സബ് ജയിലിൽ നിന്നു ചാടി രക്ഷപ്പെട്ടു, മോഷണ കേസ് പ്രതിയെ ബാലുശ്ശേരി പൊലീസ് പിടികൂടി

കോഴിക്കോട് കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പ്രതി പിടിയിൽ. റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെ പൂനൂരിൽ നിന്നാണ് പിടികൂടിയത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ജനറേറ്റന്റെ കോപ്പർ കമ്പികൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴി ഇയാൾ ജയിൽ ചാടുകയായിരുന്നു. മോഷണ കേസിൽ ബാലുശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. ബോബി ഫിലിപ്പ് എന്നയാളെയാണ് എറണാകുളം എസിപിയുടെ സ്ക്വാഡ് മൂവാറ്റുപുഴയിൽ നിന്നു പിടികൂടിയത്. പ്രതി ധനകാര്യ സ്ഥാപനങ്ങളിലും താമസിക്കുന്ന ഹോട്ടലുകളിലും നൽകിയിരുന്നത് വ്യാജ ആധാർ കാർഡാണ്. ഇവ പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എറണാകുളത്തെ തട്ടിപ്പിന്റെ സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതി ബോബി ഫിലിപ്പിനെ തിരിച്ചറിഞ്ഞത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ മുപ്പതിലധികം സമാന കേസിൽ പ്രതിയാണ് ബോബി ഫിലിപ്പെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























