സ്കൂളുകാരെ കടക്ക് പുറത്ത്... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഒരു രീതിയിലും നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന ഡ്രൈവിംഗ് സ്കൂളുകാര്‍ക്ക് പണി നല്കാന് മോട്ടോര്‍ വാഹന വകുപ്പ്; ഇന്നുമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ്; പ്രതിഷേധം കനത്താല്‍ നേരിടാന്‍ പൊലീസ്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഒരു രീതിയിലും നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന ഡ്രൈവിംഗ് സ്കൂളുകാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതല്‍ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം.
സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഇന്ന് സംഘര്‍ഷത്തിന് സാധ്യതയുണ്ട്. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താന്‍ സാധ്യതയില്ല. മോട്ടോര്‍ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളില്‍ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ.
കെ എസ് ആര് ടി സിയുടെ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതില്‍ ഡ്രൈവിഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. പരിഷ്കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം. അതേസമയം പ്രതിഷേധം എത്രത്തോളം കനക്കുമെന്നതാണ് കണ്ടറിയാനുള്ളത്.
9.45 ലക്ഷം അപേക്ഷകരാണുള്ളത്. ഇവരില്‍ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. കഴിഞ്ഞ നാല് ദിവസം മാത്രം 10,320 പേര്‍ക്ക് ടെസ്റ്റ് മുടങ്ങി. ഡ്രൈവിംഗ് സ്കൂള്‍ സംയുക്ത സമിതി സമരം തുടരുകയാണ്. പരിഹാരം കാണേണ്ട ഗതാഗത മന്ത്രി കെ.ബി.ഗണേശ്കുമാര്‍ ഇന്തോനേഷ്യയില്‍ ടൂറിലാണ്.
ഒരാഴ്ചയ്ക്കുശേഷമേ മടങ്ങിയെത്തൂ.ആകെ 86 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ്. ഏപ്രില്‍ വരെ പ്രതിദിനം 100 ടെസ്റ്റ് നടന്നിരുന്നു. എന്നാല്‍ മേയ് 2 മുതല്‍ ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറച്ചു. ഇതോടെ സമരമായി. തുടര്‍ന്ന് എണ്ണം ദിവസം നാല്പതാക്കി. പക്ഷേ, അറുപതാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരം പിന്‍വലിച്ചാലും മുന്‍കൂര്‍ സ്ലോട്ട് നല്കിയതിനാല് ടെസ്റ്റ് മുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണം.
ആറു മാസമാണ് ലേണേഴ്സിന്റെ സമയപരിധി. ലേണേഴ്സ് ലഭിച്ച് ഒരു മാസത്തിന് ശേഷം ടെസ്റ്റിന് ഹാജരാകാം. ലേണേഴ്സിന് 1450 രൂപയാണ് ഫീസ്. ആറുമാസ പരിധി കഴിഞ്ഞാല്‍ വീണ്ടും 300 അടച്ച് ലേണേഴ്സ് പുതുക്കണം.
കഴിഞ്ഞ ദിവസം പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെസ്റ്റിംഗ് കേന്ദ്രങ്ങക്ക് മുമ്പില്‍ സമരക്കാര്‍ പ്രതിഷേധിച്ചു. മുടങ്ങുമെന്നുറപ്പുള്ളതിനാല് ടെസ്റ്റിന് ഭൂരിഭാഗവും എത്തിയില്ല. എത്തിയ ഇടങ്ങളില്‍, ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം വിട്ടുകൊടുക്കാത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. തിരുവനന്തപുരം മുട്ടത്തറയില്‍ സ്വന്തം വാഹനവുമായി രണ്ടുപേര്‍ ടെസ്റ്റിനെത്തി. പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് ഗ്രൗണ്ടിലേക്ക് കയറ്റി. എന്നാല്‍, സ്ളോട്ട് റദ്ദായതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാനായില്ല.
റോഡ് ടെസ്റ്റിന് ശേഷം മതി ഗ്രൗണ്ടിലെ ടെസ്റ്റുകള്‍ എന്ന് പുതിയ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തി. ടെസ്റ്റ് വാഹനത്തില്‍ രണ്ടാമത്തെ ക്ളച്ചും ബ്രേക്കും പാടില്ലെന്ന നിര്‍ദ്ദേശം മൂന്നുമാസത്തേക്ക് നടപ്പാക്കില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്നതും ആറുമാസത്തേക്ക് നീട്ടി. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ അന്നേദിവസം ഫിറ്റ്നസ് ടെസ്റ്റിന് പോകാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ല
https://www.facebook.com/Malayalivartha