ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്... അതിതീവ്ര ന്യൂനമർദ്ദം !

ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത ആറു മണിക്കൂറിൽ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
അതേസമയം, മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു 24ന് ഉച്ചയോടെ യെമൻ - ഒമാൻ തീരത്ത് അൽ ഗൈദാക്കിനും (യെമൻ) സലാലാക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയിൽ അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
സംസ്ഥാനത്തെ പത്തു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
https://www.facebook.com/Malayalivartha























