അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല... ഗരുഡന്റെ പ്രമോഷന്‍ പരിപാടിക്കിടെ സുരേഷ് ഗോപി പറഞ്ഞത്

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ ആരെയും കുറ്റവാളിയായി കാണാന്‍ കഴിയില്ലെന്ന് നടന്‍ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ ദുബായില്‍ വച്ച് നടന്ന പ്രമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം താരം പറഞ്ഞത്. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളില്‍ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കോടതി പറയുന്നത് വരെ ഒരാളും കുറ്റവാളിയാണെന്ന് വിശ്വസിക്കില്ലെന്നാണ് നിലപാട്, ഇതാണ് രാജ്യത്തെ നിയമമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിലരെ മനഃപൂര്‍വം പ്രതികളാക്കും വിധം പൊലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍പ്പോലും മാറ്റങ്ങള്‍ വരുത്താന്‍ സാദ്ധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു. നീതിയെക്കുറിച്ചുള്ള വലിയ സന്ദേശം 'ഗരുഡന്‍' നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 'ദിലീപിന്റെയും സ്വപ്ന സുരേഷിന്റെയും കാര്യമായാല്‍പ്പോലും കോടതി പറയണം. അല്ലാതെ ഞാന്‍ വിശ്വാസിക്കില്ല. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ല'. എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'. വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. നവംബര്‍ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രമായ 'അഞ്ചാം പാതിര'ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്നു.
ഫാമിലി ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന 'ഗരുഡന്‍' കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വന്‍ താരനിരയും വലിയ മുതല്‍ മുടക്കുമുള്ള ചിത്രത്തില്‍ സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha






















