മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കം... 52-കാരന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും അറസ്റ്റില്‍

അടൂര്‍ ഏഴംകുളം നെടുമണില്‍ 52-കാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അനീഷ് ദത്തന്റെ സഹോദരന്‍ മനോജ് ദത്തന്‍, സുഹൃത്ത് ബിനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ മൂവരും തമ്മിലുണ്ടായ തര്‍ക്കവും അടിപിടിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അനീഷ് ദത്തനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അനീഷും സഹോദരന്‍ മനോജും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച രാത്രി സഹോദരങ്ങളും ഇവരുടെ സുഹൃത്തായ ബിനുവും ചേര്‍ന്ന് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ശാന്തമ്മയും മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അമ്മ എഴുന്നേറ്റുവന്നപ്പോഴാണ് അനീഷ് ദത്തനെ മരിച്ചനിലയില്‍ കണ്ടത്.
അമ്മയുടെ മൊഴിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മനോജ് ദത്തനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ മൂവരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ പിടിവലിയും നടന്നിരുന്നു. ഈ പിടിവലിക്കിടെ അനീഷ് ദത്തന്റെ തലയിടിച്ച് മരണം സംഭവിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
https://www.facebook.com/Malayalivartha






















