ബംഗാള്‍ ഉൾക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ഇന്ന് ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെടും. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായതിനു പിന്നാലെയാണിത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേ സമയത്ത് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവപ്രതിഭാസമാണ്. 2018-ലാണ് മുമ്പ് ഇതുപോലെ സംഭവിച്ചത്. തീവ്ര ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്കാണ് നീങ്ങുന്നതെന്നാണ് നിരീക്ഷണം. താരതമ്യേനെ ശക്തി കുറഞ്ഞ ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്. ഹമോൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെന്നാണ് നിഗമനം. ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുര്‍ബലമാകും. ചുഴലിക്കാറ്റുകൾക്കായി അംഗീകരിച്ച പേരുകളുടെ പട്ടികയിൽ ഇറാൻ നിർദേശിച്ചതാണ് ഹമൂൺ എന്ന പേര്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഒഡിഷയിലെ പാരദീപിനും പശ്ചിമബംഗാളിലെ ദിഗയ്ക്കും സമീപത്താണുള്ളത്. ഇത് ശക്തിപ്രാപിച്ച് 24-ഓടെ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. എന്നാൽ, വേഗം കുറവായിരിക്കും. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 23-10-2023ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരുകാറ്റുകളും കേരളത്തിൽനിന്ന് വളരെ അകലെയായതിനാൽ സംസ്ഥാനത്ത് ഇവയുടെ സ്വാധീനത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ.
സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് ഉള്ള ജില്ലകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
കോഴിക്കോട് എന്നിവയാണ്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
https://www.facebook.com/Malayalivartha
























