വിജിലന്‍സ് ഓഫീസ് പൂട്ടി താക്കോല്‍ എകെജി സെന്റില്‍ ഏല്‍പ്പിച്ചേക്ക്;വിജിലന്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍,പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലെങ്കിലും നിയമനം നടത്തണമെന്ന് ആവശ്യം,മുഖ്യമന്ത്രി ഇതൊന്നും കേട്ടഭാവമില്ല, മാസപ്പടിയില്‍ മകളെ തൊട്ട വിജിലന്‍സ് വേണ്ടാന്നാണോ?

വിജിലന്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് വിജിലന്‍സ് മേധാവി സര്‍ക്കാരിനെ അറിയിച്ചിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിജിലന്‍സിലെ അംഗബലം കൂട്ടണമെന്നാണ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങളുടെ എണ്ണം 500 ല്‍ നിന്നും 1000 ആക്കണമെന്നാണ് ശുപാര്‍ശ. നിലവിലെ അംഗബലം വച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലെങ്കിലും പൊലീസുകാരെ നിയമിക്കണമെന്നുമാണ് ആവശ്യം. മിന്നല്‍ പരിശോധനകളുടെ എണ്ണം കൂട്ടി, കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേയാണ് കേസന്വേഷണങ്ങള്‍. അഴിമതിക്കെതിരെ നടപടി ശക്തമാക്കുന്നമെന്ന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും വിജിലന്‍സില്‍ അംഗ ബലം പഴയതു തന്നെയാണ്. ഇന്‍സ്‌പെക്ടര്‍മാരും ഡിവൈഎസ്പിമാരുമാണ് വിജിലന്‍സില്‍ കേസന്വേഷിക്കേണ്ടത്. രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവര്‍ക്കു കീഴിലുള്ള പൊലിസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പൊലൂസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീര്‍ക്കാന്‍ കഴിയൂ. പ്രതിവര്‍ഷം 500 ലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 8000ത്തിലിധകം പരാതികളെത്തുന്നു. 1500 കേസുകള്‍ കുറ്റപത്രം നല്‍കാന്‍ ഇനിയുമുണ്ട്. ഇതുകൂടാതെ കോടതി ജോലിയും ബോധവത്ക്കരണവും മിന്നല്‍ പരിശോധനകളും.
കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നത് കൂട്ടണമെന്നാണ് വിജിലന്‍സിന്റെ തീരുമാനം. ഈ വര്‍ഷം ഇതേവരെ 48 ഉദ്യോഗസ്ഥരെയാണ് കൈയോടൈ പിടുകൂടിയത്. അഴിമതിക്കാരെ നിരീക്ഷിച്ച് കൈയോടെ പിടികൂടിയാല്‍ മാത്രം പോര അവരുടെ സ്വന്തം സമ്പാദനം ഉള്‍പ്പെടെ കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാന്‍ വലിയൊരു ഉദ്യോഗസ്ഥ സംഘം വേണം. അഴിമതിക്കെതിരെ നടപടി ശക്തമാക്കണമെങ്കില്‍ ഇനിയും പൊലീസുകാരെ വേണമെന്നാണ് ആവശ്യം. പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ നിലവിലെ സാമ്പത്തിക ഞെരുക്കത്തില്‍ കഴിഞ്ഞില്ലെങ്കില്‍ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരെ തല്‍ക്കാലത്തേക്ക് ഡെപ്യൂട്ടേഷനിലെങ്കിലും നിയമിക്കണമെന്നാണ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാര്‍ സര്‍ക്കാരിന് നല്‍കിയ കത്ത്. എന്നാല്‍ ടി.കെ. വിനോദ് കുമാറിന് എന്തറിയാമെന്നാണ് സര്‍ക്കാരിന്റെ ചോദ്യം. വിജിലന്‍സിന്റെ പ്രവര്‍ത്തനം ഒരു പരിധിയില്‍ അപ്പുറം വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ടി.കെ.വിനോദ് കുമാര്‍ കേരളം വിടാന്‍ തീരുമാനിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് . അമേരിക്കയില്‍ ഫോറന്‍സിക് സയന്‍സില്‍ അധ്യാപകനാകാന്‍ ക്ഷണം ലഭിച്ച വിനോദ് കുമാര്‍, രണ്ടു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ച് സര്‍ക്കാരിന് കത്ത് നല്‍കി. ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു. എന്നാല്‍ തീരുമാനമുണ്ടായില്ല. രണ്ടു വര്‍ഷത്തെ സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് വിനോദ് കുമാറിന്റെ നീക്കം. മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഷേഖ് ദര്‍വേഷ് സാഹിബിന്റെ പിന്‍ഗാമിയായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് മറ്റൊരാള്‍ എത്തും. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ഷേഖ് ദര്‍വേഷിന് പകരം ടി.കെ.വിനോദ് കുമാര്‍ എത്തുമെന്നായിരുന്നു പൊതുവില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ഇവയെല്ലാം തള്ളി തീര്‍ത്തും അപ്രതീക്ഷിതമായാണ് തന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാന്‍ അദ്ദേഹം ഇറങ്ങിയിരിക്കുന്നത്.
ക്രിമിനല്‍ ജസ്റ്റിസില്‍ ഡോക്ടറേറ്റ് ഉള്ള വിനോദ്, ഇന്റലിജന്‍സ് മേധാവിയായി തിളങ്ങിയിരുന്നു. അടുത്തയിടെയാണ് വിജിലന്‍സ് തലപ്പത്ത് എത്തിയത്. തിരഞ്ഞെടുപ്പ് അടക്കം നിര്‍ണായക ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോള്‍ വിശ്വസ്തനായ വിനോദ് കുമാറിന്റെ കൊഴിഞ്ഞുപോക്ക് നഷ്ടമാകും എന്നാണ് വിലയിരുത്തല്‍. നേരത്തെ ഇന്ത്യാന സര്‍വ്വകലാശാല സൗത്ത് ബെന്‍ഡില്‍ ക്രിമിനല്‍ ജസ്റ്റിസ് വിഭാഗം അസി. പ്രഫസറായി വിനോദ് കുമാര്‍ സേവനം ചെയ്തിരുന്നു. 2013ല്‍ ഇദേഹത്തിന്റെ പബ്ലിക്ക് ഈവന്റ്‌സ് ആന്‍ഡ് പോലീസ് റെസ്‌പോണ്‍സ് എന്ന പുസ്തകം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയത് റിക്കാര്‍ഡ് വില്‍പ്പന നേടിയിരുന്നു.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യാഗസ്ഥരില്‍ ഒരാളായി മാറിയത് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. വീണ്ടും ഇടതു സര്‍ക്കാര്‍ തന്നെ തിരിച്ചു വരുമെന്ന് സീറ്റു കണക്ക് സഹിതം കൃത്യമായ വിലയിരുത്തല്‍ നടത്തിയിരുന്നു. ഇന്റലിജന്‍സ് മേധാവി എന്ന നിലയില്‍ ഇതടക്കം നിരവധി ഇടപെടലുകളിലൂടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് വല്ലാതെ പഴികേട്ട പോലീസ് ഭരണം ഭേദപ്പെട്ട നിലയിലെത്തിക്കാന്‍ വിനോദ് കുമാറിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്. ഇങ്ങനെയല്ലാം വിശ്വസ്തനായ ഒരാളെ കൈവിടാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് നിര്‍ണായക ചോദ്യം. എന്നാല്‍ തനിക്ക് ഇഷ്ടമുള്ള വിഷയത്തില്‍ അധ്യാപനം നടത്താന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിജിലന്‍സിന്റെ പ്രവര്‍ത്തനം കഴിഞ്ഞ കുറെ നാളുകളായി മന്ദഗതിയിലായിരുന്നു. ഏത് സര്‍ക്കാര്‍ വന്നാലുംഇതു തന്നെയാണ് സ്ഥിതി. വിജിലന്‍സ് വകുപ്പ് കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ചത് കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസിലാണ്. ഇക്കാലത്ത് രമേശ് ചെന്നിത്തലയായിരുന്നു ധനമന്ത്രി. മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ബാര്‍ക്കോഴ കേസ് അന്വേഷിച്ചത്. കെ.എം. മാണിയെ കുരുക്കുകയായിരുന്നു ലക്ഷ്യം. ഇക്കാലത്ത് വിജിലന്‍സ് നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് കെ.എം. മാണിക്ക് രാജി വയ്‌ക്കേണ്ടി വന്നത്. ഇതിന് മുമ്പോ ശേഷമോ ഇത്രയും ക്രീയാത്മകമായി വിജിലന്‍സ് ഇടപെട്ടിട്ടില്ല.
ഇടതു മുന്നണി സര്‍ക്കാരിലെ വിവിധ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടുള്ളപ്പോഴെക്കെ അവ ഒതുക്കാനാണ് വിജിലന്‍സ് ശ്രമിച്ചിട്ടുള്ളത്. ഭരിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഭരണാധികാരികളുടെ പിന്തുണ കൂടിയേ തീരൂ. ഇന്നത്തെ സാഹചര്യത്തില്‍ അത് കിട്ടുക അത്ര എളുപ്പമല്ല. കാരണം വിജിലന്‍സ് സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണ്. അതില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ വിജിലന്‍സ്മമന്ത്രി മുഖ്യമന്ത്രിയാണ്. അദ്ദേഹം തീരുമാനിക്കുന്നത് പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളു.2022 ലാണ് സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കുറവാണ്. ഇതിന് പ്രധാനകാരണം ജീവനക്കാരുടെ കുറവാണ്.
https://www.facebook.com/Malayalivartha






















