കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ സ്റ്റെയർ കെയ്സിലേക്ക് കോൺക്രീറ്റ് പാളി അടർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി: പലയിടത്തും കോൺക്രീറ്റ് പാളികൾ എതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ; അമ്മമാരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിൽ...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് അടർന്നു വീണു. മൂന്നോളം പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനറൽ ആശുപത്രി നാലാം വാർഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രസവ ശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന വാർഡാണ് നാലാം വാർഡ്. ഇവിടേക്കുള്ള സ്റ്റെയർ കെയ്സിലേക്ക് മുകളിൽ നിന്നും വലിയ കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം ഈ ഭാഗത്ത് വരാന്തയിൽ ഉണ്ടായിരുന്നു. താഴെ നിന്നും സ്റ്റെയർകെയ്സ് കയറിവന്ന സ്ത്രീയുടെ തൊട്ടുപിന്നിലേക്ക് ആണ് കോൺക്രീറ്റ് ആടുന്ന വീണത്.
കോൺക്രീറ്റ് അടർന്നു വീഴുന്നത് കണ്ട് സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാർ ഓടിയെത്തി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിംഗ് അടർന്നു വീഴുന്നത് ജീവനക്കാരെഅടക്കം ആശങ്കയിലാഴ്ത്തുകയാണ്.
എപ്പോഴും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ആശുപത്രി ജീവനക്കാരും കടന്നുപോകുന്ന വഴിയാണിത്. ഈ വാർഡിൽ പലയിടത്തും കോൺക്രീറ്റ് പാളികൾ എതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ തുടരുമ്പോൾ അമ്മമാരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്.
https://www.facebook.com/Malayalivartha






















