വീണയെ വെള്ളപൂശി ധനമന്ത്രി ബാലഗോപാല്‍;നിയമപരമായി മാത്രമേ മറുപടി പറയാന്‍ കഴിയു,കുഴല്‍നാടന്‍ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ച്പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു,നേതാക്കന്മാര്‍ മാളത്തില്‍ നിന്നിറങ്ങി വീണയെ താങ്ങി തുടങ്ങി, എകെ ബാലന്‍ കുഴല്‍നാടനെതിരെ കാവടി എടുത്തിരിക്കുകയാണ്

വീണ നികുതി അടച്ചോ എന്നാണ് ചോദ്യം അതിന് മറുപടി കൊടുത്തു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഐ ജി എസ് ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തുവെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. നിയമപരമായി മാത്രമേ മറുപടി പറയാന്‍ കഴിയു. വീണാ വിജയന്‍ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നല്‍കിയിട്ടുമുണ്ട്. മാത്യു കുഴല്‍ നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവില്‍ വരുന്നത്. അതിന് മുന്‍പ് സര്‍വ്വീസ് ടാക്‌സ് സെന്‍ട്രല്‍ ടാക്‌സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു. കുഴല്‍നാടന്‍ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സിപിഎം ആവശ്യം ഇന്ന് കുഴല്‍നാടന്‍ തളളിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ രേഖകളുമായെത്തിയ കുഴല്‍നാടന്‍, വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്‌സ്യൂള്‍ മാത്രമാണെന്നും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം.
കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്...
''സിഎംആര്‍എല്‍ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ധനവകുപ്പ് നല്‍കിയ കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017 ല്‍ സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാര്‍ ഒപ്പിട്ടു. 1.1.2017 മുതല്‍ വീണ വിജയനുമായി 5 ലക്ഷം മാസം നല്‍കുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്‍പ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചിട്ടില്ല. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ എങ്ങനെയാണ് വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക? 17.1.2018 മുതല്‍ മാത്രമാണ് വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയൂ. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?'' ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള കാപ്‌സ്യൂളാണ് ധനവകുപ്പ് നല്‍കിയ കത്തെന്നായിരുന്നു കുഴല്‍നാടന്റെ വാദം.
ഇതിനിടെ വീണാ വിജയന്‍ 1.72 കോടി സ്വീകരിച്ചത് മാസപ്പടിയല്ല, സേവനമാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകളെ ആവര്‍ത്തിച്ച് ന്യായീകരിച്ച എ കെ ബാലന്‍, വാങ്ങിയ പണത്തിന് വീണ നികുതിയടച്ചിട്ടുണ്ടെന്നും ഓരോ ദിവസവും കുഴല്‍നാടന്‍ കള്ള പ്രചരണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി. ധനവകുപ്പ് കൊടുത്ത കത്ത് ക്യാപ്‌സ്യൂള്‍ മാത്രമാണെന്ന മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ഉരുണ്ടുകളിച്ച ബാലന്‍, കത്തില്‍ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാന്‍ എനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ മാറ്റവും ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ജിഎസ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പണം കൊടുത്തുവെന്നത് അടിസ്ഥാരഹിതമാണ്. ടാക്‌സ് കൊടുത്തുവെന്ന് ഐജിഎസ്ടി കമ്മിഷണര്‍ ധനകാര്യ വകുപ്പിനെ അറിയിച്ചു. ബാക്കി കാര്യങ്ങള്‍ ഐജിഎസ്ടി കമ്മിഷണറിനോട് ചോദിക്കണം. ഇക്കാര്യങ്ങള്‍ വീണയോടല്ല ചോദിക്കേണ്ടതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























