ഫാമുടമയും യുവ കർഷകനുമായ മത്തായിയുടെ മരണം; പ്രതികൾ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥർ:- സി.ബി.ഐയുടെ കണ്ടെത്തലുകൾ ശരി വച്ച് വനംവകുപ്പ്: തലസ്ഥാന സി ബി ഐ കോടതി പ്രതികളെ വിചാരണ ചെയ്യും...

പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് റെയ്ഞ്ച് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊലപാതകമല്ലാത്ത നരഹത്യ കേസിൽ എല്ലാ പ്രതികളും ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. പ്രതികളായ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥർ ജനുവരി 30 ന് ഹാജരാകാൻ സിബി ഐ ജഡ്ജി കെ.എസ്. രാജീവ് ഉത്തരവിട്ടു.
പ്രതികളായ 1.ആർ. രാജേഷ് കുമാർ (ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ). 2. എ.കെ പ്രദീപ് കുമാർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ). 3.ജോസ് ഡിക്രൂസ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ). 4. ടി. അനിൽകുമാർ, (ബീറ്റ് ഫോറസ്റ്റ് ഓഫീസർ). 5.എൻ.സന്തോഷ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ). 6. വി.എം.ലക്ഷ്മി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ).
7. ഇ.ബി.പ്രദീപ് കുമാർ (ട്രൈബൽ വാച്ചർ) എന്നിവരാണ് ഹാജരാകേണ്ടത്. 10വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ നരഹത്യയാണ് പ്രതികൾ ചെയ്തെന്ന് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ സിബിഐ പറയുന്നു. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ.എസ്.ഷെഖാവത്താണ് കുറ്റപത്രം സമർപ്പിച്ചത്.
2020 ജൂലയ് 28 ന് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചതിന് നിരവധി തെളിവുകൾ സി.ബി.ഐ യുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. നാലുമുക്കിൽ വനത്തിൽ സ്ഥാപിച്ചിരുന്ന കാമറയിലെ സിംകാർഡ് മോഷ്ടിച്ചുവെന്നായിരുന്നു മത്തായിക്കെതിരെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്.
സംഭവ ദിവസം വൈകിട്ട് നാല് മണിയോടെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലക സംഘം മത്തായി താമസിച്ചിരുന്ന അരീക്കക്കാവിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്ര റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ് മെമ്മോയില്ലാതെ മത്തായിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്ത മാതാവിനെ തളളിയിട്ടതിനെ തുടർന്ന് അവർ ബോധരഹിതയായി. നാലുമുക്കിലേക്കുള്ള യാത്രയ്ക്കിടെ മത്തായിക്ക് പല തവണ മർദ്ദനമേറ്റു.
ക്യാമറയിലെ സിം കാർഡുകൾ മത്തായിയുടെ കുടപ്പനയിലെ കുടുംബവീടിനോടു ചേർന്നുള്ള കിണറ്റിലെറിഞ്ഞുവെന്നായിരുന്നു വനംവകുപ്പ് ആരോപിച്ചിരുന്നത്. സിം കാർഡ് കണ്ടെത്താനായി മത്തായിയെ കിണറ്റിന്റെ കരയിലെത്തിച്ചു. കിണറ്റിലിറങ്ങി സിംകാർഡ് എടുക്കാൻ വനപാലകർ നിർബന്ധിച്ചു. മത്തായിക്ക് ഒരു സുരക്ഷയുമൊരുക്കിയില്ല. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സി.ബി. ഐ റിപ്പോർട്ടിൽ പറയുന്നു.
മത്തായിയെ രക്ഷപെടുത്താൻ ശ്രമിക്കാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സംഘവും ജീപ്പ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മത്തായി മരണപ്പെട്ടിരുന്നു. രാത്രി ഒൻപതരയോടെ വനപാലക സംഘം കരികുളം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് കാമറ നശിപ്പിച്ചെന്ന് പറയുന്ന കേസിൽ മഹസർ തയ്യാറാക്കിയത്.
പിറ്റേന്ന് പുലർച്ചെ രണ്ടരയോടെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വനപാലകർ മഹസർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. മഹസറിൽ മത്തായിയെ കസ്റ്റഡിയിലെടുത്തതിന്റെയും മറ്റും സമയവും സ്ഥലവും ഉൾപ്പെടെ ഒട്ടേറെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നതായി ലോക്കൽ പൊലീസും സി.ബി.ഐ യും കണ്ടെത്തി.
മത്തായിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസെടുക്കാതെ വിട്ടയക്കുന്നതിന് ഇടനിലക്കാരായ അരുൺ സത്യൻ, ഷിബൻ എന്നിവർ മുഖേന വനപാലകർ 75,000രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി സത്യമാണെന്ന് സി.ബി.ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം ചിറ്റാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഷീബാമോളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. സി.ബി.ഐ യുടെ അന്വേഷണ റിപ്പോർട്ട് ശരിവച്ച വനംവകുപ്പ് 2022 ജൂൺ 18 ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി.
മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർ, സി.ബി.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് പ്രോസിക്യൂഷന് അനുമതി നൽകിക്കൊണ്ടുള്ള വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ടു ചെയ്യാൻ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റാൻ അധികാരപ്പെട്ട വകുപ്പ് മേധാവിയുടെ അനുമതി വേണമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരമുള്ള അനുമതിയാണ് സി ബി ഐ തേടിയത്.
എഫ്.ഐ.ആർ, സാക്ഷിമൊഴികൾ, ഫയലുകൾ, തെളിവുകൾ തുടങ്ങിയവ പരിശോധിച്ചപ്പോൾ മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ സി ബി ഐ ക്ക് നൽകി അനുമതി ഉത്തരവ് കുറ്റപത്രത്തോടൊപ്പം സി ബി ഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിട്ടിയച്ച ശേഷം മത്തായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നും അതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. അതേ സമയം, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കൽ എന്നിവയുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ വനംവകുപ്പ് അധികൃതർ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാൻ പോലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിവന്ന അന്വേഷണത്തിൽ മരണപ്പെട്ട മത്തായിയുടെ കുടുംബം തൃപ്തരാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആശങ്ക ഉയർത്തിയിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതി മുൻപാകെ ഹർജി ഫയൽ ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധം വ്യാപകമായതോടെയും കേസ് ഡയറി പരിശോധിച്ചതിൽ പോലീസ് , ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ഇഴഞ്ഞു നീങ്ങുന്നതായും കണ്ടെത്തിയ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
മത്തായിയുടെ മരണം നടന്ന് മുപ്പത്തൊമ്പതാം ദിവസമായിരുന്നു സി.ബി.ഐ സംഘത്തിന്‍റെ മേൽനോട്ടത്തിൽ റീ - പോസ്റ്റുമോർട്ടം നടന്നത്. വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പോസ്റ്റുമോർട്ടത്തിൽ ബന്ധുക്കൾ ആരോപിക്കും വിധമുള്ള ചില സംശയങ്ങൾ ഉയർന്നിരുന്നു. ശ്വാസകോശത്തിൽ ചെളിയുടെ അംശം. തലയിൽ ഇടത് ഭാഗത്ത് ആഴത്തിലുളള ക്ഷതം. ഇടത് കൈമുട്ടിനോട് ചേർന്ന്, അസ്ഥിക്ക് പൊട്ടൽ.
പൊട്ടലും ക്ഷതങ്ങളും തുടങ്ങിയവ വീഴ്ചയിൽ സംഭവിച്ചതാകാമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. 41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. '' നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനുവേണ്ടിയുള്ള പോരാട്ടം തുടരു" മെന്നും മത്തായിയുടെ ഭാര്യ ഷീബാമോൾ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























