വായ്പക്കാരെ കണ്ട ഇ.ഡി ഞെട്ടി 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ..കരുവന്നൂരില്‍ കാട്ടുകൊള്ള

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ ജനം മാത്രമല്ല, അന്വേഷണ ഏജന്‍സിയായ ഇ.ഡിയും ഞെട്ടുന്നു. അത്രയ്ക്ക് ആസൂത്രിതമായാണ് സി.പി.എം നേതാക്കള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സി.പി.എമ്മും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ എ.സി മൊയ്തീന്റെയോ, പി.കെ ബിജുവിന്റെയോ പങ്ക് പുറത്തുവന്നിരുന്നില്ല. തൃശൂരിലെ രണ്ടാംനിരയിലെ നേതാക്കളില്‍ മാത്രം അന്വേഷണം ഒതുക്കി. എന്നാല്‍ ഒരു സുപ്രാഭാതത്തില്‍ ഇ.ഡി എ.സി മൊയ്തീന്റെ വീട്ടില്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
പിന്നാലെ തൃശൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.കെ കണ്ണനെ ചോദ്യം ചെയ്തു. സി.പി.എം പ്രാദേശിക നേതാവായ അരവിന്ദനെ അറസ്റ്റ് ചെയ്തു. ഇ.ഡി അന്വേഷണത്തോട് പൂര്‍ണമായും സി.പി.എം നേതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും സഹകരിച്ചില്ല. നൂറിലേറെ വായ്പകള്‍ വ്യാജ വിലാസങ്ങളിലാണ് നല്‍കിയിട്ടുള്ളത് ഇ.ഡി കണ്ടെത്തി. പത്ത് ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള വലിയ വായ്പകളാണിവയെല്ലാം. ബാങ്ക് രേഖകളിലെ മേല്‍വിലാസങ്ങള്‍ അന്വേഷിച്ച് പോയ ഉദ്യോഗസ്ഥര്‍ വെറും കയ്യോടെ മടങ്ങി.
ബാങ്കില്‍ ചെറിയ തുകക്ക് ഭൂമി പണയപ്പെടുത്തിയവരുടെ ആധാരങ്ങളിന്മേലാണ് വ്യാജ മേല്‍വിലാസത്തില്‍ വന്‍ തുകകള്‍ നല്‍കിയിട്ടുള്ളത്. ബിനാമി വായ്പകള്‍ നല്‍കിയത് സിപിഎം സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനായിരുന്നു ഈ സബ് കമ്മിറ്റിയുടെ ചുമതല. മറ്റ് രണ്ട് പ്രാദേശിക നേതാക്കളും ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരനും ഉള്‍പ്പെടുന്നതായിരുന്നു സബ് കമ്മിറ്റി.
ബിനാമി വായ്പകളുടെ ഫയലുകള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പോലും വെക്കാറില്ല. പാര്‍ട്ടി പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കല്‍ മാത്രമായിരുന്നു തങ്ങള്‍ ചെയ്തിരുന്നതെന്ന് ഭരണസമിതിയംഗങ്ങള്‍ മൊഴി നല്കിയിട്ടുണ്ട്. സി.കെ. ചന്ദ്രനെയും മറ്റ് നേതാക്കളെയും ചോദ്യം ചെയ്താലേ വ്യാജ മേല്‍വിലാസത്തില്‍ പണം നല്‍കിയത് ആര്‍ക്കൊക്കെയെന്ന് വ്യക്തമാവുകയുള്ളൂ.അതിനിടെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ പലവട്ടം വാക്കു നല്കിയിട്ടും ഒന്നും നടക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകരുടെ പണം തിരികെ നല്‍കാനായി എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. മുന്‍ എം.പിക്കും എം.എല്‍.എയ്ക്കും തട്ടിപ്പ് പണം കിട്ടിയെന്ന് ഇ.ഡി വെളിപ്പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ പി.സതീഷ് കുമാര്‍, പി.പി കിരണ്‍ എന്നിവര്‍ എ.സി മൊയ്തീന്റെ ബിനാമികളാണെന്ന് സംശയിക്കുന്നു. മുന്‍ എം.പിയും പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് തെളിവുണ്ടെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. അഞ്ച് കോടി രൂപ പ്രതികള്‍ കൈമാറിയതിന് തെളിവുണ്ടെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. ഒരേ വസ്തു ഈടുവച്ച് രണ്ട് വായ്പകള്‍ വരെ ബാങ്ക് അനുവദിച്ചതിന്റെ രേഖകള്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഏതാണ്ട് 300 കോടിയോളം രൂപയുടെ ബിനാമി വായ്പ തട്ടിപ്പ് നടന്നതായാണ് ആരോപണം.
തൃശൂര്‍ ജില്ലയില്‍ സി.പി.എം ഭരിക്കുന്ന 10 സഹകരണ ബാങ്കുകളില്‍ ഒന്നാം പ്രതി സതീഷ്‌കുമാര്‍ വായ്പാ ഇടപാട് നടത്തിയതായി ഇ.ഡി കണ്ടെത്തി. മുതിര്‍ന്ന സി.പി.എം നേതാക്കളുമായുള്ള അടുപ്പവും സ്വാധീനവും ഉപയോഗിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ മുതല്‍ ജീവനക്കാരെ വരെ സതീഷ് കുമാര്‍ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തിയെന്നാണ് കണ്ടെത്തല്‍. വായ്പ കുടിശ്ശികയുള്ളവരുടെ വിവരങ്ങള്‍ ബാങ്കിലെ ഉന്നതര്‍ സതീഷ്‌കുമാറിന് ചോര്‍ത്തിക്കൊടുത്തു. അവരെ രക്ഷിക്കാനെന്ന വ്യാജേന ബന്ധം സ്ഥാപിച്ചും തട്ടിപ്പ് നടത്തി. മുന്‍ മന്ത്രിമാരടക്കം സതീഷ് കുമാറിനെ ഉപയോഗിച്ച് പണം കീശയിലാക്കി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. എ.സി മൊയ്തീന്റെ അടുപ്പക്കാരനും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറെയും വടക്കാഞ്ചേരി കൗണ്‍സിലര്‍ അരവിന്ദനെയും ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചത്. സതീഷ് കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് അരവിന്ദന്റെ അക്കൗണ്ടിലേക്ക് വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കണ്ണൂരിലെ ചില പ്രധാനപ്പെട്ട നേതാക്കളും സതീശും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഇവരില്‍ ആര്‍ക്കൊക്കെ പണം ലഭിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡി പരിശോധിച്ചുവരുകയാണ്. സോഫ്റ്റ് വെയറിലും മറ്റും കൃത്രിമം കാട്ടിയിട്ടുള്ളതിനാല്‍ അതൊക്കെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. താഴേക്കിടയിലുള്ള നേതാക്കളെ ബലിയാടാക്കി വമ്പന്‍ സ്രാവുകള്‍ക്ക് രക്ഷപെടാനുള്ള അവസരമാണ് സി.പി.എം ഒരുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പാര്‍ട്ടിയില്‍ പരാതി പറഞ്ഞ ഭരണസമിതി അംഗങ്ങളെ അടക്കം പ്രതി സ്ഥാനത്ത് ആക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പലരും ജീവനെ ഭയന്നാണ് സംഭവിച്ച കാര്യങ്ങള്‍ പറയാത്തത്. പ്രതിയാക്കപ്പെട്ട നേതാക്കളില്‍ പലരും ഒറ്റുകൊടുത്തത് കൊണ്ടാണ് എ.സി മൊയ്തീന്‍ അറസ്റ്റിലായ സാഹചര്യം ഉണ്ടായത്. അതുകൊണ്ട് ഒറ്റുകാരെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആരും പാര്‍ട്ടിവിരുദ്ധനായ നിലപാട് സ്വീകരിക്കരുതെന്ന് എം.വി ഗോവിന്ദന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത് അതുകൊണ്ടാണ്. ബലിയാടാകാന്‍ താല്‍പര്യമില്ലാത്തവരാണ് ഇ.ഡിക്ക് മൊഴി നല്‍കിയത്.
വായ്പകൊടുത്ത ഉദ്യോഗസ്ഥരുടെയും ഭരണസിമിതി അംഗങ്ങളുടെയും വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറണമെന്നും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും മുന്‍ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. എം.കെ കണ്ണന്‍ കുറേക്കൂടി ഉത്തരവാദിത്തം കാട്ടണമെന്നും നിര്‍ദ്ദേശിച്ചു. തൃശൂരിലെ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും നടപടിയെടുക്കാത്ത സംരക്ഷിക്കുകയും ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പുലമ്പുകയും ചെയ്യുന്നത് സി.പി.എമ്മിന് ദോഷം ചെയ്യും. കാരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങളേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ തവണ 20ല്‍ 19തും ഒലിച്ചുപോയിരുന്നു. കിട്ടിയ ഒര് സീറ്റുകൂടി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുത്
https://www.facebook.com/Malayalivartha






















