മിത്ത് വിവാദം സ്പീക്കര്‍ തള്ളി 'ഹരിശ്രീ ഗണപതയെ നമഃ' ചൊല്ലി കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു

ഗണപതി മിത്താണെന്ന വിവാദപരാമര്‍ശം തന്റെ കര്‍മത്തിലൂടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തള്ളി. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നതോടൊപ്പം സ്പീക്കര്‍ എല്ലാവരും കേള്‍ക്കെ അല്‍പം ഉച്ചത്തില്‍ 'ഹരിശ്രീ ഗണപതായെ നമ:' എന്ന മന്ത്രം ഉരുവിട്ടു. വിദ്യാ തടസ്സം നീക്കാനാനാണ് ഈ മന്ത്രം ജപിക്കുന്നത്. അറിവ് തേടുന്നതിന് തടസ്സമുണ്ടെങ്കില്‍ അതൊഴിവാക്കാനാണ് വിദ്യാരംഭ ചടങ്ങില്‍ കുരുന്നുകളെ എഴുതിക്കുമ്പോള്‍ വിഘ്‌നേശ്വരനായ ഗണപതിയുടെ മന്ത്രവും ഉറക്കെ ചൊല്ലുന്നത്. കണ്ണൂര്‍ ഇല്ലിക്കല്‍കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബെംഗ്ലാവിലാണ് സ്പീക്കര്‍ കുരുന്നുകളെ എഴുത്തിനിരിത്തിയത്. കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴിതുച്ചതിനൊപ്പം സ്പീക്കര്‍ 'ഹരിശ്രീ ഗണപതയെ നമഃ' എന്ന മന്ത്രോച്ചാരണവും നടത്തി. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഒപ്പം കൂടി.
ഭാവിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു. സാധാരണ തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രതിമയ്ക്ക് മുന്നില്‍ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നത്. തുഞ്ചന്‍ പറമ്പ് പോലെ തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയവും കേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാര്‍ത്ഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും എ എന്‍ ഷംസീര്‍ പറഞ്ഞിരുന്നു.
ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും അടക്കം നാമജപവുമായി തെരുവിലിറങ്ങിയെങ്കിലും വിവാദം ഏശാതെ പോയി. എന്‍.എസ്.എസ് സമരം അവസാനിപ്പിച്ചപ്പോള്‍ നിയമനടപടികളുമായി പോകുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാല്‍ വിവാദം ഇടതുപക്ഷത്ത് തന്നെയുള്ള ഹൈന്ദവ വിശ്വാസികളുടെ അനിഷ്ടത്തിനിടയാക്കിയെന്ന വിലയിരുത്തലുണ്ടായി. ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിക്കാന്‍ ആയുധം കൊടുക്കുന്ന പരിപാടി അടുത്തകാലത്ത് സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നെന്നും ആക്ഷേപമുണ്ടായി. അത് തിരുത്താനുള്ള അവസരമായി കൂടിയാണ് മുഖ്യമന്ത്രിയും സ്പീക്കറും അടക്കം വിദ്യാരംഭ ചടങ്ങിന്റെ ഭാഗമായത്. കണ്ണൂരിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തിലെ ചടങ്ങ് അതിന് തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. സ്പീക്കറുടെ നാട്ടില്‍ ചടങ്ങ് നടന്നത് കൊണ്ട് സ്വാഭാവികമായും അതിന് രാഷ്ട്രീയ പ്രാധാന്യവും ലഭിക്കും. ഗണപതി മിത്താണെന്ന് പറയുമ്പോള്‍ തന്നെ ഭഗവാനോട് തെല്ലും ബഹുമാനക്കുറവില്ലെന്ന് തെളിയിക്കാനും ഈ ചടങ്ങിലൂടെ കഴിഞ്ഞു. ഇത് തന്നെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും അന്നും ആവശ്യപ്പെട്ടത്. എന്നാല്‍ സി.പി.എമ്മിന്റെ അനാവശ്യമായ പിടിവാശി വിശ്വാസികളുടെ വികാരത്തെ മാനിച്ചില്ല. അത് വലിയ തിരിച്ചടിയാകുമെന്ന് പിന്നീട് സി.പി.എമ്മിന് തിരിച്ചറിവുണ്ടായി. അതിന്റെ ഭാഗമായാണ് ഗണപതി മന്ത്രം ചൊല്ലിക്കൊണ്ട് സ്പീക്കര്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ഇപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയാലേ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോയും ഫോട്ടോസും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടാനുമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ശബരിമല കോടതി വിധി സര്‍ക്കാരിനുംഎല്‍.ഡി.എഫിനും ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് സമ്മാനിച്ചത്. അതുകൊണ്ടാണ് സുപ്രീംകോടതി വിധി ഇപ്പോഴും നിലനില്‍ക്കുമ്പോഴും യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്. ഒരു മതവിശ്വാസികളെയും പിണക്കി മുന്നോട്ട് പോകാനാകില്ലെന്നും സി.പി.എമ്മിന് മനസ്സിലായി. എല്ലാ മതവിഭാഗങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിത്ത് വിവാദം ആളിക്കത്തിക്കാതിരിക്കാനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരിക്കാനും യു.ഡി.എഫും ശ്രമിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് അവസരം കൊടുക്കില്ലെന്ന ഈ സന്ദേശം എല്‍.ഡി.എഫിന് തിരിച്ചടിയായി. അതുകൊണ്ട് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നതൊന്നും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ നിരോധിച്ചുള്ള ഉത്തരവ് മതേതരഹിന്ദുക്കളുടെയും ഇതര മതസ്ഥരുടെയും വിശ്വാസം നേടിയെടുക്കാനുള്ള നീക്കമാണ്. അതിനെതിരെ ആര്‍.എസ്.എസ് നിയമ നടപടിക്കൊരുങ്ങുകയാണ്. പ്രതിഷേധ പരിപാടികളൊന്നും തല്‍ക്കാലം ആലോചിച്ചിട്ടില്ല. പക്ഷെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്നാണ് കരുതുന്നത്. രാഷ്ട്രീയമായ തിരിച്ചടിയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത നഷ്ടം ഉണ്ടാക്കാന്‍ സംഘപരിവാറിന് കഴിയും. അതുവഴി സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാനും സാധിക്കും. അങ്ങനെയെങ്കില്‍ അത് തുടര്‍ഭരണത്തിന്റെ അസ്തമയത്തിന് വഴിയൊരുക്കും.
https://www.facebook.com/Malayalivartha






















