പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെത്തിച്ച ജീവപര്യന്തം ശിക്ഷാ തടവുകാരുടെ ജയില്‍ ചാട്ടം... 2012 ലെ വട്ടപ്പാറ വേറ്റിനാട് പീഢന കവര്‍ച്ച കൊലക്കേസ് പ്രതി ഓട്ടോ ഡ്രൈവര്‍ രാജേഷ് കുമാറും മറ്റൊരു ജീവപര്യന്തം തടവുകാരനായ ശ്രീനിവാസനും പ്രതികള്‍, ആടുമേയ്ക്കാന്‍ പോയ വഴിയേ ജയില്‍ ചാടുകയായിരുന്നു, വിചാരണ തുടങ്ങി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെത്തിച്ച രണ്ടു ജീവപര്യന്തം ശിക്ഷാ തടവുകാര്‍ ജയില്‍ ചാടിയ കേസില്‍ വിചാരണ തുടങ്ങി. 2012 മാര്‍ച്ച് 6 ന് വട്ടപ്പാറ വേറ്റിനാട് വീട്ടില്‍ സ്‌ക്രൂ ഡ്രൈവര്‍ ചോദിച്ചെത്തി 10-ാം ക്ലാസ് പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളില്‍ കടന്ന് പീഡിപ്പിച്ച് കൊന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്ന പ്രതി .ഓട്ടോ ഡ്രൈവര്‍ രാജേഷ് കുമാറും മറ്റൊരു ജീവപര്യന്തം തടവുകാരനായ ശ്രീനിവാസനുമാണ് ജയില്‍ ചാടിയ കേസിലെ പ്രതികള്‍.
കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഒന്നാം സാക്ഷി നെട്ടുകാല്‍ത്തേരി ജയില്‍ സൂപ്രണ്ടിനെ വിസ്തരിച്ചു. ജയില്‍ ഉദ്യോഗസ്ഥരായ രണ്ടും മൂന്നും സാക്ഷികള്‍ നവംബര്‍ 10 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് എം. അബ്ദുള്‍ റഹിം ഉത്തരവിട്ടു.
2020 ഡിസംബര്‍ 24 ലാണ് ആടു മേയ്ക്കാനിറങ്ങിയ പ്രതികള്‍ ജയില്‍ ചാടി ഒളിവില്‍ പോയത്. പ്രത്യേക പോലീസ് അന്വേഷണ സംഘം ശ്രീനിവാസനെ ദിവസങ്ങള്‍ക്കകം പിടികൂടിയെങ്കിലും രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് 2022 ഒക്ടോബര്‍ 17 നാണ് കര്‍ണ്ണാടക ഉടുപ്പിയില്‍ നിന്നും രാജേഷ് പിടിയിലായത്.
നെയ്യാര്‍ ഡാം പൊലീസ് ഉടുപ്പിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജോലിക്കായാണ് രാജേഷിനെ നെട്ടുകാല്‍ത്തേരിയിലെത്തിച്ചത്. ഇയാള്‍ ഉടുപ്പിയില്‍ പല പേരുകളില്‍ വിവിധ ജോലികള്‍ ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു. 2012 മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വട്ടപ്പാറ വേറ്റിനാട്ടില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. വേറ്റിനാട് ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കാല്‍നൂറ്റാണ്ട് തടവുശിക്ഷ വിധിക്കപ്പെട്ട യുവാവ് ജയില്‍ ചാടിയിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും പിടികൂടാനായില്ലെന്നുള്ളത് വലിയ ദുരൂഹതയുണര്‍ത്തിയിരുന്നു. പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി രാജേഷാണ് പൊലീസ് സംവിധാനത്തിനു മുന്നില്‍ രണ്ടു വര്‍ഷമായി അദൃശ്യനായി ജീവിച്ചത്.
വട്ടപ്പാറയില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജേഷിനു തലസ്ഥാന ജില്ലാകോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി 25 വര്‍ഷം തടവുശിക്ഷയായി ഇളവു ചെയ്തിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു വധശിക്ഷ വിധിക്കുന്ന സമയത്ത് ജില്ലാ കോടതി ഈ.കേസിനെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട വീരണകാവ് സ്വദേശിയാണ് രാജേഷ്. രാജഷിന്റെ വീട്ടില്‍ നിന്നും കഷ്ടിച്ച് ഒന്‍പത് കിലോമീറ്റര്‍ അകലെ മാത്രമാണ് തുറന്ന ജയിലെന്നുള്ളതും സംഭവത്തില്‍ ദുരൂഹതയുണര്‍ത്തിയിരുന്നു. വീടിനു സമീപത്തേക്ക് അതും സ്വതന്ത്ര്യമുള്ള ജയില്‍ ചുറ്റുപാടിലേക്ക് കൊലക്കേസ് പ്രതിയെ മാറ്റിയ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും.
പ്രതിയെ സെന്‍ട്രല്‍ ജയിലില്‍നിന്നു രാജേഷിന്റെ വീടിനടുത്തുള്ള തുറന്ന ജയിലിലേക്കു മാറ്റിയതിലും അവിടെനിന്നു രക്ഷപ്പെട്ടതിലും വന്‍ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കൊലക്കേസ് പ്രതികള്‍ എങ്ങനെ തുറന്ന ജയിലിലേക്കു മാറ്റപ്പെട്ടുവെന്ന് അന്വേഷണം നടക്കുന്നതായി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. അതും ഇത്തരത്തില്‍ ക്രൂരമായി കൊലപാതകം ചെയ്ത രാജേഷിനെ തുറന്ന ജയിലിലേക്ക് മാറ്റാന്‍ പാടുള്ളതല്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സാധാരണ കൊലക്കേസ് പ്രതികളെ തുറന്ന ജയിലിലേക്ക് മാറ്റാറില്ലെന്നാണ് നെട്ടുകല്‍ത്തേരി ജയില്‍ സൂപ്രണ്ട് പറയുന്നത്. രാജേഷിനെ പാര്‍പ്പിച്ചിരുന്നത് പുജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുറന്ന ജയിലിലെ അന്തേവാസികള്‍ക്ക് സ്‌പെഷ്യല്‍ പരോള്‍ അനുവദിച്ചതു മൂലം കാര്‍ഷിക ജോലികള്‍ക്ക് ആളെ കിട്ടാതായി. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലില്‍ നിന്നും രാജേഷ് ഉള്‍പ്പെടെയുള്ളവരെ നെട്ടുകാല്‍ത്തേരിയിലേക്ക് കൊണ്ടു വരികയായിരുന്നു. ആടും കോഴിയും പശുവും എരുമയും ഉള്‍പ്പെടെയുള്ള ജീവികള്‍ ഒട്ടനവധി ഇവിടെയുണ്ട്. അവയെ നോക്കുന്നതിനായാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുപുള്ളികളെ ഇവിടേക്ക് എത്തിച്ചത്. തുറന്ന ജയിലിന് മതില്‍ക്കെട്ടും മറ്റുമില്ല. ഇത് മുതലെടുത്താണ് രാജേഷ് രക്ഷപ്പെട്ടതെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ മൊഴി നല്‍കി.
കൊടും ക്രിമിനല്‍ കുറ്റവാളിയായ രാജേഷിനെ തുറന്ന ജയിലിലേക്കു മാറ്റിയതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ജയില്‍ചാട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചിലര്‍ക്കു പങ്കുള്ളതായി കൊല്ലപ്പെട്ട ആര്യയുടെ മാതാപിതാക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാല് ജയില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നും വിവരങ്ങളുണ്ടായിരുന്നു. 25 വര്‍ഷം തടവ് വിധിക്കുമ്പോള്‍ ശിക്ഷയില്‍ ഒരുതരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നത്. ഇതു കാറ്റില്‍ പറത്തിയാണ് രാജേഷിനെ തുറന്ന ജയിലിലേക്കു മാറ്റിയതെന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം വട്ടപ്പാറ സ്വദേശിനി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരുന്ന പ്രതി രാജേഷ് ജയിലില്‍ നിന്നും രക്ഷപ്പെട്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകവേയാണ് പിടിയിലായത്.
2012 മാര്‍ച്ച് ആറിന് ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വേറ്റിനാട്ടില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. വേറ്റിനാട്, ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരിയെ പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതിനുശേഷം ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ് വിവിധ ജോലികള്‍ ചെയ്തു വരവേ. ഇടയ്ക്ക് ഇയാള്‍ ഓട്ടോയും ഓടിക്കുമായിരുന്നു. 2012 മാര്‍ച്ച് ആറിന് ഇയാള്‍ ഭാര്യയുടെ വീടിനു സമീപത്ത് രണ്ടു യാത്രക്കാരെയും കൊണ്ട് എത്തി. യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്ന വഴി കുട്ടിയുടെ വീടിനു സമീപം വാഹനം എത്തിയപ്പോള്‍ ഓട്ടോറിക്ഷ റോഡരികിലെ കുഴിയില്‍ വീഴുകയായിരുന്നു. ഓട്ടോറിക്ഷ കുഴിയില്‍ നിന്നും കയറ്റുന്നതിനായി രാജേഷ് ശ്രമിച്ചു.
അന്നു കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മാര്‍ച്ച് 12നും തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. ഇതിനിടയിലാണ് രാജേഷ് വീടിനു മുന്നില്‍ എത്തുന്നതും ഓട്ടോ കുഴിയില്‍ വീഴുന്നതും. ഓട്ടോ കരയ്ക്കു കയറ്റുവാനും രാജേഷ് ശ്രമിക്കുന്നത് കണ്ട കുട്ടി രാജേഷിനെ സഹായിക്കുവാന്‍ എത്തി. കുട്ടിയുടെയും അതുവഴി വന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയുടെയും സഹായത്തോടെ രാജേഷ് വാഹനം കരയ്ക്കു കയറ്റി. ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അവളുടെ വീട്ടിലേക്ക് പോയി.
പത്താംക്ലാസുകാരി വീട്ടില്‍ ഒറ്റയ്ക്കാണെന്നും ആ പരിസരത്ത് ആരുമില്ലെന്നും മനസ്സിലാക്കിയ രാജേഷ് സ്‌ക്രൂഡ്രൈവര്‍ വാങ്ങാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കുട്ടിയുടെ ശരീരത്തു ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി ഓട്ടോയില്‍ തിരിച്ചു പോവുകയായിരുന്നു. ഈ സ്വര്‍ണാഭരണങ്ങള്‍ കുറച്ചകലെയുള്ള വട്ടപ്പാറ ടൗണില്‍ എത്തി അവിടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രതി വ്യാജ പേരില്‍ പണയം വെച്ച് പണം സ്വന്തമാക്കുകയും ചെയ്തിരുന്നു.
വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പൊലീസ് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകളും ആഭരണം കാണാതായതും ശ്രദ്ധിക്കപ്പെട്ടു. കുട്ടിയുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പോലീസ് ഇതോടെ രംഗത്തിറങ്ങി. എന്നാല്‍ പത്താംക്ലാസുകാരിയുടെ കൊലക്കേസില്‍ ദൃക്‌സാക്ഷികളുടെ അഭാവമായിരുന്നു പൊലീസിനെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത്. വീട്ടിലും പരിസരത്തും ആരുമില്ലാതിരുന്ന സമയത്തുള്ള കൊലപാതകമായതിനാല്‍ കേസ് അന്വേഷണം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.
വെറും ശൂന്യതയില്‍ നിന്നുമായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. കിളിമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശോകിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പൊലീസ് അവരുടെ സര്‍വ്വശക്തിയും ഈ കേസ് അന്വേഷണത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്ന കൂട്ടത്തിലാണ് പ്രതിയെ കുറിച്ച് ആദ്യ സൂചന പോലീസിന് ലഭിക്കുന്നത്. കുട്ടിയുടെ വീടിന് മുന്നില്‍ കണ്ട് ഭരാജമ്മന്ത എന്ന പേരുള്ള ഓട്ടോയും അതില്‍ പതിച്ചിരുന്ന ഉണ്ണിയേശുവിനേയും കുറിച്ചായി പിന്നീട് പൊലീസ് അന്വേഷണം. കൂടുതല്‍ അന്വേഷണത്തില്‍ രാജമ്മ എന്ന് പേരുള്ള നിരവധി ഓട്ടോറിക്ഷകള്‍ തിരുവനന്തപുരം നഗരത്തില്‍ പോലീസ് കണ്ടെത്തി. പക്ഷേ ഉണ്ണിയേശുവിന്റെ ചിത്രമുള്ള ഓട്ടോറീക്ഷ മാത്രം കണ്ടെത്താനായില്ല. കേസന്വേഷണം മുന്നോട്ടുപോകാനാവാതെ വീണ്ടും നിശ്ചലമാകുന്ന അവസ്ഥയിലെത്തി.
പ്രതിയെ കുട്ടിയോടൊപ്പം കണ്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിവരണത്തില്‍ പോലീസ് രേഖാചിത്രം തയ്യാറാക്കി. രേഖാചിത്രത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. രേഖാചിത്രം കണ്ട് പലരും സംശയം പ്രകടിപ്പിച്ചതോടെ കഥ മാറി. പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തു കൊണ്ട് വന്നിരിക്കുന്നത് വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട്ടായിരുന്നു. പ്രതി സഹോദരിയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നത് പതിവായിരുന്നു. അതുകൊണ്ടുതന്നെ ചിലര്‍ക്ക് രാജേഷിനെ പരിചയമുണ്ടായിരുന്നതാണ് വഴിത്തിരിവായത്. ഒടുവില്‍ ആറു ദിവസത്തിനുശേഷം പ്രതിയാരാണെന്ന കാര്യത്തില്‍ പോലീസ് ഒരു നിഗമനത്തിലെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീരണകാവ് സ്വദേശിയായ രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താനാണു ആ കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. 2012 മാര്‍ച്ച് 13ന് രാജേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഒളിച്ചിരുന്ന സാക്ഷിയും ദൈവമായി അവതരിച്ച റെജിയും
തിരുവനന്തപുരം റൂറല്‍ എസ്പി എ.ജെ. തോമസുകുട്ടിയുടെ കീഴില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി. ബി.കെ.പ്രശാന്തന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതി രാജേഷിനെപിടികൂടിയത്. ഡിവൈഎസ്പി പ്രശാന്തനെകൂടാതെ വെഞ്ഞാറമൂട് സിഐ. ബിജു, കിളിമാനൂര്‍ സിഐ ആര്‍. അശോക് കുമാര്‍, വര്‍ക്കല സിഐ എസ്.ഷാജി, കഴക്കൂട്ടം സിഐ സി.ബിനുകുമാര്‍, ആറ്റിങ്ങല്‍ സിഐ എം.ഐ. ഷാജി, കടയ്ക്കാവൂര്‍ സിഐ മുഹമ്മദ് റിയാസ്, വട്ടപ്പാറ എസ്‌ഐ കെ.ആര്‍. ബിജു, അഷറഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ദൃക്‌സാക്ഷികളുടെ അഭാവം തന്നെയായിരുന്നു കുറ്റപത്രം തയ്യാറാക്കുന്ന കാര്യത്തിലും പൊലീസിനെ വലച്ചത്. സംഭവം നേരിട്ടു കണ്ട വ്യക്തികളാരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ആണ് വട്ടപ്പാറ ലൂര്‍ദ് മൗണ്ട് ഹൈസ്‌കൂളില്‍ പഠിക്കുന്ന എസ്എസ്എല്‍സി വിദ്യാര്‍ഥിയായ കുട്ടി ഈ സംഭവത്തിലെ പ്രധാന സാക്ഷിയായി മാറുന്നത്. സംഭവം നടന്ന ദിവസം കുട്ടിയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന പ്രണവ് വീടിനുള്ളില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ടതായി പലരോടും വ്യക്തമാക്കിയിരുന്നു. മാത്രമല്ല വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രാജമ്മ എന്നുപേരുള്ള ഓട്ടോറിക്ഷയും അതിലെ ഉണ്ണിയേശുവിന്റെ രൂപവും കാണുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനു മുന്നില്‍ കുട്ടിയോ കുടുംബക്കാരോ ഒന്നും വെളിപ്പെടുത്തുവാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ കോടതിയും കേസുമായി നടക്കുവാന്‍ താല്പര്യമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
ശക്തമായൊരു തെളിവില്ലെങ്കില്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രതിക്ക് ശിക്ഷ ഇളവ് കിട്ടുമെന്ന് അറിയാമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിനടക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് കോണ്‍ഗ്രസ് വെമ്പായം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും നായര്‍ സര്‍വീസ് സൊസൈറ്റി താലൂക്ക് ഭരണസമിതി അംഗവുമായ റെജിയുടെ മുന്നില്‍ ഈ വിഷയം എത്തുന്നതും അദ്ദേഹം പൊലീസിനോടു ഇക്കാര്യവും കുട്ടിയുടെ സാഹചര്യവും വിശദീകരിക്കുകയും ചെയ്യുന്നത്. പോലീസിന്റെ ആഭ്യര്‍ത്ഥന പ്രകാരം റെജി വിദ്യാര്‍ഥിയുടെ വീട്ടിലെത്തി കുട്ടിമായും വീട്ടുകാരുമായി സംസാരിച്ചു. റെജിയുടെ ഇടപെടല്‍ കൊണ്ടു തന്നെ സത്യം വെളിപ്പെടുത്താമെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തുകയും വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വിചാരണ, ശിക്ഷ
..............................
കേസില്‍ 10 മാസത്തിനുള്ളിലാണ് വിചാരണ പൂര്‍ത്തിയാക്കി ജില്ലാ കോടതി വിധി പറഞ്ഞത്. 2013 ജനുവരി ഒന്ന് ചൊവ്വാഴ്ചയായിരുന്നു പ്രതി കുറ്റക്കാരനെന്ന് ജില്ലാ കോടതി കണ്ടെത്തിയത്. സംഭവം നടന്ന് മൂന്ന് മാസത്തിനകം കുറ്റപത്രം സമ4പ്പിച്ചതിന് പുറമെ പ്രതിക്ക് കോടതികള്‍ ജാമ്യം നിഷേധിച്ചതോടെയാണ് അതിവേഗ വിചാരണക്ക് കളമൊരുങ്ങിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 2012 നവംബ4 ആറിനാണ് വിചാരണ ആരംഭിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 419 (ആള്‍മാറാട്ടം നടത്തി സ്വര്‍ണ്ണം പണയം വെച്ച് ചതിക്കല്‍), 392 ( കവര്‍ച്ച ) , 376 ( ബലാല്‍സംഗം) , 449 ( വീട്ടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍) , 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. മാനഭംഗക്കേസുകളില്‍ വിചാരണ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍ക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹിയില്‍ പ്രക്ഷോഭം നടക്കുന്ന വേളയിലായിരുന്നു വിദ്യാര്‍ത്ഥിനി കേസില്‍ ഒമ്പതു മാസംകൊണ്ട് അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ രാജേഷിന് തിരുവനന്തപുരം ജില്ലാപ്രിന്‍സിപ്പല്‍ ജഡ്ജി ബി.സുധീന്ദ്രകുമാര്‍ വധശിക്ഷയാണ് വിധിച്ചത്. ബലാത്സംഗം, ഭവനഭേദനം, കൊലപാതകം, ആള്‍മാറാട്ടത്തിലൂടെ ചതിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം വധശിക്ഷ, 376 ജീവപര്യന്തം കഠിനതടവ്, 392, 449, 419 എന്നീ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം കഠിനതടവ് എന്നിങ്ങനെയാണ് വിധി. അറുപത്തഞ്ച് സാക്ഷികളില്‍ 35 സാക്ഷികളെ വിസ്തരിച്ചു. രാജേഷ്‌കുമാറിന്റെ രണ്ടു ഭാര്യമാര്‍ ഉള്‍പ്പടെ ഒരു സാക്ഷിപോലും കൂറുമാറിയില്ലെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിയുടെ ഓട്ടോയെ സംബന്ധിച്ച നി4ണായക മൊഴികള്‍ പ്രതിയുടെ ഭാര്യമാര്‍ നല്‍കിയപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ അയല്‍വാസിയും കൂട്ടുകാരിയും, സ്വകാര്യ ബാങ്ക് മാനേജര്‍, ജീവനക്കാരന്‍ ഉള്‍പ്പടെയുള്ള സാക്ഷികള്‍ പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു. വ്ിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ കണ്ടെത്തിയത് രാജേഷിന്റെ ബീജമാണെന്ന ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കോടതി തെളിവായി സ്വീകരിച്ചു.രണ്ടാം സാക്ഷിയും നാലാം സാക്ഷിയുമായിരുന്നു നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കേസിന്റെ വിചാരണ അതിവേഗതയിലായിരുന്നു. കൃത്യം നടന്ന് ഒമ്പത് മാസത്തിനകം ശിക്ഷാവിധി വന്നു. പിന്നീട് പ്രതിയുടെ അപ്പീലില്‍ ഹൈക്കോടതി വധ ശിക്ഷ ഇളവ് ചെയ്ത് ഇരട്ട ജീവപര്യന്തമാക്കുകയായിരുന്നു.
കേരളം നടുങ്ങിയ പത്താം ക്ലാസുകാരിയുടെ കൊലക്കേസ് പ്രതി പക്ഷേ രണ്ടു വര്‍ഷം ശിക്ഷ അനുഭവിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മനസാക്ഷി മരവിക്കുന്ന അതിക്രൂരത ചെയ്ത പ്രതിക്ക് പരോളു പോലും നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരര്‍ഥത്തില്‍ പരോളിനേക്കാള്‍ സുഖകരമായ തുറന്ന ജയില്‍വാസമാണ് ജയില്‍വകുപ്പ് ഈ പ്രതിക്ക് നല്‍കിയത്. ഒടുവില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു. ക്രൂര കുറ്റകൃത്യം ചെയ്ത പ്രതി സര്‍വ്വ അവകാശങ്ങളോടും കൂടി രണ്ടു വര്‍ഷക്കാലം സ്വതന്ത്രനായി ജീവിച്ചു. അതേ സമയം അയാള്‍ ഇല്ലാതാക്കിയ വിദ്യാര്‍ത്ഥിയുടെ കുടുംബം ഓര്‍മ്മകള്‍ അയവിറക്കി വേദന തിന്നുകൊണ്ട് ഈ ഭൂമുഖത്ത് ജീവിതം തള്ളിനീക്കുന്നു.
https://www.facebook.com/Malayalivartha






















