ഭക്ഷ്യവിഷബാധയേറ്റ് യുവാവിന് മരണംസംഭവിച്ചെന്ന് സംശയം... മരണകാരണം അറിയാന്‍ വിദഗ്ദ്ധ പരിശോധനാ ഫലം വന്നാലേ സാധിക്കൂ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കാക്കനാട്ട് ഭക്ഷ്യവിഷബാധയേറ്റ് മരണംസംഭവിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍ (24) ഇന്ന് ഉച്ചകഴിഞ്ഞ് 2.55നാണ് മരണത്തിന് കീഴടങ്ങിയത്. അണുബാധയെ തുടര്‍ന്ന് യുവാവിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് രാഹുലിനെ ചികിത്സിച്ചത്. മരണകാരണം അറിയാന്‍ വിദഗ്ദ്ധ പരിശോധനാ ഫലം വന്നാലേ സാധിക്കൂ എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. രാഹുലിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.
ഗുരുതരാവസ്ഥയില്‍ ശനിയാഴ്ചയാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ രാഹുല്‍ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. പിന്നാലെ ഹൃദയാഘാതം സംഭവിച്ചു. ഇതിന്പിന്നാലെ വൃക്ക തകരാറിലായി. ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സെപ്റ്റിക് ഷോക്ക് ഉണ്ടായതോടെ മരണമടഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാക്കനാട് വ്യവസായമേഖലയിലെ എസ് എഫ് ഒ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു രാഹുല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഷവര്‍മ്മ വരുത്തിച്ച് കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ രാഹുല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൂടി കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ സുഹൃത്തുക്കള്‍ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗത്തെ ഫോണിലൂടെ പരാതി അറിയിച്ചിരുന്നു. ഷവര്‍മ്മ വാങ്ങിയ കാക്കനാട്ടെ 'ലെ ഹയാത്ത് ' ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു.
https://www.facebook.com/Malayalivartha






















