരിക്കാൻ ശ്രമം നടത്തിയെന്നും സംശയമുണ്ട്. സമീപത്ത് തന്നെ കയർ കണ്ടെത്തിയിരുന്നു.
വാക്കത്തിയും നീണ്ടു കൂർത്ത കറിക്കത്തിയും പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബിന്ദു ഉറങ്ങിക്കിടന്നപ്പോൾ ഷാജു ആക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. ബിന്ദുവിന്റെ പിൻകഴുത്തിൽ നിറയെ വെട്ടുകളുണ്ടായിരുന്നു. ബേസിലിന്റെ നെഞ്ചിൽ ആഴത്തിലുള്ള ഒരു മുറിവാണ് ഉണ്ടായിരുന്നത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിച്ചപ്പോഴാണോ ബേസിൽ ആക്രമിക്കപ്പെട്ടതെന്ന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാന്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് ലംഘിച്ച് വീട്ടിലെത്തിയ ഷാജു എപ്പോൾ വീട്ടിലെത്തിയെന്നോ, വാതിൽ വീട്ടുകാർ തുറന്നു കൊടുത്തതാണോ, രഹസ്യമായി കയറി ഇരുന്നതാണോ എന്നും വ്യക്തമല്ല. ഒരു കത്ത് കണ്ടെടുത്തതായും പറയുന്നു. ഇന്നലെ 2 കിലോമീറ്റർ മാറിയുള്ള ബിന്ദുവിന്റെ മാതൃ സഹോദരിയുടെ വീട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെയായിരുന്നു അരുംകൊലകൾ. വിവാഹ നിശ്ചയച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ബേസിലിന്റെ സഹോദരി യുകെയിലുള്ള ബെയ്സിയും മാനന്തവാടിയിലെ ഭർതൃ വീട്ടിലെത്തിയിരുന്നു.
രാവിലെ ഏഴരയായിട്ടും മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ബിന്ദുവിന്റെ പിതാവ് പൗലോസും മാതാവ് ലീലാമ്മയും സംഭവം നടന്ന വീട്ടിലേക്കെത്തിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുൻ പഞ്ചായത്ത് അംഗം വി.പി. സുഹാസിന്റെ സഹായത്തോടെയാണ് നാട്ടുകാരെത്തി പിൻവാതിൽ തുറന്ന് അകത്തു കടന്നത്.
നേരത്തേ ആറാം മൈലിൽ പലചരക്കു കച്ചവടം നടത്തുകയായിരുന്നു ഷാജു. പിന്നീട് അരിയുടെ മൊത്തക്കച്ചവടം, ഹോട്ടൽ ബിസിനസ് എന്നിവയും നടത്തി. വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു ഇപ്പോൾ. ചെതലയം ടൗണിലുണ്ടായിരുന്ന വീട് വിറ്റാണ് ആറാം മൈലിലെ ഇപ്പോഴത്തെ വീട്ടിലേക്ക് ഷാജുവും കുടുംബവും എത്തിയത്.
ഭാര്യയോടും ഭാര്യാവീട്ടുകാരോടും വഴക്കിടുക ഷാജുവിന്റെ പതിവായിരുന്നു. മാതാപിതാക്കളും സഹോദരനും താമസിക്കുന്ന തറവാട്ടുവീട്ടിലും അത്ര രസത്തിലായിരുന്നില്ല ഷാജുവിന്റെ ഇടപെടൽ. രണ്ടു മാസം മുൻപ് ഷാജുവിനെ വീടിനടുത്ത് കെട്ടിയിട്ടിരുന്നതായും പറയപ്പെടുന്നുണ്ട്. അതിന്റെ വൈരാഗ്യവും കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
മീനങ്ങാടി യെൽദോ മാർ ബസേലിയോസ് കോളജിൽ അറ്റൻഡറായിരുന്നു യൂത്ത് കോൺഗ്രസ് നേതാവു കൂടിയായ ബേസിൽ. ഭിന്നശേഷിക്കാരനായ ബേസിലിന്റെ മരണം നാടിനെ മാത്രമല്ല വലിയ സുഹൃദ് വലയങ്ങളെയും സംഘടനാ സഹപ്രവർത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ഫലം കാത്തിരിക്കുകയുമായിരുന്നു ബേസിൽ. നാട്ടിൽ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയിരുന്ന ബേസിൽ, സ്ഥിരം പ്രശ്നക്കാരനായിരുന്ന പിതാവിനെ ഭയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന കുടുംബ മധ്യസ്ഥ ചർച്ചകളിലും ബേസിൽ അത് വ്യക്തമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവി പഥം സിങ്, ഡിവൈഎസ്പി മാരായ കെ.കെ.മുഹമ്മദ് ഷരീഫ്, എൻ.ഒ. സിബി, പൊലീസ് ഇൻസ്പെക്ടർമാരായ എം.എ.സന്തോഷ്, ബിജു ആന്റണി, അബ്ദുൽ കരീം, എസ്ഐ ശശികുമാർ എന്നിവർക്കൊപ്പം ഡോഗ് സ്‌ക്വഡും, ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
https://www.facebook.com/Malayalivartha
























