ശബരിമലയില്‍ അയ്യപ്പ പ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടായ വേലന്‍ പാട്ടിന് ശബരിമലയില്‍ കാലങ്ങളായി നിയോഗം ലഭിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്ന വിജയന്‍ അന്തരിച്ചു

സംസ്ഥാനത്തിന്റെ തനതായ അനുഷ്ഠാന കലാരൂപമായ വേലന്‍ പാട്ടിന്റെ ചെന്നിത്തല തെക്ക് പ്രദേശത്തെ അവസാന കണ്ണിയും അറ്റുപോയി. ചെന്നിത്തല തെക്ക് തിരുമുല്‍പ്പാട്ട് പടീറ്റതില്‍ ജി വിജയനാണ് 64ാം വയസില്‍ അന്തരിച്ചത്.
ശബരിമലയില്‍ അയ്യപ്പ പ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടായ വേലന്‍ പാട്ടിന് ശബരിമലയില്‍ കാലങ്ങളായി നിയോഗം ലഭിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു വിജയന്‍. നിലവിളക്കും നിറനാഴിയും ഇരുന്നു പാടാന്‍ ഒരു പായും നിലവിളക്കിന്റെ മുന്നില്‍ പറ എന്ന വാദ്യ ഉപകരണവും കൊട്ടിയാണ് വേലന്‍ പാട്ട് അവതരിപ്പിക്കുന്നത്. അതിനാല്‍ പറ കൊട്ടിപ്പാട്ടെന്നും ഈ കലാരൂപം അറിയപ്പെട്ടിരുന്നു.
കൈലാസ നാഥനായ ശ്രീമഹാദേവനെ സ്തുതിച്ചുകൊണ്ടാണ് വേലന്‍ പാട്ട് ആരംഭിക്കുന്നത്. ഗണപതിക്കും സുബ്രമണ്യനും സ്തുതിഗീതം വേലന്‍ പാട്ടിലുണ്ട്. തുടര്‍ന്ന് മഹാഭാരതം കഥ പ്രധാന ഗാനമായി ആലപിച്ച് മഹാവിഷ്ണുവിന്റെ വര്‍ണ്ണനകളോടെ അവസാനിക്കുന്നതാണ് വേലന്‍ പാട്ടിന്റെ രീതി. ശത്രുദോഷം, നാവ് ദോഷം, കണ്ണു ദോഷം, ആഭിചാരദോഷം എന്നിവ അകറ്റാനായായാണ് വീടുകളില്‍ വേലന്‍ പാട്ട് നടത്തിയിരുന്നത്. പിതാവ് പരേതനായ ഗോവിന്ദനില്‍ നിന്നും പകര്‍ന്നു കിട്ടിയ സിദ്ധിയില്‍ ചിങ്ങമാസത്തിലെ ഓണ നാളുകളില്‍ വീടുകള്‍ തോറും പറ കൊട്ടി പാടിയിരുന്ന വിജയനും, രണ്ട് മാസം മുമ്പ് വിട പറഞ്ഞ മാതാവ് അമ്മിണി അമ്മയും ഇനി ഓര്‍മ്മകളില്‍ മാത്രം.
"
https://www.facebook.com/Malayalivartha






















