ചൈനയുടെ കുതന്ത്രം... ഇന്ത്യയുമായി തര്‍ക്കത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിമാനത്താവളവും ഹെലിപാഡുകളുമടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന തുടരുന്നതായി യു.എസ് പ്രതിരോധ വിഭാഗം; ഭൂട്ടാനില്‍ തര്‍ക്കത്തിലുള്ള മേഖലയില്‍ പുതിയ ഗ്രാമം നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ട്

അതിര്‍ത്തിയിലെ കടന്നു കയറ്റത്തിന് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയതാണ്. അതേസമയം ഇന്ത്യയുമായി തര്‍ക്കത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിമാനത്താവളവും ഹെലിപാഡുകളുമടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന തുടരുന്നതായി യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കൂടാതെ ഭൂട്ടാനില്‍ തര്‍ക്കത്തിലുള്ള മേഖലയില്‍ പുതിയ ഗ്രാമം നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സേനയുമായുണ്ടായ സംഘര്‍ഷങ്ങള്‍ക്കു ശേഷവും യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും സേനാ സാന്നിധ്യവും ചൈന തുടരുകയാണ്. ധോക്‌ലാമിനടുത്ത് ഭൂഗര്‍ഭ സംഭരണ കേന്ദ്രം, മൂന്നു സെക്ടറുകളിലായി പുതിയ റോഡുകള്‍, പങ്ങോങ് തടാകത്തിനു കുറുകെ രണ്ടാം പാലം, മധ്യ സെക്ടറില്‍ വിമാനത്താവളം, ഒന്നിലേറെ ഹെലിപാഡുകള്‍ എന്നിവയെല്ലാം പുതുതായി നിര്‍മിച്ചവയില്‍പെടും.
സൈനിക സാന്നിധ്യം കൂട്ടിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുമായി സംഘര്‍ഷമുണ്ടായ 2022ല്‍ ചൈന അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. ചൈനയുടെ സൈനിക, സുരക്ഷാ മാറ്റങ്ങള്‍ 2023 എന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നിരവധി നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ക്കു ശേഷവും കിഴക്കന്‍ ലഡാക്കിലെ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. വിവിധ സൈനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച 4 കംബൈന്‍ഡ് ആംസ് ബ്രിഗേഡുകള്‍ നിയന്ത്രണരേഖയിലെ പടിഞ്ഞാറന്‍ സെക്ടറില്‍ 2022ല്‍ വിന്യസിച്ചു. പുറമേ കിഴക്കന്‍ സെക്ടറില്‍ മൂന്നും മധ്യ സെക്ടറില്‍ മൂന്നും യൂണിറ്റ് സിഎബിയെ നിയോഗിച്ചു. ഇതില്‍ ചിലതു പിന്‍വലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണ രേഖയില്‍ തുടരുകയാണ്. ഗല്‍വാന്‍ താഴ്‌വരയില്‍ 2020 ജൂണ്‍ 15ന് നടന്നത് 45 വര്‍ഷത്തിനിടെയുള്ള ഭീകരമായ ഏറ്റുമുട്ടലായിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ഇതു മോശമായി ബാധിച്ചു.
ചൈന അന്നു വിന്യസിച്ച സേന ഇപ്പോഴും തുടരുകയാണ് റിപ്പോര്‍ട്ട് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നു നാമമാത്രമായ പുരോഗതി മാത്രമാണ് ഉണ്ടായത്. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ചൈനയുമായുള്ള ബന്ധം പഴയതുപോലെ ആവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ചൈനയ്ക്ക് 500 പ്രവര്‍ത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നും 2030 ആകുമ്പോള്‍ അത് ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020 മേയില്‍ ആണ് അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പാംഗോങ് ട്‌സോ, ഗല്‍വാന്‍ (ലഡാക്ക്) എന്നിവിടങ്ങളില്‍ ഇരു സൈന്യവും തമ്മില്‍ അടിപിടിയും കല്ലേറുമുണ്ടായി. ജൂണില്‍ ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.
അരുണാചല്‍ അതിര്‍ത്തിക്കു സമീപം ചൈന 3 ഗ്രാമങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തി മേഖലകളില്‍ പൗരന്മാരെ താമസിപ്പിച്ച് സ്വാധീനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നത്.
അതേസമയം സൈനികര്‍ക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ അരുണാചല്‍പ്രദേശിലെ തവാങ്ങിലെ ഫോര്‍വേഡ് ബേസില്‍ ചൊവ്വാഴ്ച്ച സൈനികര്‍ക്കൊപ്പം നവരാത്രി ആഘോഷങ്ങളില്‍ രാജ്നാഥ് സിംഗ് പങ്കെടുക്കുമെന്ന് കേന്ദ്ര ഇതിവൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























