മാത്യു കുഴൽനാടനെ പ്രകോപിപ്പിക്കരുത്...മുട്ടിടിച്ച് പിണറായി, മുഖ്യമന്ത്രിയും മകളും മാസങ്ങളായി വെട്ടിലായ മാസപ്പടി വിവാദത്തെ ഐജിഎസ് ടി റിപ്പോർട്ടിലൂടെ മറികടക്കാൻ സിപിഎമ്മിന്റെ രാഷ്ട്രീയനീക്കം, ആദായ നികുതി അടച്ച സംഭവത്തിൽ ഇനി പ്രതികരിക്കണ്ടത് കേന്ദ്രസർക്കാർ?

മുഖ്യമന്ത്രിയും മകളും മാസങ്ങളായി വെട്ടിലായ മാസപ്പടി വിവാദത്തെ ഐജിഎസ് ടി റിപ്പോർട്ടിലൂടെ മറികടക്കാനാണ് സിപിഎമ്മിൻറെ രാഷ്ട്രീയനീക്കം. കോൺഗ്രസ് നേതൃത്വം തൊടാൻ മടിച്ചപ്പോൾ വിവാദം കടുപ്പിച്ച് ഉന്നയിച്ച മാത്യുവാണ് പ്രധാന ലക്ഷ്യം. സിഎംആർഎല്ലിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ച 1.72 കോടിക്ക് നികുതി അടച്ചുവെന്ന സർക്കാർ റിപ്പോർട്ടാണ് പ്രധാന ആയുധം. ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയതെന്ന ആദായ നികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡിൻറെ കണ്ടെത്തലിൽ മറുപടിയില്ല. ഇത് ആദ്യം സമ്മതിച്ച് പിന്നെ സിഎംആർഎൽ ഉദ്യോഗസ്ഥർ തിരുത്തികൊടുത്ത സത്യവാങ്മൂലം സ്വീകരിക്കാത്തതിൽ ആദായ നികുതി വകുപ്പിനെ പഴിച്ചും മാധ്യമങ്ങളോട് ക്ഷുഭിതനായും എല്ലാം ഐജിഎസ്ടിയിൽ തീർക്കുന്നു പാർട്ടി.
'എക്സാലോജികിന്റെ ഭാഗത്ത് നിന്നും ഐടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സേവനവും ലഭിച്ചെന്ന് സിഎംആർഎൽ സത്യവാങ്മൂലം നൽകിയതാണ്. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽ റിഡ്രസൽ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിൽ ഇൻകം ടാക്സിനും ജിഎസ്‌ടി വകുപ്പിനും പരാതിയില്ല.
മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത്.വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുക എന്നുമായിരുന്നു എകെ ബാലന്റെ പ്രതികരണം.
അതേസമയം, ഐജിഎസ് ടി അടച്ചെന്ന കണ്ടെത്തൽ വരുമ്പോഴും മാത്യു വിടാൻ ഒരുക്കമല്ല. മാത്യുവിനറെ ഐജിഎസ്ടി പരാതി ശരിയല്ലെന്ന് സർക്കാർ റിപ്പോർട്ടിനായി കാത്തിരുന്ന സിപിഎം മാസപ്പടി ഡയറിയിലെ പിവി എന്നാൽ പിണറായി ആണെന്ന മൊഴികളടക്കം വിട്ട് ആക്രമണശൈലിയിലേക്ക് മാറുന്നു. അതേസമയം തന്നെ ചെയ്യാത്ത സേവനത്തിന് ലഭിച്ച പണത്തിന് നികുതി ഒടുക്കിയാൽ വിവാദം തീരുമോ, ആദായ നികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡിൻറെ തനിക്കെതിരായ കണ്ടെത്തൽ മാറ്റാനും മേൽ നിയമനടപടിക്കും എന്തുകൊണ്ട് വീണാ വിജയൻ ശ്രമിക്കുന്നില്ല എന്നീ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരവുമില്ല.
'എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ട്. വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണ്. വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കിൽ മാപ്പ് പറയും. മറിച്ചാണെങ്കിൽ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ല. ' - മാത്യു പ്രതികരിച്ചു.
മുഖ്യമന്ത്രിയെ എക്കാലവും പ്രതിസന്ധിയിലാക്കിയത് കുഴൽ നാടനാണ്. മുമ്പ് അദ്ദേഹം പിണറായിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. അത് സ്പീക്കർ തള്ളി.മുമ്പും മുഖ്യമന്ത്രിയുടെ മകളെ കേന്ദ്രീകരിച്ചാണ് മാത്യു നീങ്ങിയിട്ടുള്ളത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു. ഇതിന്റെ ഫലമായി സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകന്നു. ഇത്രയും വലിയ വിവാദങ്ങൾ ഉണ്ടായിട്ടും ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയത്. എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.
എം.വി.ഗോവിന്ദനോട് നിശബ്ദനാവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. അത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചാൽ അത് നടക്കില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. എം.വി.ഗോവിന്ദൻ്റെ ഇടപെടലുകൾ പിണറായിയെ മാത്രമല്ല അദ്ദേഹത്തിൻ്റെ മകളെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുന്നു.എം.വി. ഗോവിന്ദനും മുമ്പ് എ.കെ. ബാലനും ടീമും പിണറായിക്കെതിരെ നീങ്ങിതുടങ്ങിയിരുന്നു. വീണാ വിജയന്റെ കമ്പനി നികുതി അടച്ചിട്ടില്ലെന്നതാണ് മാത്യുവിൻ്റെ വാദം.ഇത് ശരി വയ്ക്കുന്ന രേഖകൾ മാത്യുവിൻ്റെ കൈയിലുണ്ട്. മാത്യുവിനെ ഭയക്കുന്ന പിണറായി പക്ഷേ സ്വന്തം പാർട്ടിക്കാരുടെ തൊഴുത്തിൽകുത്തിലാണ് ഏറ്റവുമധികം വിഷമം അനുഭവിക്കുന്നത്. വീണ നികുതി അടച്ചില്ലെങ്കിൽ അതിൻ്റെ രേഖകൾ ഹാജരാക്കാൻ ഗോവിന്ദൻ വെല്ലുവിളിക്കുന്നു. രേഖകൾ ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ അത് ഹാജരാക്കട്ടെ എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. മാത്യു കുഴൽ നാടനുമായി തൻ്റെ പാർട്ടി കാർക്ക് ബന്ധമുണ്ടോ എന്നും പിണറായി സംശയിക്കുന്നു. മുഖ്യമന്ത്രി മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് പാർട്ടി പരിവാരങ്ങൾ ചെയ്യുന്നത്. വലിയ പ്രതിസന്ധിയാണ് പിണറായി അനുഭവിക്കുന്നത്. വീട്ടുകാരോട് പോലും വിശദീകരിക്കാൻ കഴിയാത്ത തരത്തിൽ അശക്തനാണ് മുഖ്യമന്ത്രി. നികുതി അടച്ചിട്ടുണ്ടെങ്കിൽ എന്തു കൊണ്ടാണ് രേഖ മുമ്പേ കൊണ്ടു വരാത്തത് എന്നാണ് മാത്യൂവിന്റെ ചോദ്യം. ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം പറഞ്ഞ് സമയം കളയാൻ മുഖ്യമന്ത്രി തയ്യാറല്ല. ഉത്തരം പറയുമ്പോൾ വിവാദം വളരും. അതിന് സാഹചര്യം ഒരുക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ സി പി എം നേതാക്കൾ വിഷയങ്ങൾ വലുതാക്കുന്നു. അതാണ് കെ . എൻ. ബാലഗോപാലും ചെയ്തത്.
വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്ടി അടച്ചു എന്നായിരുന്നു ധനവകുപ്പ് റിപ്പോർട്ട്.വീണാ വിജയന് കിട്ടിയ1.72 കോടി കോഴയാണെന്നാണ് മാത്യുവിന്റെ ആരോപണം. എന്ത് ചെയ്തിട്ടാണ് വീണക്ക് പണം കിട്ടിയതെന്ന് മാത്യുവിന് അറിയണം.കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് മാത്യു പരാതി നൽകിയിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും പരാതി നൽകി . പക്ഷേ ഇദ്ദേഹം അടുത്ത കാലത്ത് അന്തരിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറടക്കമുളളവര്‍ക്കും നല്‍കിയിട്ടുണ്ട്. വീണക്കെതിരെ ഏതായാലും വിജിലൻസ് അന്വേഷണം ഉണ്ടായില്ല. വീണ പണം വാങ്ങിയതിലല്ല ആർക്കു വേണ്ടി പണം വാങ്ങി എന്നതാണ് പ്രധാനം. ഒരു പ്രമുഖ വ്യക്തിക്ക് വേണ്ടിയാണ് വീണക്ക് മാസപ്പടി നൽകിയതെന്ന് ആദായ നികുതി ഫോറം കണ്ടെത്തിയതും വിനയായി.
സി.എം.ആര്‍.എല്ലും ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ആ ഉത്തരവില്‍ പേര് പരാമര്‍ശിക്കുന്ന രാഷ്ട്രീയനേതാക്കള്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയത്. സി.എം.ആര്‍.എല്ലില്‍ നിന്ന് ആദായനീതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.
ആദായ നികുതി അടച്ച സംഭവത്തിൽ ഇനി പ്രതികരിക്കണ്ടത് കേന്ദ്രസർക്കാരാണ്.എന്നാൽ വീണാ വിജയൻ അവർക്ക് മുന്നിൽ ഒരു പ്രാദേശിക പ്രശ്നം മാത്രമാണ്. വീണയെ അകത്താക്കി നേട്ടം കൊയ്യാനൊന്നും കേന്ദ്ര സർക്കാർ ശ്രമിക്കില്ല. മാത്യു കുഴൽ നാടന് ഇതുകൊണ്ട് നേട്ടം ഉണ്ടാകുമെന്ന് കരുതാൻ വയ്യ.
പിണറായി അന്ത്യശാസനം നൽകിയെങ്കിലും സി പി എം തത്കാലം വിവാദത്തിൽ നിന്നും പിൻമാറില്ല. മാസപ്പടി വിവാദം മാധ്യമങ്ങളിൽ സജീവമാക്കി നിർത്താൻ പാർട്ടി ആഗ്രഹിക്കുന്നുണ്ട്. ഇത് പിണറായിയോടുള്ള പകയാണ്. പകയുമായി ജീവിക്കുന്നത് ഒന്നോ രണ്ടോ നേതാക്കളല്ല. ഒരു കൂട്ടം നേതാക്കളാണ്. മാധ്യമങ്ങൾ വീണയെ പിന്തുടരുമ്പോൾ വീണു പോകുക പിണറായിയായിരിക്കും. നേതാക്കളുടെ താത്പര്യവും ഇതു തന്നെയാണ്.
https://www.facebook.com/Malayalivartha
























