ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം; ആദ്യാക്ഷര മധുരം നുകരാൻ ഒരുങ്ങി കുരുന്നുകൾ

നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ.
രാവിലെ മുതൽ ദേവീക്ഷേത്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കണ്ണൂർ പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലശ്വരീ ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരീ ക്ഷേത്രം തുടങ്ങിയ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഗ്രന്ഥംവയ്പ്പിനെത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും വൻ തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്‌തക പൂജാ മണ്ഡപങ്ങളിൽ ഇന്ന് രാവിലെയും വൈകിട്ടും സരസ്വതീ പൂജ നടക്കും. മനസ്സിൽ വിദ്യാവെളിച്ചവും ജ്ഞാനപ്രകാശവും നിറയ്‌ക്കാനുള്ള പ്രാർഥനയുമായി പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്‌തക പൂജവയ്‌പ് നടന്നു. പുസ്‌തകങ്ങളും എഴുത്തുപകരണങ്ങളും പൂജയ്‌ക്ക് വച്ചു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. വ്രതം നോൽക്കുന്ന വിദ്യാർഥികൾ വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കും. നാളെ രാവിലെ സരസ്വതി പൂജയ്‌ക്ക് ശേഷമാണ് പൂജയെടുപ്പ്.
ദേവീക്ഷേത്രങ്ങൾക്ക് പുറമേ മറ്റു ക്ഷേത്രങ്ങളിലും മഹാനവമി ഭാഗമായ വിശേഷാൽ പൂജകളും വിദ്യാരംഭവും നടക്കും. സ്കൂളുകളിലും കലാപഠന കേന്ദ്രങ്ങളിലും ഗ്രന്ഥംവയ്പ്പ്, വിദ്യാരംഭം എന്നിവ നടത്തുന്നുണ്ട്. ഇന്നലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാൻ പുലർച്ച മുതൽ ഭക്തജനത്തിരക്കായിരുന്നു.സരസ്വതിയെ തൊഴുത ഭക്തർ ആര്യശാലയിലും ചെന്തിട്ടയിലെയും ക്ഷേത്രങ്ങളിൽ പൂജയ്ക്കിരുത്തിയ നവരാത്രി വിഗ്രഹങ്ങളെയും വണങ്ങി.മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000ത്തോളം പേർക്ക് പൂജപ്പുര സരസ്വതിമണ്ഡപത്തിലും എഴുത്തിനിരുത്തും.
.ആറ്റുകാൽ ഭഗവതിക്ഷേത്രം,കരിക്കകം ചാമുണ്ഡിക്ഷേത്രം,ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയപ്പും വിദ്യാരംഭവും നടക്കും.ശിവഗിരിമഠം,അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്പ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.കരമന നിന്നും രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും.തുടർന്ന് കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് സരസ്വതി മണ്ഡപത്തിലെത്തും. ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം.വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിക്കും.സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്നും മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം,കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും.25ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 26ന് രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രസ്ഥലമായ പദ്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളിക്കും.
https://www.facebook.com/Malayalivartha
























